/sathyam/media/post_attachments/Zo1RZT4IA0rubXpbRoAY.jpg)
കോട്ടയം: പ്രതിപക്ഷ നേതാവ് വിഡി സതീശൻ പങ്കെടുത്ത കോട്ടയത്തെ കെ റെയിൽ പ്രതിഷേധത്തിൽ നിന്ന് വിട്ടുനിന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. പരിപാടിയുടെ ബാനറിൽ തന്റെ ചിത്രം വെച്ചില്ലെന്നും വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നുമുള്ള പരാതിയെ തുടർന്നാണ് സുരേഷ് പ്രതിഷേധ പരിപാടിയിൽ നിന്ന് വിട്ടുനിന്നത്.
പ്രതിഷേധ പരിപാടിയിലേക്ക് തന്നെ സംഘാടകർ ക്ഷണിച്ചതുമില്ലെന്നും നാട്ടകം സുരേഷിന് പരാതിയുണ്ട്. കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണനും യുഡിഎഫുമായി ഇടഞ്ഞുനിന്ന പാലാ എം എൽ എ മാണി സി കാപ്പനുമൊക്കെ ചടങ്ങിൽ പങ്കെടുത്തപ്പോഴാണ് സുരേഷ് പരിപാടിയിൽ നിന്നും വിട്ടുനിന്നത്.
നേരത്തെ പരിപാടി സംഘടിപ്പിക്കാൻ ജില്ലാ യു ഡി എഫ് നേതൃത്വമാണ് തീരുമാനിച്ചത്. പരിപാടി നടത്താൻ തീരുമാനിച്ച യോഗത്തിലും നാട്ടകം സുരേഷ് പങ്കെടുത്തിരുന്നില്ല. അന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പൻ്റെ അധ്യക്ഷതയിലായിരുന്നു യോഗം നടന്നത്.
നാട്ടകം സുരേഷിനെ ഈ പരിപാടിയുടെ കാര്യം അറിയിക്കാൻ സജി തയ്യാറായതുമില്ല. 100 പേർ തികച്ചില്ലാത്ത പാർട്ടിയുടെ നേതാവ് ചെയർമാനാണെന്ന പേരിൽ തന്നെ കാര്യങ്ങൾ അറിയിക്കുന്നില്ലെന്നാണ് സുരേഷിൻ്റെ പരാതി. പ്രാദേശിക തലത്തിൽ മാത്രം പ്രവർത്തിച്ചു പരിചയമുള്ള സജി മഞ്ഞക്കടമ്പനെ യുഡിഎഫിൻ്റെ ജില്ലാ ചെയർമാൻ പദവിയിൽ ഇരുത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും നാട്ടകത്തോട് ബന്ധപ്പെട്ടവർ പറയുന്നു.
അതേ സമയം പ്രതിപക്ഷ നേതാവ് വന്ന യുഡിഎഫിൻ്റെ പരിപാടിയിൽ പങ്കെടുക്കാതെ ഡിസിസി പ്രസിഡൻ്റ് മാറി നിന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് കോൺഗ്രസ് പ്രവർത്തകർ. പാർട്ടി പരിപാടികൾ ജില്ലാ പ്രസിഡൻ്റ് അറിയുന്നില്ലെങ്കിൽ പദവിയിലിക്കാൻ യോഗ്യനല്ലെന്നും പ്രവർത്തകർ തന്നെ വിമർശനമുന്നയിക്കുന്നു.
കെ- റെയിൽ വിഷയത്തിൽ സമരം നന്നായി മുമ്പോട്ടു പോകുന്ന ജില്ലയിൽ ഡിസിസി പ്രസിഡൻ്റ് നടത്തിയ ബഹിഷ്കരണം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് നേതൃത്വവും.