/sathyam/media/post_attachments/Jjlpp7h28QcxJZTY7Scw.jpg)
തിരുവനന്തപുരം: കെ-റെയിലിനെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക്. കെപിസിസി പ്രസിഡന്റ് കെ. സുധാകരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കെ റെയില്‍വേണ്ട കേരളം മതി എന്ന മുദ്രാവാക്യമാണ് ഇനി കേരളത്തില്‍ അലയടിക്കാന്‍ പോകുന്നത്. ഏറ്റവും വലിയ പ്രക്ഷോഭമാണ് കേരളം കാണാന്‍ പോകുന്നത്. ഭൂമി നഷ്ടപ്പെടുന്നവരേക്കാള്‍ കെ റെയില്‍ പോകുന്നതിന്റെ രണ്ട് വശത്തും താമസിക്കുന്നവര്‍ക്കാണ് വലിയ പ്രശ്‌നങ്ങള്‍ വരാന്‍ പോകുന്നതെന്നും സുധാകരന്‍ പറഞ്ഞു.
അതിന്റെ ഗുരുതരമായ പ്രത്യാഘാതം എന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ആയിരം പൊതുയോഗങ്ങള്‍ സംഘടിപ്പിക്കും. ജനങ്ങളെ ബോധവത്കരിക്കുന്നതിന് സെമിനാറുകളും സംഘടിപ്പിക്കും. പ്രശസ്തരായ പരിസ്ഥിതി പ്രവര്‍ത്തകരേയും സാമൂഹ്യ-സംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇ. ശ്രീധരനെ പോലുള്ളവരേയും പങ്കെടുപ്പിച്ചുള്ളതാകും സെമിനാര്‍. ആദ്യത്തെ ഒരു മാസം ഇത്തരത്തില്‍ ബോധവത്കരണമാകും നടത്തുക. ഇതിന് ശേഷം കളക്ടറേറ്റുകളിലേക്ക് ബഹുജന മാര്‍ച്ചുകള്‍ നടത്താനാണ് തീരുമാനമെന്നും സുധാകരന്‍ വ്യക്തമാക്കി.
ഏറ്റവും വലിയ പ്രക്ഷോഭമാണ് കേരളം കാണാന്‍ പോകുന്നത്. കെ റെയിലിനെതിരെ സമരരംഗത്തുള്ള ബി.ജെ.പിയെ വിശ്വാസത്തിലെടുക്കാനാകില്ല. കെ റെയിലിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കില്ലെന്ന് എഴുന്നേറ്റ് നിന്ന് പറയാന്‍ കെ. സുരേന്ദ്രനും കൂട്ടർക്കും ധൈര്യമുണ്ടോ എന്ന് താന്‍ വെല്ലുവിളിക്കുന്നുവെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു.