കണ്ണൂര്‍: സി.പി.എം 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് പതാക ഉയര്‍ന്നു. സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തിയതോടെയാണ് പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായത്. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ്.രാമചന്ദ്രൻ പിള്ള, എം.എ.ബേബി, മണിക് സർക്കാർ, ബിമൻ ബസു, വൃന്ദ കാരാട്ട് തുടങ്ങിയവർ പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുത്തു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.
ബുധനാഴ്ച രാവിലെ പത്തിന് പ്രതിനിധി സമ്മേളനം ആരംഭിക്കും. ഇ.കെ നായനാര്‍ അക്കാദമിയാണ് സമ്മേളനത്തിന്റെ വേദി. മുതിര്‍ന്ന പി.ബി അംഗം എസ്. രാമചന്ദ്രപിള്ള പ്രതിനിധി സമ്മേളനത്തിന് പതാക ഉയര്‍ത്തും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും. പൊളിറ്റ് ബ്യൂറോ അംഗവും തൃപുര മുന്‍ മുഖ്യമന്ത്രിയുമായ മണിക് സര്‍ക്കാരാണ് പ്രസീഡിയം കമ്മറ്റി ചെയര്‍മാന്‍. അദ്ദേഹം അധ്യക്ഷനായ ഏഴംഗ പ്രസീഡിയമായിരിക്കും പാര്‍ട്ടി കോണ്‍ഗ്രസ് നിയന്ത്രിക്കുക.
പതാക ഉയർത്തിയ ശേഷം നടത്തിയ പ്രസംഗത്തിൽ കോൺഗ്രസിനും മുസ്ലീംലീഗിനുമെതിരെ അതിരൂക്ഷ വിമർശനമാണ് മുഖ്യമന്ത്രി നടത്തിയത്. നാടിനെ തകർക്കുന്ന നയം ശക്തിപ്പെടുമ്പോൾ അതിനെതിരെ ശബ്ദമുയർത്താൻ കോൺഗ്രസിനും മുസ്ലീം ലീഗിനും സാധിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി.തോമസ് പങ്കെടുത്തേക്കുമെന്ന് അഭ്യൂഹം. സെമിനാറിൽ കെ.വി.തോമസിന്റെ പേരു വീണ്ടും ഉൾപ്പെടുത്തി. കോൺഗ്രസ് എംപി ശശി തരൂരിന്റെ പേര് ഒഴിവാക്കി. തരൂർ പങ്കെടുക്കേണ്ട സെമിനാറിലാണ് കെ.വി.തോമസിന്റെ പേര് ഉൾപ്പെടുത്തിയത്.
അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് കെ.വി തോമസ് പറഞ്ഞു. 2024 ൽ ദേശീയ തലത്തിൽ കോൺഗ്രസ് നേത്യത്വം കൊടുക്കുന്ന സഖ്യം കേന്ദ്രത്തിൽ ഉണ്ടാകേണ്ടതുണ്ട്. അതിന് സി പി എം പിന്തുണയും അനിവാര്യമാണ്. കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ സംബന്ധിച്ച സെമിനാറിലേക്കാണ് തന്നെ വിളിച്ചിരിക്കുന്നത്. പാർട്ടി നോക്കിയാണ് തന്നെ ക്ഷണിച്ചതെന്ന് കരുതുന്നില്ല. വിഷയത്തെപറ്റി അറിവുള്ളയാൾ എന്ന നിലയിൽ കൂടിയാണ് വിളിച്ചത് എന്നും കെ വി തോമസ് പറഞ്ഞു.