സില്‍വര്‍ലൈനെതിരായ സമരത്തെ ശക്തമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

സില്‍വര്‍ലൈനെതിരായ സമരത്തെ ശക്തമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. കേരളത്തിന്റെ വികസനത്തിനായി രാഷ്ട്രീയം മറന്ന് ഒന്നിച്ച് നില്‍ക്കണമെന്ന് കെ വി തോമസ് പറഞ്ഞു. കെ കരുണാകരന്‍ മുന്നോട്ടുവച്ച വികസന നയമാണ് കേരളം പിന്തുടരേണ്ടത്. സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട വ്യക്തിപരമായ അഭിപ്രായം പാര്‍ട്ടിയിലെ ഉന്നത നേതാക്കളെ അറിയിക്കുമെന്ന് കെ വി തോമസ് വ്യക്തമാക്കി.

Advertisment

‘എല്ലാവര്‍ക്കും വേണ്ടിയാണ് വികസനം എന്ന ബോധ്യം എല്ലാവര്‍ക്കും ഉണ്ടാകാണം. എതിര്‍ക്കാന്‍ വേണ്ടി എതിര്‍ക്കുകയോ നടപ്പിലാക്കാന്‍ വേണ്ടി മാത്രം എന്തെങ്കിലും നടപ്പിലാക്കുകയോ അല്ല വേണ്ടത്. വികസന പദ്ധതികള്‍ നടപ്പിലാക്കാനായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുന്നതിന് ഒറ്റക്കെട്ടായി നില്‍ക്കണം’. കെ വി തോമസ് പറഞ്ഞു.

സില്‍വര്‍ലൈന്‍ സര്‍വേയുടെ ഭാഗമായ അതിരടയാള കല്ലിടലിനെതിരെ പ്രതിപക്ഷം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ പ്രതിഷേധം നടത്തുന്നതിനിടെയാണ് കെ വി തോമസിന്റെ പ്രതികരണം. യൂത്ത് കോണ്‍ഗ്രസ് വിവിധയിടങ്ങളില്‍ പ്രതിഷേധം കടുപ്പിക്കുകയാണ്. പല പ്രദേശങ്ങളിലും അധികൃതര്‍ സ്ഥാപിച്ച അതിരടയാളക്കല്ലുകള്‍ പ്രവര്‍ത്തകര്‍ പിഴുതെറിഞ്ഞു.

സില്‍വര്‍ലൈന്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി ഇന്നലെയും ആവര്‍ത്തിച്ചു. പദ്ധതിയുടെ ഭാഗമായി ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് കമ്പോളവിലയുടെ ഇരട്ടിയിലധികം നഷ്ടപരിഹാരം നല്‍കും. ആവശ്യമെങ്കില്‍ അതുക്കും മേലെ നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ തയാറാണെന്ന് പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു.

Advertisment