ന്യൂഡല്‍ഹി: രാജ്യസഭാ ഒഴിവ് വന്നിട്ട് ദിവസങ്ങളായെങ്കിലും കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ തുടങ്ങിയത് 3 ദിവസം മുന്‍പാണ്. മാരത്തണ്‍ ചര്‍ച്ചകളൊന്നും ഉണ്ടായില്ലെങ്കിലും ചരടുവലികളില്‍ നേതാക്കള്‍ സജീവമായിരുന്നു. മുന്‍ കെപിസിസി അധ്യക്ഷന്‍മാരായിരുന്ന മുല്ലപ്പള്ളിയും എംഎം ഹസനും മുതല്‍ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ അഡ്വ. ജെബി മേത്തര്‍ വരെ തിരക്കിട്ട ചരടുവലികളില്‍ സജീവമായി.
ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നായിരിക്കണം സ്ഥാനാര്‍ഥി എന്ന ഏകദേശ ധാരണയിലേയ്ക്ക് നേതൃത്വം എത്തിയിരുന്നെങ്കിലും എം ലിജുവിനുവേണ്ടി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ശക്തമായി നിലകൊണ്ടു. രാഹുല്‍ ഗാന്ധിക്കും ലിജുവിനോട് താല്‍പര്യമുണ്ടായിരുന്നു.
സിപിഎമ്മും സിപിഐയും യുവത്വത്തെ രംഗത്തിറക്കിയതോടെയാണ് കോണ്‍ഗ്രസിലെ 'മുതിര്‍ന്ന് മടുത്ത' നേതാക്കള്‍ സജീവ ചര്‍ച്ചകളില്‍ നിന്നും ഔട്ടായത്. എന്നിട്ടും ശ്രമം ഉപേക്ഷിക്കില്ലെന്ന വാശിയിലായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രനും ഹസനും. മുല്ലപ്പള്ളി ഡല്‍ഹിയിലെ പഴയ ബന്ധങ്ങളൊക്കെ പൊടിതട്ടിയെടുത്ത് ശ്രമം തുടര്‍ന്നു.
ന്യൂനപക്ഷവാദം ഉന്നയിച്ചായിരുന്നു എംഎം ഹസന്‍റെ നീക്കങ്ങള്‍. മൂന്നു പതിറ്റാണ്ടുകള്‍ക്കിപ്പുറം രാജ്യസഭയിലേയ്ക്ക് കോണ്‍ഗ്രസ് ഒരു മുസ്ലിം പ്രതിനിധിയെ അയച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹസന്‍ രംഗത്തിറങ്ങിയത്. ഇപ്പോള്‍ അദ്ദേഹം വഹിക്കുന്ന യുഡിഎഫ് കണ്‍വീനര്‍ സ്ഥാനവും അങ്ങനെ നേടിയതാണ്.
അതിനിടെ ഹൈക്കമാന്‍റ് ഷമ മുഹമ്മദിന്‍റെ പേരുകൂടി മുന്നോട്ടു വച്ചു. സാധിക്കുമെങ്കില്‍ പരിഗണിക്കുക എന്നതായിരുന്നു നിര്‍ദേശം.
പക്ഷേ കേരളത്തില്‍ മുസ്ലിം വിഭാഗത്തില്‍ നിന്ന് ജെബി മേത്തറും ഷാനിമോള്‍ ഉസ്മാനും പരിഗണനയിലുള്ളതിനാല്‍ മറ്റൊരു മുസ്ലിം വനിത പറ്റില്ലെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്. കെ സുധാകരനും ഷമയുടെ പേരില്‍ താല്‍പര്യം ഉണ്ടായിരുന്നു.
ഇതിനിടെ 'എ' ഗ്രൂപ്പിന്‍റെ നോമിനികളായി ജെയിസണ്‍ ജോസഫും സോണി സെബാസ്റ്റ്യനും ലിസ്റ്റിലെത്തി. 'ഐ' ഗ്രൂപ്പ് നോമിനിയായത് ശരത് ചന്ദ്ര പ്രസാദും. സതീശന്‍ പാച്ചേനിയുടെ പേരുകൂടി കെ സുധാകരന്‍റെ ലിസ്റ്റിലും കയറിക്കൂടി. പ്രതിപക്ഷ നേതാവാണെങ്കിലും വിഡി സതീശന്‍ ആര്‍ക്കുവേണ്ടിയും രംഗത്തുവന്നില്ല. കേരള വിഷയത്തില്‍ ഇടപെടില്ലെന്ന നിലപാടിലുള്ള എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയും പേരുകള്‍ മുന്നോട്ടുവച്ചില്ല.
ഒടുവില്‍ ഇന്ന് രാവിലെ 8 പേരുടെ പാനലാണ് സംസ്ഥാന നേതൃത്വം മുന്നോട്ടു വച്ചത്. ജെബി മേത്തര്‍, എം ലിജു, ഷാനിമോള്‍ ഉസ്മാന്‍, ജെയിസണ്‍ ജോസഫ്, വിഎസ് ജോയി, വിടി ബലറാം, സതീശന്‍ പാച്ചേനി, ടി ശരത്ചന്ദ്ര പ്രസാദ് എന്നിവര്‍ ലിസ്റ്റില്‍ ഇടം പിടിച്ചു. ഈ ലിസ്റ്റ് വൈകിട്ടോടെ മൂന്നായി ചുരുക്കി. ജെബി, ലിജു, ഷാനിമോള്‍ എന്നിങ്ങനെ.
എന്തായാലും അല്‍പം നീണ്ടുപോയെങ്കിലും വലിയ തര്‍ക്കങ്ങളും പോര്‍വിളികളുമില്ലാതെ പേര് പുറത്തുവിടാനായത് പുതിയ നേതൃത്വത്തിന്‍റെ വിജയം തന്നെ. ചര്‍ച്ചകള്‍ നീളുന്നതൊക്കെ കോണ്‍ഗ്രസില്‍ പതിവാണെന്നതിനാല്‍ അതിലാര്‍ക്കും പരാതി ഉണ്ടാകാനിടയില്ല.
ഇതൊക്കെയാണെങ്കിലും ഒരു കാര്യം ഉറപ്പാണ്. 50 -ല്‍ താഴെ പ്രായമുള്ള ഒരാളെ കോണ്‍ഗ്രസ് പരിഗണിക്കാന്‍ നിര്‍ബന്ധിതരായത് സിപിഎമ്മും സിപിഐയും കാരണമാണ്. അല്ലായിരുന്നെങ്കില്‍ മുല്ലപ്പള്ളിയോ കെവി തോമസോ, എംഎം ഹസനോ ഒക്കെ രാജ്യസഭയിലെത്തുമായിരുന്നു, ഉറപ്പാണ്. അതിനെങ്കിലും ജെബി മേത്തര്‍ സിപിഎമ്മിനോടും സി പി ഐ യോടും നന്ദി പറയണം .