പ്രതികള്‍ക്കെതിരെ കടുപ്പിച്ചൊരു വാക്ക് പറയാന്‍ പോലും കഴിയാത്തവരാണോ സിപിഎം, ഡിഫി നേതാക്കള്‍? യുവ മന്ത്രിമാര്‍? എല്ലാവരും പിണറായി വിജയന് പഠിക്കുകയാണോ? വിമര്‍ശനവുമായി വി.ടി. ബല്‍റാം

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

publive-image

Advertisment

പാലക്കാട്: തലശ്ശേരിയില്‍ സി.പി.എം. പ്രവര്‍ത്തകന്‍ ഹരിദാസനെ വെട്ടിക്കൊന്ന സംഭവത്തിലെ പ്രതികള്‍ക്കെതിരെ കടുപ്പിച്ചൊരു വാക്കുപോലും പറയാന്‍ കഴിയാത്തവരാണോ സി.പി.എം., ഡി,വൈ.എഫ്.ഐ. നേതാക്കളും യുവമന്ത്രിമാരുമെന്ന് മുന്‍ എം.എല്‍.എ. വി.ടി. ബല്‍റാം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ബല്‍റാമിന്റെ വിമര്‍ശനം.

ഫേസ്ബുക്ക് പോസ്റ്റ്...

"തലശ്ശേരി പുന്നോലിലെ സിപിഐ(എം) പ്രവർത്തകനും മത്സ്യത്തൊഴിലാളിയുമായ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തി" കൂട്ടത്തിലൊരു അന്ത്യാഭിവാദ്യങ്ങളും. കഴിഞ്ഞു!

ആര് വെട്ടിക്കൊലപ്പെടുത്തി?
അവർക്കുള്ള പ്രേരണയെന്ത്?
പ്രതികളുടെ രാഷ്ട്രീയമെന്ത്?

കേസും വിചാരണയും വിധിയുമൊക്കെ പിന്നാലെ വന്നോട്ടെ, പോലീസ് എഫ്ഐആറിൽ ഉള്ള വിവരത്തിന്റെയോ പ്രാദേശിക പാർട്ടി നേതാക്കൾ നൽകുന്ന വിവരത്തിന്റെയെങ്കിലുമോ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ കടുപ്പിച്ചൊരു വാക്ക് പറയാൻ പോലും കഴിയാത്തവരാണോ സിപിഎം, ഡിഫി നേതാക്കൾ? യുവ മന്ത്രിമാർ? എല്ലാവരും പിണറായി വിജയന് പഠിക്കുകയാണോ?

ഏതെങ്കിലും കോൺഗ്രസ് നേതാവാണ് പ്രതിഷേധക്കുറിപ്പിൽ ഇങ്ങനെയുള്ള വാക്കുകൾ ഉപയോഗിച്ചതെന്ന് വെക്കുക, അതല്ലെങ്കിൽ മനോരമ അടക്കമുള്ള ഏതെങ്കിലും മാധ്യമത്തിന്റെ വാർത്താ തലക്കെട്ടാണ് ഇങ്ങനെയായതെന്ന് വെക്കുക, എന്തായിരിക്കും ഇവിടെ പുകില്!

പ്രതികളുടെ രാഷ്ട്രീയം പറഞ്ഞില്ല, പറഞ്ഞെങ്കിൽത്തന്നെ അതിന് ശക്തി പോരാ, വാക്കുകൾക്ക് ആവശ്യത്തിന് ക്വിന്റൽ തൂക്കമില്ല, കുത്തും കോമയും ശരിയല്ല, സിപിഎം ബുദ്ധിജീവികളുടേയും സൈബർ വെട്ടുകിളികളുടേയും തെറിവിളി ആറാട്ടായിരിക്കും ഇവിടം മുഴുവൻ.

ഇപ്പോഴിതാ ആളുമില്ല, അനക്കവുമില്ല. പ്രതിഷേധമില്ല, പ്രകോപനവുമില്ല. പ്രതികളുടെ പാർട്ടിയുടെ നാടു നീളെയുള്ള ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും പൂർണ്ണ സുരക്ഷിതത്വം. നല്ല കാര്യം, കേരളം കുരുതിക്കളമാകാതിരിക്കട്ടെ, ക്രമസമാധാനം ഭദ്രമായിരിക്കട്ടെ, മനുഷ്യർ സ്വൈര്യമായിരിക്കട്ടെ.

ഏതായാലും വാക്കുകൾ മയപ്പെടുത്തി അമിത് ഷായുടെ പ്രീതി പിടിച്ചുപറ്റാനുള്ള ഗതികേട് നമുക്കാർക്കും ഇല്ലാത്തത് കൊണ്ട് കൃത്യമായിത്തന്നെ പറയട്ടെ;

സംഘ് പരിവാർ ഭീകരവാദികൾ, ഇന്ത്യൻ ഫാഷിസ്റ്റുകൾ, ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ മത്സ്യത്തൊഴിലാളി യുവാവ് ഹരിദാസന് ആദരാഞ്ജലികൾ. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കുചേരുന്നു.

Advertisment