വിവാഹവാഗ്ദാനം നല്‍കി ഒരുമിച്ചുതാമസിച്ചശേഷം യുവതിയെയും കുഞ്ഞിനെയും ഉപേക്ഷിച്ചയാള്‍ പാലായില്‍ പിടിയില്‍

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: വിവാഹവാഗ്ദാനം നൽകി മൂന്നുവർഷം ഒരുമിച്ച്​ ജീവിച്ചശേഷം യുവതിയെയും കുഞ്ഞിനെയും ഉപേക്ഷിച്ചയാള്‍ പിടിയില്‍. അകലകുന്നം കാഞ്ഞിരമറ്റം പാറയിൽ ഹരികൃഷ്‌ണനെയാണ് (35) പാലാ പൊലീസ് അറസ്റ്റ് ചെയ്‌തത്. പീരുമേട് സ്വദേശിനിയായ യുവതി ഭര്‍ത്താവുമായുള്ള പൊരുത്തക്കേടുകള്‍ മൂലം പിരിഞ്ഞ് താമസിക്കവേ ഹരികൃഷ്ണനുമായി അടുപ്പത്തിലാകുകയായിരുന്നു.

Advertisment

ഇരുവരും മൂന്ന് വർഷം ഒന്നിച്ച് ജീവിച്ചു. ഇതിനിടെ യുവതി ഗർഭിണിയായപ്പോൾ ഹരികൃഷ്ണൻ കൊല്ലം സ്വദേശിനിയുമായി അടുപ്പത്തിലായി. 2022 ജനുവരി മാസത്തിൽ യുവതി പ്രസവിച്ചു. തുടർന്ന് പ്രതി യുവതിയെ ശാരീരികമായും മാനസികമായും ഉപദ്രവിക്കാന്‍ തുടങ്ങി.

ഇതോടെ സി.ഡബ്ല്യു.സിയിൽ പരാതി നൽകിയ യുവതി ആശ്രമത്തിൽ താമസിച്ചു. അവിടെനിന്ന്​ വീണ്ടും വിവാഹം കഴിച്ചുകൊള്ളാമെന്ന ധാരണയിൽ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. പീഡനം തുടർന്നതോടെ പാലാ ഡിവൈ.എസ്.പി ഷാജു ജോസിന് പരാതി നൽകിയിരുന്നു.

പ്രതിയെ ഡിവൈ.എസ്.പി.ഓഫീസില്‍ വിളിച്ചുവെങ്കിലും വരാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് യുവതിയെയും കുഞ്ഞിനെയും തത്കാലത്തേക്ക് കല്ലറ മഹിളാമന്ദിരത്തില്‍ പ്രവേശിപ്പിച്ചു. ഇതറിഞ്ഞ പ്രതി കഴിഞ്ഞ ദിവസം യുവതിയെ വിവാഹം ചെയ്തുകൊള്ളാമെന്ന് കാണിച്ച് വക്കീല്‍ നോട്ടീസ് അയച്ചു. തുടര്‍ന്ന് കൊഴുവനാല്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ യുവതി എത്തിയെങ്കിലും ഇയാള്‍ എത്താതെ ഒളിവില്‍പോയി. തുടര്‍ന്ന് യുവതി വീണ്ടും പോലീസില്‍ പരാതി നല്‍കി. യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയശേഷം ഹരികൃഷ്ണനെ അറസ്റ്റ് ചെയ്‌തു.

എസ്എച്ച്ഒ കെ.പി. ടോംസൺ, എസ്‌ഐ ഷാജി സെബാസ്റ്റ്യൻ, എഎസ്‌ഐ ബിജു കെ.തോമസ്, സീനിയർ സിവിൽ പോലീസ് ഓഫിസർ ഷെറിൻ സ്റ്റീഫൻ, സിവിൽ പോലീസ് ഓഫിസർ സി.രഞ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്

Advertisment