പ്രതിപക്ഷ നേതാവിന്റെ പരിപാടി ബഹിഷ്‌കരിച്ച ഡിസിസി പ്രസിഡന്റിനെ ഇന്നു കോട്ടയത്തെത്തിയിട്ടും ഗൗനിക്കാതെ പ്രതിപക്ഷ നേതാവ് ! ഡിസിസി പ്രസിഡന്റിന്റെ സ്വന്തം നാട്ടിലെ പരിപാടിക്കെത്തിയ വിഡി സതീശനെ കണ്ട ഉടനെ തന്നെ ഡിസിസി പ്രസിഡന്റ് മടങ്ങി. നാട്ടകത്തെ കണ്ടഭാവം നടിക്കാതെ പ്രതിപക്ഷ നേതാവും ! പ്രതിപക്ഷ നേതാവിന്റെ മറ്റു പരിപാടികളിലും നാട്ടകത്തെ കണ്ടില്ല. വിട്ടുനില്‍ക്കല്‍ വിവാദത്തില്‍ വിശദീകരണം നല്‍കിയാലുടന്‍ നാട്ടകത്തിനെതിരെ നടപടി വരും

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

കോട്ടയം: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പങ്കെടുത്ത കെ-റെയില്‍ പ്രതിഷേധ പരിപാടിയില്‍ നിന്നും ഡിസിസി പ്രസിഡന്റ് വിട്ടുനിന്ന സംഭവത്തില്‍ വിവാദം തണുക്കുന്നില്ല. ഇന്ന് പ്രതിപക്ഷ നേതാവ് ജില്ലയില്‍ പങ്കെടുത്ത പരിപാടികളില്‍ ഡിസിസി പ്രസിഡന്റ് വന്നു തല കാണിച്ചെങ്കിലും പ്രതിപക്ഷ നേതാവ് ഗൗനിച്ചില്ല.

ഇന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ സ്വന്തം പഞ്ചായത്തില്‍ ഒരു സമുദായ സംഘടനയുടെ പരിപാടിയില്‍ പങ്കെടുക്കാനാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എത്തിയത്. പ്രതിപക്ഷ നേതാവ് എത്തിയ സമയം നാട്ടകം സുരേഷ് സ്ഥലത്തുണ്ടായിരുന്നു. പ്രതിപക്ഷ നേതാവിനെ കണ്ടെങ്കിലും കൂടുതല്‍ സംഭാഷമുണ്ടായില്ല.

പിന്നീട് പ്രതിപക്ഷ നേതാവ് പരിപാടിയില്‍ പങ്കെടുക്കാനായി കയറി. ഈ സമയം ഡിസിസി പ്രസിഡന്റ് സ്ഥലം കാലിയാക്കി. പിന്നീട് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളെ കണ്ടപ്പോഴും ഡിസിസി പ്രസിഡന്റ് സ്ഥലത്തുണ്ടായിരുന്നില്ല.

ഇതിനു ശേഷം മംഗളം ദിനപത്രത്തിന്റെ ഹെഡ് ഓഫീസും പ്രതിപക്ഷ നേതാവ് സന്ദര്‍ശിച്ചിരുന്നു. ഇവിടെയും ഡിസിസി പ്രസിഡന്റ് എത്തിയിരുന്നില്ല. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ജോസി സെബാസ്റ്റിയന്‍, അഡ്വ. അനില്‍ ബോസ് എന്നിവരടക്കമുള്ള നേതാക്കള്‍ വിഡി സതീശനൊപ്പമുണ്ടായിരുന്നു.

എന്തായാലും നേരത്തെയുണ്ടായ വിവാദത്തില്‍ ഇനിയും മഞ്ഞുരുകിയില്ലെന്നതിന്റെ വ്യക്തമായ സൂചന തന്നെയാണിത്. ഇന്നലെ പ്രതിപക്ഷ നേതാവിനെ ഡിസിസി പ്രസിഡന്റ് പലവട്ടം വിളിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തെ കിട്ടിയിരുന്നില്ല.

വിഷയത്തില്‍ നാട്ടകത്തിനെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന് തന്നെയാണ് വിവരം. നേരത്തെ പരിപാടിയില്‍ നിന്നും വിട്ടുനിന്നതില്‍ കെപിസിസിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നാട്ടകത്തോട് വിശദീകരണം ചോദിച്ചിരുന്നു. ഇതിന്റെ മറുപടി കിട്ടിയാലുടന്‍ അടുത്ത നടപടിയിലേക്ക് കടക്കാനാണ് കെപിസിസി തീരുമാനം.

Advertisment