ഇന്ന് ലോകമാതൃഭാഷാ ദിനം. എന്താണ് ഇങ്ങനെ ഒരു ദിനം ആചരിക്കുന്നതെന്നു അറിയാമോ? ലോകത്ത് ഉള്ള ജനങ്ങൾ വ്യത്യസ്തമായ ഭാഷകൾ സംസാരിക്കുമ്പോൾ ലോക മാതൃഭാഷാ എന്ന പ്രയോഗത്തിന്റെ സാധ്യത എന്താണ്? ലോകത്തിനാകെ ഒരു മാതൃഭാഷയില്ല. എന്നാൽ ഫെബ്രുവരി 21 നമ്മൾ ആഘോഷിക്കുന്നത് ലോകമാതൃഭാഷാ ദിനമായിട്ടാണ്.
ലോകത്തിലെ മുഴുവന്‍ ജനവിഭാഗങ്ങളും അവരുടെ മാതൃഭാഷയെക്കുറിച്ചു ചിന്തിക്കുന്ന, ഇതര ഭാഷകളെ സ്‌നേഹത്തോടെയും ബഹുമാനത്തോടെയും കാണുന്ന ഒരു ദിനമാണ് ലോകമാതൃഭാഷാ ദിനം എന്ന് പറയാം. രണ്ടായിരമാണ്ടിലാണ് ഐക്യരാഷ്ട്രസഭ ഫെബ്രുവരി 21 ലോകമാതൃഭാഷാ ദിനമായി പ്രഖ്യാപിക്കുകയും അംഗീകരിക്കുകയും ചെയ്തത്.
1952-ല്‍ കിഴക്കന്‍ പാക്കിസ്ഥാനില്‍ ഉര്‍ദു ഭരണഭാഷയായി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ നടന്ന കലാപത്തില്‍ ധാക്ക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ രക്തസാക്ഷിത്വം വരിച്ച ദിനമാണ് ഫെബ്രുവരി 21. പാക്കിസ്ഥാന്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ത്തന്നെ ഉര്‍ദു ഏക ഔദ്യോഗികഭാഷയായി പ്രഖ്യാപിക്കപ്പെട്ടു. അപ്പോള്‍ത്തന്നെ എതിര്‍പ്പുകളും അവിടെ ഉയര്‍ന്നുവന്നിരുന്നു.
ബംഗാളി മാതൃഭാഷയായ ജനതയാണ് കിഴക്കന്‍ പാക്കിസ്ഥാനില്‍, അതായതു ഇന്നത്തെ ബംഗ്ലാദേശ്ശിൽ കൂടുതലും. അവരാണ് തങ്ങളുടെ ഭാഷയ്ക്കുവേണ്ടി ശബ്ദമുയര്‍ത്തിയത്. മാതൃഭാഷയായ ബംഗാളിക്കുവേണ്ടി അവര്‍ ആരംഭിച്ച പ്രക്ഷോഭത്തെ വെടിയുണ്ടകൾ കൊണ്ട് നേരിട്ട ഭരണകർത്താക്കൾ. 1952 ഫെബ്രുവരി 21-നും പിറ്റേന്നുമായി പലവട്ടം വെടിവെപ്പു നടന്നു. നിരവധിപേര്‍ ഇതിൽ കൊല്ലപ്പെട്ടു.
ബംഗ്ലാദേശിൽനിന്നാണ് മാതൃഭാഷാ ദിനം ആചരിക്കാനുള്ള ആശയം യുനസ്‌ക്കോയ്‌ക്ക് മുന്നിലെത്തിയത്. ബംഗ്ലായെ ഒരു ഭാഷയായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശികൾ നടത്തിയ പോരാട്ടത്തിന്റെ വാർഷികമാണ് ഫെബ്രുവരി 21. അതിനാൽത്തന്നെ മാതൃഭാഷാ ദിനം ആചരിക്കുന്നതിനായി ഈ ദിവസത്തെ യുഎൻ തെരഞ്ഞെടുക്കുകയായിരുന്നു.
ലോക മാതൃഭാഷ ദിനത്തിൽ വിദ്യാലയങ്ങളിൽ മാതൃഭാഷാ പ്രതിജ്ഞയെടുക്കുന്നുണ്ട്. മലയാളത്തിന്റെ ശക്തിയും സൗന്ദര്യവും സാധ്യതകളും ഉൾക്കൊണ്ട് വളരാൻ കുട്ടികളെ ഈ പ്രതിജ്ഞ പ്രേരിപ്പിക്കുന്നു. ഇന്നത്തെ തലമുറ മാതൃഭാഷയെ മറക്കാതിരിക്കാൻ, മാതൃഭാഷയെ സ്‌നേഹിക്കാൻ ആരംഭിക്കണം. അങ്ങനെ ഭാഷാസ്‌നേഹത്തിലും, അഭിമാനത്തിലുമൂന്നിയ ഒരു സംസ്‌കാരം ഓരോ മലയാളിയും ചേർന്ന് വികസിപ്പിച്ചെടുക്കണം.