/sathyam/media/post_attachments/oTAVZUmdtD8GcHUYV0ql.jpg)
തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ മഞ്ഞുരുകുന്നു. പുനസംഘടന സംബന്ധിച്ച വിഷയങ്ങളിൽ കൂടുതൽ ചർച്ചകൾ വരും ദിവസങ്ങളിൽ നടക്കും. അഞ്ചു ദിവസത്തിനുള്ളിൽ കെ പി സി സി സെക്രട്ടറിമാർ, ഡിസിസി ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡൻ്റുമാർ എന്നിവരുടെ പട്ടിക പുറത്തുവിടാനാണ് നിലവിലെ ധാരണ.
കെ പി സി സി പ്രസിഡന്റ് കെ. സുധാകരനുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും എം എൽ എ മാരും നേതാക്കളും നടത്തിയ ചർച്ചയിലാണ് നിലപാട് തിരുത്താൻ സുധാകരൻ സമ്മതിച്ചത്. ഇപ്പോൾ തയ്യാറാക്കിയ കരട് പട്ടികയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താമെന്ന് പ്രസിഡൻ്റ് സമ്മതിച്ചിട്ടുണ്ട്. നിലവിൽ തയ്യാറാക്കിയ പട്ടികയിലുള്ള ചിലരെ ഒഴിവാക്കും.
കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ പട്ടികയിലാണ് കൂടുതൽ തർക്കമുണ്ടായിരുന്നത്. ഇവിടങ്ങളിൽ ഉൾപ്പെടെ പട്ടികയിൽ ഇടം പിടിച്ച ചിലരെ ചൊല്ലിയാണ് പട്ടിക നീണ്ടത്. കഴിഞ്ഞ കുറച്ചു നാളായി പാർട്ടിയിൽ സജീവമല്ലാതിരുന്ന ചിലർപോലും പ്രധാന നേതാക്കളെ വെട്ടി പുനസംഘടനയിൽ ഇടം പിടിച്ചിരുന്നു.
ഇവരെ ഒഴിവാക്കാൻ സുധാകരൻ സമ്മതിച്ചു. ചിലയിടങ്ങളിൽ എം പിമാർ നിർദേശിച്ച ചിലരെക്കൂടി പട്ടികയിൽ ഉൾപ്പെടുത്തും. ഈ പേരുകൾ രണ്ടു ദിവസത്തിനകം കെ പി സി സിക്ക് കൈമാറും.
എല്ലാവരും ഒരുമിച്ച് പോകണമെന്ന ഹൈക്കമാൻഡ് നിർദേശം പാലിക്കണമെന്ന് നേതൃത്വം തത്വത്തിൽ അംഗീകരിച്ചു. തർക്കങ്ങൾ നിലവിലെ ദുർബലമായ സ്ഥിതിയിൽ പാർട്ടിയെ കൂടുതൽ തകർക്കുമെന്ന വിലയിരുത്തൽ എല്ലാവർക്കും ഉണ്ട്. ഗ്രൂപ്പുകളുടെ അവകാശവാദത്തിനും അർഹമായ പ്രാതിനിധ്യം നൽകും.