തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നിയമസഭയില്‍ നടത്തിയ പരാമര്‍ശം വന്‍ വിവാദത്തിനാണ് തുടക്കമിട്ടത്. ഇന്ദിര പ്രിയദർശിനിയെ വിവാഹം കഴിച്ച ഫിറോസ് ‘ഗണ്ഡി’ തന്റെ പേര് അടിച്ചുപരത്തി ‘ഗാന്ധി’ ആക്കിയതല്ലേ എന്നായിരുന്നു ലിന്റോയുടെ പരാമര്‍ശം.
ഇതിനെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. സംഘപരിവാറിന്റെ പ്രചാരവേല സിപിഎം അംഗം ഏറ്റെടുക്കുകയായിരുന്നുവെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനം. ഇതുസംബന്ധിച്ച് കല്‍പറ്റ എംഎല്‍എ ടി. സിദ്ദിഖ് ഏതാനും ദിവസം മുമ്പ് ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ...
https://www.facebook.com/499691230078907/posts/4945022268879092/
"തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫിലൂടെ സംഘ്‌പരിവാർ തങ്ങൾക്ക് നഷ്ടപ്പെട്ട ആ ഒറ്റ എം എൽ എയെ നില നിർത്തിയിരിക്കുന്നു എന്നാണു സഭയിൽ അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടപ്പോൾ ഞെട്ടലോടെ തോന്നിയത്. അണ്ടിമുക്ക് ശാഖാ വാടസ്‌ആപ്പ് ഗ്രൂപിൽ നിന്നുള്ള വിവരങ്ങൾ സഭയിൽ എഴുന്നള്ളിക്കണമെങ്കിൽ എത്ര ആഴത്തിലായിരിക്കും അവർ തമ്മിലുള്ള അന്ധർദ്ധാര..!!
ദേശാഭിമാനിയും ചിന്തയും ഒന്നുമല്ല തങ്ങളുടെ യുവാക്കൾ വായിക്കുന്നത്, പകരം സംഘ്‌പരിവാർ കോൺഗ്രസ് മുക്ത ഭാരതത്തിനു വേണ്ടി പടച്ച് വിടുന്ന തോന്ന്യാസങ്ങളാണു വായിക്കുന്നതും ഉൾക്കൊള്ളുന്നതെന്നും സിപിഎമ്മും മുഖ്യമന്ത്രിയും മനസ്സിലാക്കിയാൽ നന്ന്.
എന്റെ തൊട്ടടുത്ത മണ്ഡലത്തിൽ നിന്നുള്ള യുവ എം എൽ എ ലിന്റൊ ജോസഫിനോട് സംഘ്‌പരിവാർ വാട്സ്‌ആപ്പ് യൂണിവേഴ്‌സിറ്റിയിൽ നിൻ വിവരങ്ങൾ കണ്ടെത്തുന്നതിനു പകരം ബെര്‍ട്ടില്‍ ഫാള്‍ക്കിന്റെ 'ഫിറോസ് ദ ഫൊർഗോട്ടൺ ഗാന്ധി' എന്ന പുസ്തകം വായിക്കണമെന്ന് അഭ്യർത്ഥിക്കുകയാണു...
അപമാനിച്ചത് രാജ്യത്തിനു വേണ്ടി നെഞ്ചിൽ വെടിയേറ്റ് വീണ ഞങ്ങളുടെ പ്രിയപ്പെട്ട ഇന്ദിര പ്രിയദർശിനിയെയാണു... ഞങ്ങൾക്കത് അങ്ങേയറ്റത്തെ വേദനയുണ്ടാക്കുന്നു... എകെജിയെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞ് പോയാൽ വേദനിക്കുന്ന നിങ്ങൾക്ക് അത് മനസ്സിലാകുമെന്ന് വിശ്വസിക്കുകയാണു''- എന്നായിരുന്നു സിദ്ദിഖിന്റെ കുറിപ്പ്.
പുസ്തകത്തിന്റെ പുറംചട്ട മാത്രം നോക്കുന്ന കോൺഗ്രസുകാരെ പോലെയാണ് കമ്മ്യൂണിസ്റ്റുകാർ എന്ന് കരുതരുതെന്ന് സിദ്ദിഖിന് മറുപടിയുമായി ലിന്റോ ജോസഫും രംഗത്തെത്തി. ലിന്റോ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചത്...
https://www.facebook.com/lintojosephmla/posts/3175740205990098
"കോണ്‍ഗ്രസ് നേതാവും കല്‍പ്പറ്റ എം.എല്‍.എ യുമായ ശ്രീ. ടി. സിദ്ദിഖ് എന്നോട് ഒരു പുസ്തകം വായിക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ്. ഒരു കോണ്‍ഗ്രസ്സുകാരന്‍ മറ്റൊരാളോട് മറ്റെന്തൊക്കെ ചെയ്യാന്‍ നിര്‍ദ്ദേശിച്ചാലും പുസ്തകം വായിക്കാന്‍ ഉപദേശിക്കുക എന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒരു അസുലഭ പ്രതിഭാസമത്രേ.. അതുകൊണ്ട് തന്നെ ഈ ഉപദേശം ഞാൻ തള്ളിക്കളയുന്നില്ല.
സ്വീഡിഷ് മാധ്യമപ്രവര്‍ത്തകനായ ബെര്‍ട്ടില്‍ ഫാള്‍ക്ക് ശ്രീ. ഫിറോസ് ഗാന്ധിയെക്കുറിച്ച് എഴുതിയ 'ഫിറോസ് ദ ഫൊർഗോട്ടൺ ഗാന്ധി' എന്ന ജീവചരിത്രഗ്രന്ഥമാണ് സിദ്ദിഖ് എന്റെ വായനക്കായി നിര്‍ദ്ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മനോരമ ചാനലിലെ ഒരു അവതാരകനും പ്രസ്തുത പുസ്തകം വായിക്കാന്‍ എന്നെ ഉപദേശിക്കുന്നതായി കണ്ടിരുന്നു.
ഫിറോസ് ഗാന്ധിയുടെ ജീവിതത്തെ കുറിച്ച് പഠിക്കാനാണെങ്കിൽ സ്വാതന്ത്ര്യ സമരസേനാനിയും പാര്‍ലമെന്റംഗവും എഴുത്തുകാരനുമായ ശശിഭൂഷണ്‍ എഴുതിയ 'ഫിറോസ് ഗാന്ധി എ പൊളിറ്റിക്കല്‍ ബയോഗ്രഫി,' തരുണ്‍കുമാര്‍ മുഖോപാധ്യായ എഴുതിയ 'ഫിറോസ് ഗാന്ധി എ ക്രൂസേഡര്‍ ഇന്‍ പാര്‍ലമെന്റ് ' പോലുള്ള നമ്മുടെ നാട്ടുകാർ എഴുതിയ പുസ്തകങ്ങൾ തന്നെ ലഭ്യമാണെന്നിരിക്കെ എന്തിനാണ് സിദ്ദിഖും മനോരമാ അവതാരകനും ഈ പുസ്തകം തന്നെ എന്റെ വായനക്കായി നിര്‍ദ്ദേശിച്ചത് എന്ന് ഞാൻ അത്ഭുതപ്പെട്ടിരുന്നു. ഏതായാലും ഈ പുസ്തകത്തെക്കുറിച്ച് എന്റെ അറിവിലുള്ള കാര്യങ്ങൾ ഇവിടെ പങ്കു വെക്കുന്നതിൽ സന്തോഷമേയുള്ളൂ..
മഹാത്മാഗാന്ധി കഴിഞ്ഞാല്‍ ഇന്നത്തെ കോണ്‍ഗ്രസ്സുകാര്‍ മറവിയുടെ ഡസ്റ്റ്ബിന്നില്‍ തള്ളിയ രണ്ടാമത്തെ ഗാന്ധിയാണ് ഫിറോസ് ഗാന്ധി. നന്നേ ചെറുപ്പത്തില്‍ തന്നെ പഠനം പോലും പാതിവഴിയില്‍ ഉപേക്ഷിച്ച് സ്വാതന്ത്ര്യസമരത്തിന്‍റെ തീച്ചുളയിലേക്കിറങ്ങിച്ചെല്ലുകയും തന്‍റെ പതിനെട്ടാമത്തെ വയസ്സു മുതല്‍ തന്നെ നിരവധി തവണ ജയില്‍വാസമനുഷ്ഠിക്കുകയും ചെയ്തിട്ടുള്ള ഫിറോസ് മഹാത്മാ ഗാന്ധിയോടുള്ള ആരാധന കൊണ്ട് തന്റെ പേരിലെ സ്പെല്ലിംഗ് ഗാന്ധി എന്നാക്കി മാറ്റുകയായിരുന്നു.
ആ സർ നെയിം തുടർന്നിങ്ങോട്ട് കുടുംബപരമ്പരയിൽ പെട്ടവർ സ്വീകരിക്കുകയായിരുന്നു. അല്ലാതെ ചിലരൊക്കെ തെറ്റിദ്ധരിച്ചിരിക്കുന്നതുപോലെ മഹാത്മാ ഗാന്ധിയുടെ കൊച്ചുമക്കളൊന്നുമല്ല രാജീവും രാഹുലും പ്രിയങ്കയുമൊന്നും.
1952 ല്‍ റായ്ബറേലിയില്‍ നിന്ന് പാര്‍ലമെന്‍റിലേക്ക് വിജയിച്ചു എം.പിയായ ഫിറോസ് മികച്ച ഒരു പാർലമെന്ററിയനായിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ അഴിമതിക്കേസ് കുത്തിപ്പൊക്കുന്നത് ഫിറോസ് ഗാന്ധിയാണ്. 1955 -ൽ, റാം കിഷൻ ഡാൽമിയ എന്ന ബാങ്കിങ്ങ് ഇൻഷുറൻസ് മേഖലകളിലെ പ്രമുഖൻ, ബെനറ്റ് കോൾമാൻ കമ്പനിയെ ഏറ്റെടുക്കാൻ നടത്തിയ ഇടപാടുകളിലെ അഴിമതിയെപ്പറ്റി ഫിറോസ് ഗാന്ധി പുറത്തുകൊണ്ടുവന്നതാണ് ഒരുപക്ഷേ, സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സ്‌കാം.
ഇന്ത്യയിലെ പല ദേശസാൽക്കരണ ദൗത്യങ്ങളുടെയും അമരത്ത് ഫിറോസ് ഗാന്ധിയായിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത്, ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ അഥവാ LIC ആവും. ടാറ്റ എൻജിനീയറിങ്ങ് ആൻഡ് ലോക്കോമോട്ടിവ് കമ്പനി(TELCO)-യെ ദേശസാൽക്കരിക്കാൻ ഫിറോസ് ഗാന്ധിയ്ക്ക് പ്ലാനുണ്ടായിരുന്നു. അത് ടാറ്റയടക്കമുള്ള പാഴ്സികൾക്കിടയിൽ നിന്നുണ്ടായ പ്രക്ഷോഭത്തെത്തുടർന്നാണ് വേണ്ടെന്നു വെക്കുന്നത്.
പാര്‍ലമെന്‍റിലെ ചര്‍ച്ചകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ആ പത്രപ്രവര്‍ത്തകനെ ജയിലിലടക്കുന്ന കിരാതനിയമം ഒഴിവാക്കുന്നതിനായി 1956ല്‍ അദ്ദേഹം അവതരിപ്പിച്ച സ്വകാര്യബില്ലാണ് പാര്‍ലമെന്‍ററി പ്രൊസീഡിംഗ്സ് ആക്ട് എന്ന പേരില്‍ നിയമമാക്കപ്പെട്ടത്.
ഇങ്ങനെ ധീരനായ സ്വാതന്ത്ര്യസമര പോരാളിയും അഴിമതിക്കും അനീതിക്കുമെതിരെ നിരന്തരം ശബ്ദിച്ച മികച്ച പാര്‍ലമെന്‍റേറിയനും മാധ്യമസ്വാതന്ത്ര്യത്തിനുവേണ്ടി വീറോടെ വാദിച്ച ഒരു ജനാധിപത്യവാദിയും സര്‍വോപരി അഭിനവ ഗാന്ധികുടുംബത്തിലെ ആ സര്‍നെയിമിന്‍റെ തുടക്കക്കാരനും ഒക്കെ ആയിരുന്നിട്ടും എന്തുകൊണ്ട് ഇദ്ദേഹത്തിന് കോണ്‍ഗ്രസ്സിന്‍റെ മുന്‍നിര നേതാക്കളുടെ കൂട്ടത്തില്‍ ഇരിപ്പിടം കിട്ടാതായിപ്പോയത് എന്ന സംശയത്തിന് ഉത്തരം നല്‍കുന്നതാണ് ഈ പുസ്തകം.
1975 ല്‍ കുപ്രസിദ്ധമായ അടിയന്തിരാവസ്ഥാ പ്രഖ്യാപനത്തിലൂടെ തന്‍റെ ഉള്ളിലെ അമിതാധികാര പ്രവണത വെളിവാക്കപ്പെടുന്നതിനും വര്‍ഷങ്ങള്‍ക്കു മുൻപു തന്നെ ശ്രീമതി ഇന്ദിരാഗാന്ധിയുടെ മനസ്സില്‍ ഉറങ്ങിക്കിടന്നിരുന്ന ഫാസിസ്റ്റ് പ്രേമത്തെ തിരിച്ചറിയുകയും അത് ഇന്ദിരയുടെ മുഖത്തുനോക്കി വിളിച്ചുപറയുകയും ചെയ്തത് ഫിറോസ് ഗാന്ധി ആയിരുന്നെന്ന് ഈ പുസ്തകം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ബെര്‍ട്ടില്‍ ഫാള്‍ക്ക് എഴുതുന്നു . "1955 -ൽ ഇന്ദിര ആദ്യമായി ഇന്ദിരാ ഗാന്ധി ആദ്യമായി കോൺഗ്രസിന്റെ സെൻട്രൽ ഇലക്ഷൻ കമ്മിറ്റി അംഗമായ അതേ വർഷമാണ് ഫിറോസ് ഗാന്ധി ആദ്യമായി കോൺഗ്രസ് പാർട്ടിക്കുള്ളിൽ അഴിമതി ആരോപണവുമായി രംഗത്തുവരുന്നത്.
ഫിറോസിന്റെ ആ ഒരു നടപടി അവർക്കിടയിലെ ബന്ധത്തിൽ ഉലച്ചിലുണ്ടാക്കി. കോൺഗ്രസിൽ ഒരു കലാപകാരിയുടെ ഇമേജായി പതുക്കെ ഫിറോസിന്..." 1959 ല്‍ ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ കമ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിട്ട ജനാധിപത്യ വിരുദ്ധതയ്ക്കെതിരെ പ്രധാനമന്ത്രിയുടെ വസതിയില്‍ നിന്നുതന്നെ പ്രതിഷേധ സ്വരം ഉയര്‍ന്നത് ഫിറോസ് ഗാന്ധിയിലൂടെയായിരുന്നു. ആ മാസം തീന്‍മൂര്‍ത്തി ഭവനിലെ ഒരു പ്രഭാതഭക്ഷണവേളയില്‍ തീന്‍മേശക്കുമുമ്പില്‍ വെച്ച് ഫിറോസ് ഇന്ദിരയോടു വെട്ടിത്തുറന്നു പറഞ്ഞു. "നീ ചെയ്യുന്നത് ഒട്ടും ശരിയല്ല ഇന്ദിരാ, നീ സ്വന്തം ജനങ്ങളെയാണ് ഈ ഭീഷണിപ്പെടുത്തുന്നത്. സത്യത്തിൽ നീ ഒരു ഫാസിസ്റ്റാണ്. ഫാസിസ്റ്റ്."
“ നിങ്ങളെന്നെ ഫാഷിസ്റ്റ് എന്ന് വിളിക്കുന്നോ? ഇല്ല, ഇത് ഞാന്‍ സഹിക്കില്ല.” ഇന്ദിര കോപം കൊണ്ട് കലിതുള്ളി. ഉടന്‍ തന്നെ അവര്‍ ദേഷ്യത്തോടെ ആ മുറി വിട്ടു പോയി. ഇതൊക്കെ കണ്ടും കേട്ടും ആ മുറിയില്‍ മറ്റൊരാള്‍ കൂടി ഇരിപ്പുണ്ടായിരുന്നു എന്ന് ഫിറോസിന്‍റെ സുഹൃത്തും മാധ്യമപ്രവര്‍ത്തകനുമായ നിഖില്‍ ചക്രവര്‍ത്തിയുടെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് ഫാള്‍ക്ക് എഴുതുന്നു. പ്രിയപുത്രിയോടുള്ള വാല്‍സല്യത്തിനടിമപ്പെട്ട് അന്നോളം താന്‍ കാത്തുസൂക്ഷിച്ചുപോന്നിരുന്ന ജനാധിപത്യബോധത്തിന്‍റെ കടയ്ക്കല്‍ കത്തിവെക്കേണ്ടിവന്നതിന്‍റെ ദുഖവും പേറി തലകുമ്പിട്ടിരുന്ന ആ മനുഷ്യന്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവല്ലാതെ മറ്റാരുമായിരുന്നില്ല..!
കേരളത്തിലെ കമ്യൂണിസ്റ്റ് ഗവണ്‍മെന്‍റിനോട് കോണ്‍ഗ്രസ് കാണിച്ച ഈ ജനാധിപത്യ വിരുദ്ധതയ്ക്കെതിരായ തന്‍റെ പ്രതിഷേധം അതുകൊണ്ടും ഫിറോസ് അവസാനിപ്പിച്ചില്ല. പാർലമെന്റിലെ സെന്‍ട്രല്‍ ഹളില്‍ ചേര്‍ന്ന ഒരു കോൺഗ്രസ്സ് പാര്‍ട്ടി യോഗത്തില്‍ അദ്ദേഹം ചോദിച്ചു.
“കേരളത്തില്‍ നമ്മള്‍ തിരെഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കുയാണല്ലോ. എന്നാല്‍ ഇതിന്‍റെ മാനദണ്ഡം എന്താണെന്ന് എനിക്ക് മനസ്സിലാവുന്നില്ല . മുസ്ലിം ലീഗുമായും, മറ്റു ജാതി സംഘടനയുടെ നടത്തിപ്പുകാരുമായും സഖ്യമുണ്ടാക്കാനാണോ നമ്മള്‍ ശ്രമിക്കുന്നത്?
ഇതേവിടെക്കുള്ള പോക്കാണ്? കോണ്ഗ്രസ്സ് ഇപ്പോള്‍ എവിടെയാണ്? കോണ്ഗ്രസ്സിന്‍റെ ആദര്‍ശങ്ങള്‍ എവിടെ പോയി? രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച അന്ന് തന്നെ ശ്രീ.പദ്മനാഭന്‍ നായര്‍ ഗവര്‍ണ്ണറോട് ആവശ്യ പെട്ടതെന്താണ്? വിദ്യാഭ്യാസ ബില്‍ നിര്‍ത്തലാക്കാന്‍, കാര്‍ഷിക പരിഷ്കരണ ബില്‍ നിര്‍ത്തലാക്കാന്‍… നമ്മള്‍ തന്നെ സൃഷ്‌ടിച്ച ജാതി രാക്ഷസന്മാര്‍ നമ്മളോട് ആജ്ഞാപിക്കുന്ന ഒരവസ്ഥയാണ്. കോണ്ഗ്രസ്സ് ഈ നിലവാരത്തിലേക്ക് തരം താണുപോയോ? വര്‍ഗീയ കൂട്ടായ്മകളും, ജാതിക്കൊമരങ്ങളും കൂടി ജനങ്ങള്‍ക്കിടയില്‍ ജാതി-മത വികാരങ്ങള്‍ കുത്തി നിറച്ച്സൃഷ്‌ടിച്ച സാഹചര്യത്തയാണോ നമ്മള്‍ ഉപയോഗിക്കാന്‍ പോകുന്നത്? സര്‍, ഇങ്ങനെ തുടര്‍ന്നാല്‍, ഈ നിലപാടുമായി മുന്നോട്ടു പോയാല്‍ നാളെ നമ്മള്‍ ജനസംഘവുമായും അതുപോലുള്ള മറ്റു പലരുമായും
സഖ്യത്തില്‍ ഏര്‍പ്പെടുമല്ലോ? നിങ്ങളെ തന്നെ നശിപ്പിക്കാനുള്ള ഒരു ആയുധമാണ് നിങ്ങള്‍ കേരളത്തില്‍ സൃഷ്ടിച്ചത്. ആ ആയുധത്തെ നശിപ്പിച്ചില്ലെങ്കില്‍ അത് നിങ്ങളെ ഇല്ലാതാക്കും. ഇത്രയേ എനിക്ക് പറയുവാനുള്ളൂ.”
എന്തുകൊണ്ടാണ് ഫിറോസ് ഗാന്ധിയെ കോൺഗ്രസ്കാർ ചരിത്രത്തിന്റെ ഇരുണ്ട ഇടനാഴികയിൽ നിർത്തിയിരിക്കുന്നത് എന്നുള്ളതിന് മറ്റൊരു വിശദീകരണം വേണമെന്ന് തോന്നുന്നില്ല. ഫിറോസ് ഗാന്ധിയിൽ നിന്ന് അവർക്ക് വേണ്ടത് അദ്ദേഹത്തിന്റെ പേരിലെ ആ വാൽ മാത്രമായിരുന്നു. അതിലെ കച്ചവട മൂല്യത്തിൽ മാത്രമായിരുന്നു എക്കാലവും അവരുടെ കണ്ണ്.... ഇതാണ് നിയമസഭയിലും ഞാൻ ചൂണ്ടിക്കാട്ടിയത്..
പുസ്തകത്തിന്റെ പുറംചട്ട മാത്രം നോക്കുന്ന കോൺഗ്രസുകാരെ പോലെയാണ് കമ്മ്യൂണിസ്റ്റുകാർ എന്ന് കരുതരുത്.ഒരുപക്ഷേ ഈ പുസ്തകം മുഴുവൻ വായിച്ചിരുന്നെങ്കിൽ ബഹുമാന്യനായ ടി.സിദ്ധിഖ് ഇതെന്നോട് വായിക്കാൻ ആവശ്യപ്പെടുകമില്ലായിരുന്നു. അധികമാരുമറിയാതെ കിടന്ന കാര്യങ്ങൾ നാട്ടിലെല്ലാവരും അറിയുന്ന നിലയുണ്ടാക്കിയതിന് അദ്ദേഹത്തോട് കടപ്പാട് രേഖപ്പെടുത്തുന്നു''-ലിന്റോ ഫേസ്ബുക്കില്‍ കുറിച്ചു.
പിന്നാലെ ലിന്റോയ്ക്ക് സിദ്ദിഖ് കമന്റിലൂടെ മറുപടി നല്‍കി. ഫിറോസ് ഗാന്ധിയെ "ഗാന്ധി" എന്ന് തന്നെ വിശേഷിപ്പിച്ചതിനു നന്ദി, അതിനു വേണ്ടി തന്നെയാണു പുസ്തകം വായിക്കാൻ പറഞ്ഞതെന്നായിരുന്നു സിദ്ദിഖിന്റെ മറുപടി.
കോൺഗ്രസിനെ വിമർശിക്കുന്നു എന്നത് കൊണ്ട് ഒരു പുസ്തകവും മോശമാകുന്നില്ല, പുസ്തകം വായിക്കാനും വിമർശനം ഉൾക്കൊള്ളാനുമുള്ള വിശാലമായ ജനാധിപത്യ കാഴ്‌ചപ്പാട് കോൺഗ്രസിനുണ്ടെന്നും സിദ്ദിഖ് വ്യക്തമാക്കി. ഇരുഎംഎല്‍എമാരുടെയും സോഷ്യല്‍ മീഡിയയിലെ വാക്‌പോര് ലൈക്കുകളിലൂടെയും കമന്റുകളിലൂടെയും നിരവധി പേരാണ് ഏറ്റെടുത്തിരിക്കുന്നത്.