ദണ്ഡിയാത്രയുടെ സ്മൃതികളുറങ്ങുന്ന വീടുകൾതേടി അവരെത്തി... ദീപ്തസ്മരണകളിൽ ഷൊർണ്ണൂർ രാഘവ്ജിയുടെയും മായന്നൂർ ശങ്കർജിയുടെയും കുടുംബാംഗങ്ങൾ

author-image
ജൂലി
Updated On
New Update

publive-image

ഷൊർണ്ണൂർ: 1930 മാര്‍ച്ച് 12ന് മഹാത്മാഗാന്ധി നയിച്ച ദണ്ഡിയാത്രയുടെ അലകൾ മലബാറിലെങ്ങും ആവേശോജ്വലമായിരുന്നുവെന്നത് ചരിത്രം. 78 അനുചരന്മാരോടൊപ്പം ഗാന്ധിജി നയിച്ച ദണ്ഡിയാത്രയിൽ അഞ്ചു പേർ മലയാളികളായിരുന്നുവെന്ന ചരിത്രവും മലയാളി മറന്നു. നെയ്യാറ്റിൻകരയിൽ നിന്നും സി. കൃഷ്ണൻ നായർ, കോട്ടയം മാരാമണ്ണിൽ നിന്നും ടൈറ്റസ് തേവർ തുണ്ടിയിൽ, ഷൊർണ്ണൂരിൽ നിന്നും എൻ.പി. രാഘവപ്പൊതുവാൾ, മായന്നൂരിൽ നിന്നും ശങ്കർജി. കൂടാതെ പ്രസിഡൻസിയെ പ്രതിനിധാനം ചെയ്ത് ദണ്ഡിയാത്രയിൽ പങ്കെടുത്തവരിൽ തപൻ നായർ എന്നൊരു മലയാളിയും ഉണ്ടായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം പഠിയ്ക്കുന്ന ഗവേഷണ വിദ്യാർത്ഥികൾക്കുപോലും ഒരുപക്ഷെ ഈ നാലു പേരുകൾ ഓർത്തു പറയാൻ സാധിച്ചുവെന്ന് വരില്ല.

Advertisment

കലാശാലാ പാഠപുസ്തകങ്ങളുടെ വരികൾക്കിടയിൽ വായിച്ചെടുത്ത ചരിത്രരേഖപ്പെടുത്തലുകളിലെ ധീരദേശാഭിമാനികളുടെ പിൻതലമുറക്കാർ പലയിടങ്ങളിലും ഇപ്പോഴും ജീവിച്ചിരിക്കുന്നു. ചരിത്രം വായിച്ചെടുത്തപ്പോൾ ദേശീയതയുടെ ചൂട് മനസ്സിന്റെ ആഴങ്ങളിൽ അനുഭവപ്പെട്ട കോട്ടയം മേലുകാവ് ഹെൻറി ബേക്കർ കോളേജിലെ പൂർവ്വവിദ്യാർഥികളായ ടോം ജോസ്, ബിനു ആലപ്പാട്ട്, അനീഷ് ജോസഫ്, ഉണ്ണി ഇടമറുക് എന്നിവർ ഇക്കഴിഞ്ഞ ദിവസം ഒരു യാത്ര നടത്തി, മലബാറിലേക്ക്.

publive-image

ഷൊർണ്ണൂരിലെ എൻ. പി. രാഘവപ്പൊതുവാളിന്റെ വീടും മായന്നൂരിലെ ശങ്കർജിയുടെ ഭവനവും സന്ദർശിച്ചു അവർ. ചരിത്രത്താളുകളിൽ നിന്നും തമസ്കരിക്കപ്പെട്ടവരുടെ ഓർമ്മകളുമായാണ് അനന്തര തലമുറയിൽപ്പെട്ടവർ ഇവിടെ ജീവിക്കുന്നതെന്ന് പൂർവ്വവിദ്യാർത്ഥികൾ പറഞ്ഞു. ഇരുവീടുകളിലെയും കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം അവർക്ക് സ്മൃതിഫലകം കൈമാറുകയും അനുസ്മരണസദസ്സ് സംഘടിപ്പിക്കുകയും ചെയ്തു, മേലുകാവ് ഹെൻറി ബേക്കർ കോളേജിലെ പൂർവ്വവിദ്യാർത്ഥി സംഘം.

Advertisment