/sathyam/media/post_attachments/F5LPIczcJo49qo7PeJKi.jpg)
കോട്ടയം: ചങ്ങനാശേരിയിൽ തനിക്ക് എതിരെ നടന്ന ഐഎൻടിയുസി സമരം പാർട്ടി നോക്കുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എന്തെങ്കിലും വീണ് കിട്ടിയാല്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ഒരു കുത്തിത്തിരിപ്പ് സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സതീശന്‍ പറഞ്ഞു.
ആ സംഘം ചങ്ങാനാശേരിയില്‍ നടന്ന സംഭവത്തിന് പിന്നിലുമുണ്ട്. ഒന്നും കിട്ടിയില്ലെങ്കില്‍ അവര്‍ സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും വാര്‍ത്തയുണ്ടാക്കും. അതിനെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. പാര്‍ട്ടിക്ക് ദോഷകരമായ രീതിയിലേക്ക് കുത്തിത്തിരിപ്പ് സംഘം കടക്കുമ്പോള്‍ എവിടെ നിര്‍ത്തണമോ അവിടെ നിര്‍ത്താന്‍ അറിയാവുന്ന നേതൃത്വമാണ് കോണ്‍ഗ്രസിനുള്ളതെന്നും സതീശന്‍ പറഞ്ഞു.
പണിമുടക്കിലുണ്ടായ അക്രമങ്ങളെയാണ് എതിർത്തത്. അത് ചെയ്തത് സിഐടിയുവാണ്. ഐഎൻടിയുസി കോൺഗ്രസിന്റെ പോഷക സംഘടനയല്ല എന്ന തന്റെ നിലപാട് മാറ്റേണ്ട ആവശ്യമില്ല. ഐഎൻടിയുസി അവിഭാജ്യ ഘടകമാണ്. എന്നാൽ ഐഎൻടിയുസി അവരുടെ ചട്ടക്കൂടിൽ പ്രവർത്തിക്കുന്ന സംഘമാണ്.
അവർക്ക് നിർദേശങ്ങൾ നൽകാൻ കോൺഗ്രസിന് സാധിക്കില്ല. ഐഎൻടിയുസി പ്രസിഡന്റ് ആർ.ചന്ദ്രശേഖരനുമായി സംസാരിച്ചിരുന്നു. അക്രമങ്ങളെ ചന്ദ്രശേഖരനും അപലപിച്ചിരുന്നു. മാണി സി.കാപ്പനുമായി പ്രശ്നങ്ങളില്ലെന്നും കാപ്പൻ യുഡിഎഫ് വിടില്ലെന്നും സതീശൻ കോട്ടയത്ത് പറഞ്ഞു.