/sathyam/media/post_attachments/cWxxlLKxXjieMvbcPXYb.jpg)
ആലപ്പുഴ: വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ യു പ്രതിഭ എംഎൽഎയോട് സിപിഎം വിശദീകരണം തേടും. എംഎല്‍എയുടെ ആരോപണം വസ്തുതാ വിരുദ്ധവും സംഘടനാ വിരുദ്ധവുമെന്ന് ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞു. പരാതി പറയേണ്ടത് പാർട്ടി ഫോറത്തിലാണെന്നും തോൽപ്പിക്കാൻ ശ്രമിച്ചു എന്ന ആരോപണം എംഎല്‍എ ഒരിടത്തും ഉന്നയിച്ചിട്ടില്ലെന്നും ആര്‍ നാസര്‍ വിശദീകരിച്ചു.
കമ്മറ്റികളെക്കുറിച്ചോ സഖാക്കളെക്കുറിച്ചോ എന്തെങ്കിലും വിമര്‍ശനം ഉണ്ടെങ്കില്‍ അവര്‍ ഉന്നയിക്കേണ്ടത് പാര്‍ട്ടിയിലാണ്. പാര്‍ട്ടിയില്‍ ഇതുവരെ ഉന്നയിക്കാത്ത ഒരുകാര്യം പരസ്യമായി ഫേസ്ബുക്കിലൂടെ ജനങ്ങളെ അറിയിച്ചിരിക്കുകയാണ്. അത് തികച്ചും സംഘടനാവിരുദ്ധമാണ്. ഇക്കാര്യത്തില്‍ വിശദീകരണം ചോദിക്കും. വിശദീകരണം ലഭിക്കുന്ന മുറത്ത് ഉചിതമായ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
2016ലെ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ കൂടുതൽ വോട്ടു കിട്ടിയാൽ ചോർച്ച ഉണ്ടാകുമോയെന്ന് ഏരിയ സെക്രട്ടറി അരവിന്ദാക്ഷൻ ചോദിച്ചു. പാർട്ടിയുടെ കണക്ക് അനുസരിച്ച് ചോർച്ചയില്ല. 2016ൽ യു.പ്രതിഭയ്ക്ക് 72,956 വോട്ട് കിട്ടി. 46.52 ശതമാനം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ട് 77,348 ആയി വര്‍ധിച്ചു. 47.96 ശതമാനം. ഇത് വർധനയായാണ് പാർട്ടിക്കു തോന്നുന്നത്, ചോർച്ചയായി തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.