/sathyam/media/post_attachments/2hXPp0FejmhkM5ydRiYZ.jpg)
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരേ സംസ്ഥാനത്ത് നടക്കുന്നത് രാഷ്ട്രീയ സമരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിൽവർലൈൻ പദ്ധതിയുടെ പേരിൽ ജനങ്ങൾക്കെതിരെ യുദ്ധം ചെയ്യാനല്ല, കൂടെ നിർത്താനാണ് സർക്കാർ നോക്കുന്നത്. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ സമരത്തെ രാഷ്ട്രീയമായി നേരിടും. സിൽവർലൈൻ നേരിട്ട് ബാധിക്കുന്ന ആളുകളുമായി സർക്കാർ ചർച്ചയ്ക്കു തയാറാണെന്നും പാർട്ടി വികസനരേഖ പ്രകാശനം ചെയ്തു കോടിയേരി പറഞ്ഞു.
സമരം നടത്തേണ്ടവര്‍ക്ക് നടത്താം. പൊലീസിന് മാര്‍ഗതടസ്സം സൃഷ്ടിച്ചാല്‍ അതിനെ നീക്കാനുള്ള നടപടിയുണ്ടാകും. ഒന്നും ചെയ്യാന്‍ സമ്മതിക്കില്ലെന്ന ചിലരുടെ നിലപാടിന് വഴങ്ങിയാല്‍ സര്‍ക്കാര്‍ ഉണ്ടാകില്ല. വെടിവെയ്പ് ഉണ്ടാക്കി 'നന്ദിഗ്രാം' സൃഷ്ടിക്കാനാണ് ശ്രമമെങ്കില്‍ അതിനു കഴിയില്ല. ഗെയില്‍ പദ്ധതിക്കെതിരേയും ഇടമണ്‍-കൊച്ചി വൈദ്യുതി ലൈനിനെതിരേയും സമരം നടന്നിട്ടുണ്ട്. തടസ്സം നോക്കിനിന്നാല്‍ പദ്ധതി നടിപ്പിലാകില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
യുഡിഎഫും ബിജെപിയും ഒരുമിച്ച് സമരം ചെയ്യുകയാണ്. മാർക്സിസ്റ്റ് വിരുദ്ധ മുന്നണി രൂപീകരിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. അതിനായി അവർ ബിജെപി–എസ്ഡിപിഐ–ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയവരുമായി ചേരുകയാണെന്നും കോടിയേരി ആരോപിച്ചു. വിലപേശി രാജ്യസഭാ സീറ്റുവാങ്ങുന്ന കക്ഷിയല്ല സിപിഐയെന്ന് ചോദ്യത്തിനു മറുപടിയായി കോടിയേരി പറഞ്ഞു.
മുമ്പ് ബൈപ്പാസ് വികസനവുമായി ചെന്നപ്പോള്‍ കരുണാകരന്‍ ഉറച്ച നിലപാടെടുത്തുവെന്നും അതിനാലാണ് തലശ്ശേരി-മാഹി ബൈപ്പാസ് യാഥാര്‍ഥ്യമായതെന്നും ഇത്തരം ശക്തമായ നേതൃത്വം ഇപ്പോള്‍ കോണ്‍ഗ്രസില്‍ ഇല്ലെന്നും കോടിയേരി വ്യക്തമാക്കി.