യുക്രൈനില്‍ നിന്ന് രാജ്യത്തെത്തിയവരില്‍ 652 മലയാളികളെ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരളത്തിലേക്ക് കൊണ്ടുവന്നതായി മുഖ്യമന്ത്രി; ഇന്ന് മാത്രം എത്തിയത് 295 പേര്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം: യുക്രൈയിനിൽനിന്ന് 'ഓപ്പറേഷൻ ഗംഗ'യുടെ ഭാഗമായി ഇതുവരെ രാജ്യത്തേക്കെത്തിയവരിൽ 652 മലയാളികളെ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കേരളത്തിലേക്കു കൊണ്ടുവരാൻ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നു മാത്രം 295 പേരെ കേരളത്തിലേക്കു കൊണ്ടുവരാനായിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Advertisment

ഇന്നു മൂന്ന് ചാർട്ടേഡ് വിമാനങ്ങളാണ് ഡൽഹിയിൽനിന്ന് ഒരുക്കിയത്. എന്നാൽ യാത്രക്കാരുടെ എണ്ണം കുറവായിരുന്നതിനാൽ ഒരു ഫ്ലൈറ്റ് റദ്ദാക്കി. ഇതിൽ ആദ്യത്തെ ഫ്ലൈറ്റ് വൈകിട്ട് 4:50ന് നെടുമ്പാശേരിയിൽ എത്തി. 166 വിദ്യാർത്ഥികൾ ഈ വിമാനത്തിൽ ഉണ്ടായിരുന്നു.

ഇവരെ സ്വദേശങ്ങളിലെത്തിക്കാൻ നോർക്ക റൂട്ട്‌സിന്റെ നേതൃത്വത്തിൽ വിമാനത്താവളത്തിൽനിന്ന് കാസർഗോഡേക്കും തിരുവനന്തപുരത്തേക്കും പ്രത്യേക ബസുകൾ സജ്ജമാക്കിയിരുന്നു. ഡൽഹിയിൽനിന്നുള്ള രണ്ടാമത്തെ ചാർട്ടേഡ് ഫ്ലൈറ്റ് രാത്രി 9.30ന് കൊച്ചിയിൽ എത്തി. ഇതിൽ 102 യാത്രക്കാർ ഉണ്ട്. ഇവരെയും പ്രത്യേക ബസുകളിൽ സ്വദേശങ്ങളിലെത്തിക്കും. മറ്റു ഫ്ലൈറ്റുകളിലായി 12 പേരും ഡെൽഹിയിൽ നിന്നും നാട്ടിലെത്തി.
മുംബൈയിൽ എത്തിയ 15 യാത്രക്കാർ ഇന്ന് നാട്ടിലെത്തി. കേരളത്തിലേക്കുള്ള ഫ്ലൈറ്റുകളിലെ ടിക്കറ്റ് ലഭ്യതയനുസരിച്ചാണു മുംബൈയിൽനിന്ന് മലയാളി വിദ്യാർത്ഥികളെ കൊണ്ടുവരുന്നത്.

യുക്രൈയിനിൽനിന്നെത്തുന്നവരുടെ ശാരീരിക, മാനസിക പ്രശ്‌നങ്ങൾ പരിശോധിക്കുന്നതിനായി ആരോഗ്യ വകുപ്പ് മെഡിക്കൽ കോളജുകളിൽ പ്രത്യേക ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുള്ളവർക്ക് മെഡിക്കൽ കോളജുകളിലെ കൺട്രോൾ റൂമിൽ ബന്ധപ്പെടാം. കൺട്രോൾ റൂമുകളിൽ ഇതു സംബന്ധിച്ച പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ എയർപോർട്ടുകളിൽ ആരോഗ്യ വകുപ്പിന്റെ ഹെൽപ്പ് ഡെസ്‌കുകളും ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisment