ഞാൻ നിരപരാധിയാണ്. എന്റെ നിരപരാധിത്വം ഞാൻ കോടതിയിൽ തെളിയിക്കും; ജാമ്യത്തിലിറങ്ങിയ വിസ്മയ കേസിലെ പ്രതി കിരൺ കുമാറിന് പറയാനുള്ളത്

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

കൊല്ലം: കേരളത്തെ ഞെട്ടിച്ച വിസ്മയ കേസിൽ താൻ നിരപരാധിയാണെന്ന് പ്രതി കിരണ്‍ കുമാര്‍. കേസ് കെട്ടിച്ചമച്ചത് ആണെന്നും തനിക്ക് യാതൊരു പങ്കുമില്ലെന്നും കിരൺ ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു. കേസിൽ, ജാമ്യത്തിലിറങ്ങിയ ശേഷം പ്രതികരിക്കുകയായിരുന്നു കിരൺ. കോടതിയില്‍ തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ കൂടുതല്‍ വെളിപ്പെടുത്താനാവില്ല എന്നും കിരൺ വ്യക്തമാക്കി.

Advertisment

‘പുറത്തുവരുന്ന വാര്‍ത്തകള്‍ എല്ലാം കെട്ടിച്ചമച്ചതാണ്. ഞാൻ നിരപരാധിയാണ്. സ്ത്രീധനത്തെ ചൊല്ലി വഴക്കുണ്ടായിട്ടില്ല. എന്റെ നിരപരാധിത്വം ഞാൻ കോടതിയിൽ തെളിയിക്കും. ഞാൻ ഇന്നസെന്റ് ആണ്. കേസ് നടന്നു കൊണ്ടിരിക്കുകയാണ്. സ്ത്രീധന പീഡനമോ അതിനെ കുറിച്ച് എന്തെങ്കിലും സംസാരമോ ഒന്നും ഉണ്ടായിട്ടില്ല’, കിരൺ പറയുന്നു.

രണ്ട് ദിവസം മുമ്പ് ആണ് കിരണ്‍ കുമാറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിൽ, ഇനിയും കസ്റ്റഡിയില്‍ തുടരേണ്ട കാര്യമില്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ജസ്റ്റിസ് സഞ്ജയ് കൗള്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് കിരണ്‍ കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

കഴിഞ്ഞ ജൂണ്‍ 21നാണ് ഭര്‍തൃഗൃഹത്തിലെ ടോയ്ലറ്റില്‍ വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിസ്മയയുടെ ആത്മഹത്യയ്ക്ക് പിന്നാലെ, കിരണിനെ ഉടൻ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്ത്രീധന പീഡനം കൊണ്ടുള്ള മരണം, സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ, പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കിരണ്‍ കുമാറിനെതിരെ ചുമത്തിയിട്ടുള്ളത്.

Advertisment