ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പുര്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാകുമ്പോള്‍ എല്ലായിടത്തും കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അശുഭ വാര്‍ത്തകളാണ് പുറത്തുവരുന്നത്. വിജയം പ്രതീക്ഷിച്ച പഞ്ചാബ്, ഗോവ സംസ്ഥാനങ്ങളടക്കം കോണ്‍ഗ്രസിനെ കൈവിട്ടു. തുടര്‍ന്ന് നേതൃത്വത്തിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. വിമര്‍ശനങ്ങള്‍ നേരിടുന്നവരില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപിയടക്കം ഉള്‍പ്പെടുന്നു.
എന്നാല്‍ വേണുഗോപാലിനെ മാത്രം ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നതായും അഭിപ്രായം ഉയരുന്നുണ്ട്. ഗോവയില്‍ ചിദംബരവും, യുപിയില്‍ പ്രിയങ്ക ഗാന്ധിയും അടക്കമുള്ള നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിട്ടും പരാജയത്തിന്റെ ഉത്തരവാദിത്തം മുഴുവന്‍ കെ.സി. വേണുഗോപാലിന് നല്‍കുന്നുവെന്ന അഭിപ്രായം നിരവധി പേര്‍ പങ്കുവയ്ക്കുന്നുണ്ട്. അത്തരത്തില്‍ ഷീബ രാമചന്ദ്രന്‍ എന്ന വ്യക്തി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ചുവടെ...
"വിവിധ സംസ്ഥാനങ്ങളിലെ ഇലക്ഷൻ റിസൾട്ട് വരുമ്പോൾ എന്തുകൊണ്ട് കെ.സി വേണുഗോപാൽ മാത്രം ഒറ്റ തിരിഞ്ഞ് ആക്രമിക്കപ്പെടുന്നു. ഈ സംസ്ഥാനങ്ങളിൽ വിജയിച്ചിരുന്നു എങ്കിൽ ആശംസകൾ അറിയിക്കുന്ന പോസ്റ്ററുകളിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പം കെ.സിയുടെ ചിത്രവും ഇന്ന് അദ്ദേഹത്തെ ആക്രമിക്കുന്നവർ വെക്കുമായിരുന്നോ !? ഹിന്ദി ഹൃദയ ഭൂമിയിൽ നിന്ന് ഒരാൾ സംഘടന ചുമതല ഏൽക്കണം എന്ന് പറയുന്നവരോട് എന്താ ഒരു മലയാളി ആയതിൽ പ്രശ്നം ?
1897 ലെ അമരാവതി കോൺഗ്രസ്സ് സമ്മേളനത്തിൽ ചേറ്റൂർ ശങ്കരൻ നായർ കോൺഗ്രസ്സ് അധ്യക്ഷൻ ആയതിനു ശേഷം കെ. കരുണകാരനെ പോലെ പ്രഗത്ഭർ ആയ നേതാക്കൾ ഉണ്ടായിട്ടും എന്തെ ഒരു മലയാളി കോൺഗ്രസ് നേതൃത്വത്തിൽ വന്നില്ല. മലബാറി എന്നും മദ്രാസി എന്നും മുദ്രകുത്തി എഐസിസി ഓഫീസിന്റെ മൂലയിൽ കുത്തിയിരുത്തപ്പെട്ടവർക്കിടയിൽ നിന്നും ആണ് കെ.സി വേണുഗോപാൽ സംഘടന ചുമതല ഉള്ള ജനറൽ സെക്രട്ടറി ആയത്. നാളെയും കേരളത്തിൽ നിന്നുള്ള കോൺഗ്രസ്സ് നേതാക്കൾ കേന്ദ്ര നേതൃത്വത്തിൽ എത്തേണ്ടതുണ്ട്.
പഞ്ചാബിൽ മൊത്തം ഉള്ള 77 എംഎല്‍എമാരിൽ 50 പേര് വന്ന് സോണിയ ഗാന്ധിയെ കണ്ട് ആവശ്യപ്പെട്ടതാണ് അമരീന്ദർ സിങ്ങിനെ മാറ്റണം എന്നത്. ഇന്ന് അവിടെ പരാജയ പെട്ടപ്പോൾ കുറ്റം കെ.സി വേണുഗോപാലിന് മാത്രം ? !! അമരീന്ദർ സിങ് മത്സരിച്ച മണ്ഡലത്തിൽ അദ്ദേഹം നാലാം സ്ഥാനത്തു ആണ് എന്നും ഓർക്കണം.
കോൺഗ്രസ്സിന് ഏറെ വിജയ പ്രതീക്ഷ ഉണ്ടായിരുന്നത് ഗോവയിൽ ആണ് അവിടെ മുതിർന്ന കോൺഗ്രസ്സ് നേതാവ് പി. ചിദംബരത്തെ ആണ് എഐസിസി നേതൃത്വം ചുമതല നൽകിയത് അവിടെ അട്ടിമറികൾ ഉണ്ടാവാൻ സാധ്യത ഉണ്ട് എന്ന് മുന്നിൽ കണ്ട് ഡികെ ശിവകുമാറിനെയും റിസൾട്ടിനു മുൻപ് ഗോവയുടെ കാര്യങ്ങൾ ഏൽപ്പിച്ചു. ഉത്തർ പ്രദേശിൽ പ്രാദേശികമായി പാർട്ടി ദുർബലമായ ഇടത്തു പ്രിയങ്ക ഗാന്ധി മുഴുവൻ പ്രചാരണ പരിപാടികളും ഏറ്റെടുത്ത് - തന്നാൽ കഴിയും വിധം പോരാട്ടം നടത്തി.
ഉത്തരാഖണ്ഡിൽ മുതിർന്ന നേതാക്കളുടെ നിർദേശ പ്രകാരം ഹരീഷ് റാവത്തിനെ മുൻ നിർത്തി ഇലക്ഷൻ നേരിട്ടു. മണിപ്പൂരിൽ പ്രാദേശിക സംഘടന ദൗർബല്യങ്ങളും കൂറുമാറ്റത്തിന് ഇടയിലും പ്രകടനം നടത്താൻ സാധിച്ചു. പക്ഷെ അപ്പോഴും പരാജയത്തിന്റെ ഉത്തരവാദിത്വം മുഴുവനും കെ.സിക്ക് ?!.
സ്വാതന്ത്ര്യനന്തര 75 വർഷത്തിൽ 60 വർഷം ഭരിച്ച പാർട്ടിയിൽ 3 വർഷമായി സംഘടന ചുമതല വഹിക്കുന്ന ആൾ പാർട്ടിയുടെ മൊത്തം തകർച്ചക്കും കാരണം. കൊള്ളാം നല്ല കണ്ടു പിടുത്തം. കഴിവ് കെട്ടവൻ എന്നൊക്കെ കെ.സിയെ വിളിക്കുന്നവർ ഓർക്കുക വയലാറും ചേർത്തലും അമ്പലപ്പുഴയും അടങ്ങുന്ന കമ്മ്യൂണിസ്റ്റ് ഈറ്റില്ലങ്ങൾ നിറഞ്ഞ മണ്ണിൽ നിന്ന് 1996,2001,2006 കാലഘട്ടത്തിൽ എംഎല്‍എയും 2009, 2014 എംപി ആയും ജനങ്ങൾ തിരഞ്ഞെടുത്ത ആളാണ് കെ.സി. തെരഞ്ഞെടുപ്പ് വിജയമാണെങ്കിൽ അതിന്റെ ഉത്തരവാദിത്വം ഒരുപാട് പേർക്കും - പരാജയം ഒരാൾക്കും മാത്രം അവകാശപെട്ടതല്ല എന്ന് മാത്രം പറയാനാണീ കുറിപ്പ്''