/sathyam/media/post_attachments/mR7Ehli3TEHYsdUmI1sl.jpg)
തിരുവനന്തപുരം: സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറുകളിൽ പങ്കെടുക്കുന്നതിനു ആരും തന്നെ വിലക്കിയിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. അങ്ങനെ ആരെങ്കിലും വിലക്കുകയാണെങ്കിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും ശശി തരൂർ പറഞ്ഞു.
‘ആരും എന്നെ വിലക്കിയിട്ടില്ല. പാർട്ടി കോൺഗ്രസ് ദേശീയ സമ്മേളനമാണ്. അതിൽ ചിന്തകൾ പങ്കുവയ്ക്കുന്നതിൽ തെറ്റില്ല. ജനാധിപത്യത്തിൽ വിരുദ്ധ ചേരികളിലുള്ളവർ ചർച്ചകളിൽ ഏർപ്പെടണം.’– തരൂർ പറഞ്ഞു.
പാർട്ടി കോൺഗ്രസിലേക്ക് വിളിച്ചത് കേരള വിഷയങ്ങളെക്കുറിച്ചോ കെ റെയിലിനെ കുറിച്ചോ സംസാരിക്കാൻ വേണ്ടിയല്ല. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ചുള്ള സെമിനാറിൽ സംസാരിക്കാനാണ്. തമിഴ്നാട് മുഖ്യമന്ത്രിയും പിണറായി വിജയനും പങ്കെടുക്കുന്ന സെമിനാറിലാണ് താൻ പങ്കെടുക്കുന്നതെന്നും ശശി തരൂർ പറഞ്ഞു.
ഏപ്രിലിൽ കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിന്റെ അനുബന്ധ സെമിനാറുകളിൽ ശശി തരൂർ എംപി, രമേശ് ചെന്നിത്തല, കെ.വി.തോമസ് എന്നിവരെ ക്ഷണിച്ചിട്ടുണ്ട്. നേതാക്കളെ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിന് കെപിസിസി വിലക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചിരുന്നു.