/sathyam/media/post_attachments/iSwiNIH64Y956wW3znmm.jpg)
കൊച്ചി: ഡ്രൈവറില്ലാതെ ഒരു സ്കൂൾ ബസ് ഇറക്കത്തിലേക്ക് നീങ്ങിയപ്പോൾ രക്ഷകനായത് ഒരു അഞ്ചാം ക്ലാസുകാരന്‍. ശ്രീമൂലനഗരം അകവൂര്‍ സ്‌കൂളിലെ വിദ്യാര്‍ഥി ആദിത്യന്‍ രാജേഷാണ് സഹപാഠികള്‍ക്ക് മുന്നില്‍ ഹീറോ ആയത്.
ഡ്രൈവർ ഇല്ലാതെ ബസ് തനിയെ മുന്നോട്ടു നീങ്ങിയപ്പോൾ ആദിത്യൻ ഡ്രൈവറുടെ സീറ്റിൽ ചാടിക്കയറിയിരുന്നു ബ്രേക്ക് ചവിട്ടി ബസ് നിർത്തുകയായിരുന്നു. ഈ സമയം ബസിൽ നിറയെ വിദ്യാർഥികളുണ്ടായിരുന്നു. സ്കൂളിന്റെ മുന്നിലുള്ള റോഡിലാണു സംഭവം.
തിങ്കളാഴ്ച വൈകിട്ടാണ് സംഭവം നടക്കുന്നത്. വിദ്യാർഥികൾ നിർത്തിയിട്ടിരുന്ന ബസിൽ കയറിയപ്പോഴാണ് സംഭവം. ഇറക്കമുള്ള ഭാഗത്തായിരുന്നു ബസ് നിര്‍ത്തിയിട്ടിരുന്നത്. ഡ്രൈവർ ബസിലുണ്ടായിരുന്നില്ല. വിദ്യാർഥികൾ ബസിൽ കയറിയതിന് പിന്നാലെ ബസ് തനിയെ നീങ്ങാൻ തുടങ്ങി. ഇത് കണ്ട് കുട്ടികൾ നിലവിളിച്ചു. ചിലർ വണ്ടിയിൽ നിന്ന് ചാടിയിറങ്ങുകയും ചെയ്തു.
അപകടം തിരിച്ചറിഞ്ഞ ആദിത്യന്‍ പകച്ചുനില്‍ക്കാതെ വേഗത്തില്‍ ഇടപെടുകയായിരുന്നു. വേഗം കൂടിയതോടെ ആദിത്യന്‍ ഡ്രൈവര്‍സീറ്റിലെത്തി ബസ് ബ്രേക്ക് ചവിട്ടി നിര്‍ത്തി. ആദിത്യന്റെ അമ്മാവൻ ടോറസ് ലോറി ഡ്രൈവറാണ്. ഇടയ്ക്ക് അമ്മാവന്റെ കൂടെ ആദിത്യൻ ലോറിയിൽ പോകാറുണ്ട്. അതിനാൽ ഡ്രൈവിങ് സംവിധാനത്തെക്കുറിച്ച് ആദിത്യന് അറിയാം. ശ്രീഭൂതപുരം വാരിശ്ശേരി രാജേഷിന്റെയും മീരയുടേയും മകനാണ്.