/sathyam/media/post_attachments/UKLoALEtvUvJCgvVmUKS.jpg)
കൊല്ലം: കോണ്‍ഗ്രസ് ഇനിയെങ്കിലും ആത്മപരിശോധനയ്ക്ക് തയ്യാറാകണമെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. ഫാസിസത്തിനെതിരായ പോരാട്ടത്തിൽ കോൺഗ്രസിനെ മാറ്റിനിർത്തി മുന്നോട്ടുപോകാനാകില്ല എന്ന വസ്തുത നിലനിൽക്കുമ്പോൾ തന്നെ, എന്തുകൊണ്ട് തുടർച്ചയായി തെരഞ്ഞെടുപ്പ് പരാജയങ്ങൾ സംഭവിക്കുന്നുവെന്ന് പരിശോധിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
ഫാസിസ്റ്റ് അജണ്ടകൾ നടപ്പിലാക്കി ബി.ജെ.പി സർക്കാർ യഥേഷ്ടം മുന്നോട്ടു പോകുമ്പോഴും ജനങ്ങൾക്കിടയിൽ ഇറങ്ങിച്ചെന്ന് അതുതുറന്നുകാട്ടാൻ എന്തുകൊണ്ട് പ്രതിപക്ഷത്തിന് നേതൃത്വം നൽകുന്ന കോൺഗ്രസ് പാർട്ടിയ്ക്ക് സാധിക്കുന്നില്ലെന്നത് ഗൗരവകരമായ ചോദ്യമാണ്. സംഘപരിവാർ ഫാസിസത്തിൻ്റെ ക്രൂരമായ മുഖം നമ്മൾ കണ്ട ഹത്രാസിലും ലഖിംപൂർഖേരിയിലുമടക്കം ബി.ജെ.പിയുടെ വിജയകുതിപ്പാണ് കാണുന്നത്.
എതിർസ്വരം ഉയർത്തുന്നവരെയെല്ലാം ശത്രുപക്ഷത്ത് കാണുകയല്ല വേണ്ടത്. കോൺഗ്രസിൻ്റെ അകത്ത് നിന്നും പുറത്തു നിന്നും കോൺഗ്രസിൻ്റെ തിരിച്ചുവരവിന് വേണ്ടി വിമർശനങ്ങൾ പങ്കുവയ്ക്കുന്നവരുണ്ട്. അവരെകൂടി വിശ്വാസത്തിലെടുത്ത് പുതുജീവനോടെ കോൺഗ്രസ് തിരിച്ചുവരേണ്ടത് കോൺഗ്രസുകാരുടെ മാത്രമല്ല, ഈ രാജ്യത്തെ സ്നേഹിക്കുന്നവരുടെയാകെ ആവശ്യമാണ്. വരുംദിനങ്ങൾ അവസാന ബസായി കണ്ട് ഇനിയെങ്കിലും അതിന് കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.