ന്യൂഡല്‍ഹി: പണിമുടക്കിന്റെ ആദ്യദിനം കേരളത്തില്‍ ഹര്‍ത്താലിന് സമാനം. മറ്റു സംസ്ഥാനങ്ങളില്‍ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്. കോതമംഗലം പിണ്ടിമന പഞ്ചായത്ത് സെക്രട്ടറിയെ സമരാനുകൂലികള്‍ മര്‍ദ്ദിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് പഞ്ചായത്ത് സെക്രട്ടറി മനോജിന് മര്‍ദനമേറ്റത്.
ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ രണ്ടു സിപിഎം നേതാക്കൾ കസ്റ്റഡിയിലാണ്. ഉച്ചയോടെയാണ് പഞ്ചായത്ത് സെക്രട്ടറി ഓഫിസിലെത്തിയത്. പണിമുടക്കു ദിവസം ഓഫിസ് തുറക്കാൻ അനുവദിക്കില്ലെന്ന നിലപാടെടുത്ത് 40 പേർ വരുന്ന സംഘം സെക്രട്ടറിയുടെ ഓഫിസിലേക്ക് അതിക്രമിച്ചു കയറി.
മൂക്ക്, തല, ശരീരത്തിന്റെ വിവിധഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മനോജിന് ചതവേറ്റിട്ടുണ്ട്. അതിക്രൂരമായ മര്‍ദനം ഏറ്റുവെന്ന് ഇദ്ദേഹം പറഞ്ഞു. പോലീസ് എത്തിയാണ് മനോജിനെ ആശുപത്രിയില്‍ എത്തിച്ചത്.
മലപ്പുറം തിരൂരില്‍ പണിമുടക്കു ദിവസം രോഗിയുമായി പോയ ഓട്ടോറിക്ഷാ ഡ്രൈവറെ സമരാനുകൂലികള്‍ മര്‍ദ്ദിച്ചു. തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് പോയ മുത്തൂര്‍ മങ്ങാട് യാസിറിനാണ് മര്‍ദനം ഏറ്റത്. മൂക്കിലും വായിലും ചോര ഒലിപ്പിച്ചുകൊണ്ട്, തനിക്കുണ്ടായ ദുരനുഭവം വ്യക്തമാക്കി യാസിര്‍ സോഷ്യല്‍ മീഡിയയില്‍ എത്തുകയും ചെയ്തു.
സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലുള്ള പണിമുടക്കിന്റെ ഭാഗമായി ഒരിടത്തും യാത്രക്കാരെ തടഞ്ഞിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു. അക്രമ സംഭവങ്ങള്‍ മാധ്യമ സൃഷ്ടിയാണെന്നും വിജയരാഘവന്‍ പറഞ്ഞു.
'ഒരിടത്തും യാത്രക്കാരെ തടഞ്ഞിട്ടില്ല. മാധ്യമങ്ങള്‍ തടഞ്ഞിട്ടുണ്ടാകും. തടയുകയായിരുന്നെങ്കില്‍ കേരളം ഇങ്ങനെയാണോ, വളരെ സമാധാനപരമായിട്ടാണ് സമരം. ആരെങ്കിലും പരിക്കേറ്റ് ആശുപത്രിയിലുണ്ടോ. അങ്ങനെയുള്ള സംഭവങ്ങളൊന്നും നിങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിച്ചിട്ടില്ല. തൊഴിലാളികള്‍ അവരുടെ കൂലി നഷ്ടപ്പെടുത്തിയാണ് സമരം ചെയ്യുന്നത്. രണ്ടു ദിവസത്തെ വരുമാനം നഷ്ടപ്പെടുത്തിയാണ് തൊഴിലാളികള്‍ ജനങ്ങള്‍ക്ക് വേണ്ടി സമരത്തിനിറങ്ങിയിട്ടുള്ളത്. അതുകൊണ്ട് ഈ സമരത്തെ നമ്മള്‍ ആക്ഷേപിക്കാന്‍ പാടില്ല' വിജയരാഘവന്‍ പറഞ്ഞു.
ഹൈക്കോടതി വിലക്ക് നിലനിൽക്കെ, സര്‍ക്കാര്‍ ജീവനക്കാര്‍ നാളെയും പണിമുടക്കുമെന്ന് എഐടിയുസി പറയുന്നു. 'വളരെ നാളത്തെ തയാറെടുപ്പിന് ശേഷമാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി ഞങ്ങൾ മുന്നോട്ടുവച്ച ആശയങ്ങൾ ചർച്ച ചെയ്യാൻ പോലും പ്രധാനമന്ത്രിയോ കേന്ദ്രമോ തയാറായില്ല. കോടതികള്‍ വിമര്‍ശിക്കേണ്ടത് കേന്ദ്രത്തെയാണ്, സമരം ചെയ്യുന്നവരെയല്ല. അപ്പീല്‍ പോകുന്നത് ആലോചിക്കും'- എഐടിയുസി ജനറല്‍ സെക്രട്ടറി കെ.പി.രാജേന്ദ്രന്‍ പറഞ്ഞു.