ഇത്രയ്ക്ക് സ്ഥാനമോഹം പാടില്ലെന്നും കോണ്‍ഗ്രസ് പരമാവധി സ്ഥാനമാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും പറയുന്നത് കേള്‍ക്കുമ്പോള്‍ ചിരിക്കാതിരിക്കുന്നതെങ്ങനെ ? കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സ്ഥാനമോഹമില്ലാത്ത പത്തുപേരെ തികച്ചു കാണാനൊക്കുമോ? കെവി തോമസ് പാര്‍ട്ടി സെമിനാറില്‍ പങ്കെടുക്കാനെടുത്ത സമയം മോശമായിരുന്നു ! ചിലര്‍ക്ക് വനവാസം മുന്‍കൂട്ടി വിധിച്ചു കൊണ്ടുള്ള ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ നിന്ന് കോണ്‍ഗ്രസ് എന്നാകും വിമുക്തമാകുക- കോണ്‍ഗ്രസിനോടും കെവി തോമസിനോടും ചോദ്യങ്ങളുമായി മുതിർന്ന മാധ്യമപ്രവര്‍ത്തകന്‍ ആർ ഗോപീകൃഷ്ണന്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: കെവി തോമസ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായ സെമിനാറില്‍ പോകാനെടുത്ത തീരുമാനത്തിന്റെ രണ്ടുവശങ്ങളും നിരീക്ഷിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഗോപീകൃഷ്ണന്റെ കുറിപ്പ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. പുകയും കൊള്ളിയും എന്ന തലക്കെട്ടില്‍ അദ്ദേഹം ഫേസ്ബുക്കിലാണ് തന്റെ നിരീക്ഷണങ്ങള്‍ കുറിച്ചത്.

സിപിഎം മാത്രമല്ല ഏതു പാര്‍ട്ടിയും ഒരു ദേശീയതല സെമിനാര്‍ നടത്തിയാല്‍ ക്ഷണിക്കപ്പെടാന്‍ അര്‍ഹതയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ എത്ര പേരുണ്ടെന്ന് ഗോപീകൃഷ്ണന്‍ ചോദിക്കുന്നു. വയലാര്‍ രവി, എ.കെ.ആന്റണി, പ്രൊഫ.പി.ജെ.കുര്യന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, ശശി തരൂര്‍, കെ.വി.തോമസ് തുടങ്ങി ഏതാനും നേതാക്കള്‍ മാത്രമാണ് ദേശീയ തലത്തില്‍ പരിചയവും വിഷയങ്ങളില്‍ അവഗാഹവും ഉള്ളവരായി കോണ്‍ഗ്രസ് നിരയില്‍ ശേഷിക്കുന്നത്.

വേണമെങ്കില്‍ വി.എം.സുധീരനെയും രമേശ് ചെന്നിത്തലയെയും കെ.സി.വേണുഗോപാലിനെയും കൂടി ഉള്‍പ്പെടുത്തി പട്ടിക നീട്ടാന്‍ കഴിഞ്ഞേക്കും. എന്നാല്‍ കെവി തോമസിനെ സെമിനാറിലേക്ക് വിളിച്ചതില്‍ സവിശേഷമായ പലതും ഉണ്ടെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ഭക്ഷ്യ സുരക്ഷാ നിയമടക്കം പാസാക്കുന്നതില്‍ തോമസ് വഹിച്ച പങ്കും എടുത്തു കാട്ടുന്നുണ്ട്.

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തോമസിനോട് താല്‍പര്യമില്ല. കെ.വി.തോമസ് സ്വയം രാഷ്ട്രീയ വനവാസം പ്രഖ്യാപിക്കണം എന്നതാണ് പല നേതാക്കളുടെയും ഉള്ളിലെന്നും അദ്ദേഹം തുറന്നടിക്കുന്നു. പക്ഷേ കെവി തോമസ് ഈ സമയത്തെ ഓര്‍ക്കണമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. കെ-റെയില്‍ സമരം കൊടുമ്പിരി കൊള്ളുമ്പോള്‍, കണ്ണൂരില്‍ സെമിനാറില്‍ പങ്കെടുത്ത് പാര്‍ട്ടിയുടെ പോരാട്ടവീര്യം കെടുത്തേണ്ടതുണ്ടോയെന്ന് തോമസ് ചിന്തിക്കണമായിരുന്നു.

ചിലര്‍ക്ക് വനവാസം മുന്‍കൂട്ടി വിധിച്ചു കൊണ്ടുള്ള ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ നിന്ന് കോണ്‍ഗ്രസ് എന്നാകും വിമുക്തമാകുകയെന്നും അദ്ദേഹം ചോദിക്കുന്നു.

ഗോപീകൃഷ്ണന്റെ കുറിപ്പ് ഇങ്ങനെ :

പുകയും കൊള്ളികളും

ഫ്രഞ്ച് ചാരക്കേസ് വലിയ കോളിളക്കമുണ്ടായപ്പോള്‍ ആകെ തകര്‍ന്നു പോയ പ്രൊഫ. കെ.വി.തോമസിനെ ലീഡര്‍ കെ.കരുണാകരനാണ് ആശ്വസിപ്പിച്ചത്.

'രാഷ്ടീയത്തിലിറങ്ങിയാല്‍ ഇതും ഇതിലപ്പുറവും കേള്‍ക്കേണ്ടിയും അനുഭവിക്കേണ്ടിയും വരും. മാഷ് ഒരു കാര്യം ഓര്‍ത്താല്‍ മതി. മൈല്‍ക്കുറ്റികളെ ആരും കല്ലെറിയാറില്ല. കായ്ഫലമുള്ള മാവിന് ഏറ് കൂടുതല്‍ കൊള്ളേണ്ടിവരും.'

എന്തോ, അതിനു ശേഷം ഏറോട് ഏറ് തന്നെയായിരുന്നു സ്വന്തം പാര്‍ട്ടിക്കാര്‍.

ഇത്രയ്ക്ക് സ്ഥാനമോഹം പാടില്ലെന്നും കോണ്‍ഗ്രസ് പരമാവധി സ്ഥാനമാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും പറയുന്നത് കേള്‍ക്കുമ്പോള്‍ ചിരിക്കാതിരിക്കുന്നതെങ്ങനെ? കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സ്ഥാനമോഹമില്ലാത്ത പത്തുപേരെ തികച്ചു കാണാനൊക്കുമോ? രാഷ്ട്രീയത്തില്‍ സ്ഥാനങ്ങള്‍ക്ക് എന്നു മുതലാണ് പതിത്വം ഉണ്ടായത്?

കെ.വി.തോമസിന് സ്ഥാനവും സ്ഥാനാര്‍ഥിത്വവുമൊന്നും ആരും തളികയില്‍ വച്ചു നല്‍കിയതല്ല. തന്ത്രങ്ങള്‍ മെനഞ്ഞും കരുക്കള്‍ വെട്ടിയും ഒഴിവ് കണ്ടും പിന്തുണയ്ക്കുന്നവരെ സംഘടിപ്പിച്ചുമെല്ലാമാണ് അദ്ദേഹം ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയ നേതാക്കളും മുന്നില്‍ കയറിയിട്ടുള്ളത്. എങ്കിലും വിമര്‍ശനങ്ങളോട് അസഹിഷ്ണുതയില്ലാത്ത, അവഗണനകളെ പരമാവധി സഹിക്കുന്ന മനസ് കെ.വി.തോമസിനെ വ്യത്യസ്തനാക്കുന്നതായി തോന്നിയിട്ടുണ്ട്.

കെ.വി.തോമസ് സ്വയം രാഷ്ട്രീയ വനവാസം പ്രഖ്യാപിക്കണം എന്നതാണ് പല നേതാക്കളുടെയും ഉള്ളില്‍.

സിപിഎം മാത്രമല്ല, ഏതു പാര്‍ട്ടിയും ഒരു ദേശീയതല സെമിനാര്‍ നടത്തിയാല്‍ ക്ഷണിക്കപ്പെടാന്‍ അര്‍ഹതയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ എത്ര പേരുണ്ട് ? വയലാര്‍ രവി, എ.കെ.ആന്റണി, പ്രൊഫ.പി.ജെ.കുര്യന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, ശശി തരൂര്‍, കെ.വി.തോമസ് തുടങ്ങി ഏതാനും നേതാക്കള്‍ മാത്രമാണ് ദേശീയ തലത്തില്‍ പരിചയവും വിഷയങ്ങളില്‍ അവഗാഹവും ഉള്ളവരായി കോണ്‍ഗ്രസ് നിരയില്‍ ശേഷിക്കുന്നത്. വേണമെങ്കില്‍ വി.എം.സുധീരനെയും രമേശ് ചെന്നിത്തലയെയും കെ.സി.വേണുഗോപാലിനെയും കൂടി ഉള്‍പ്പെടുത്തി പട്ടിക നീട്ടാന്‍ കഴിഞ്ഞേക്കും.

മുന്‍ കേന്ദ്ര മന്ത്രിമാരുടെ തലമുറയില്‍ നിന്ന് സി പി എം തരൂരിനെയും കെ.വി.തോമസിനെയും ക്ഷണിച്ചതില്‍ അപാകതയുണ്ടെന്ന് കരുതാനാവില്ല. കേന്ദ്ര മന്ത്രിയായി എന്നത് മാത്രമല്ല കെ.വി.തോമസിന്റെ പ്രത്യേകത. ജന്മനിയോഗം പോലെ ഭക്ഷ്യ സുരക്ഷാ നിയമം കൊണ്ടുവന്നതും പി എ സി അധ്യക്ഷ പദവി പൊതുസമ്മതിയോടെ കൈകാര്യം ചെയ്തതുമാണ്.

ഭക്ഷ്യ സുരക്ഷാ ബില്‍ നടപ്പാക്കി കഴിഞ്ഞുള്ള കെ.വി.തോമസ് ആദ്യകാലത്തെ പല ചുമടുകളും ഇറക്കി വച്ച് മറ്റൊരു തലത്തിലേക്കു വളര്‍ന്നതായി തോന്നിയിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടി നേതൃത്വം അപ്പോഴേക്കും ഇടം തിരിഞ്ഞിരുന്നു. യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ആ ബില്ലാണ് കൊവിഡ് കാലത്ത് ജനകോടികളെ പട്ടിണിയിലാക്കാതെ രക്ഷിച്ചത്.

പ്രശ്നം ടൈമിങ്ങാണ്. കെ-റെയില്‍ സമരം കൊടുമ്പിരി കൊള്ളുമ്പോള്‍, കണ്ണൂരില്‍ സെമിനാറില്‍ പങ്കെടുത്ത് പാര്‍ട്ടിയുടെ പോരാട്ടവീര്യം കെടുത്തേണ്ടതുണ്ടോ? ഈ ചോദ്യം കെ.വി.തോമസിനോട് നേരിട്ട് ചോദിക്കാനും അനുനയിപ്പിക്കാനും ആരും ശ്രമിക്കാതിരുന്നത് എന്തുകൊണ്ടാവാം?

ചിലര്‍ക്ക് വനവാസം മുന്‍കൂട്ടി വിധിച്ചു കൊണ്ടുള്ള ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ നിന്ന് ഈ പാര്‍ട്ടി എന്നാകും വിമുക്തമാകുക?

പുകഞ്ഞ കൊള്ളി പുറത്ത് എന്നതാണ് ലോക നിയമം. പുറത്തു പോകാന്‍ കൂട്ടാക്കാത്തവരെ പുകച്ച് പുറത്തു ചാടിക്കുന്നതും നാട്ടുനടപ്പ്. സുദീര്‍ഘമായ ഇന്നിങ്‌സിനൊടുവില്‍ കെ.കരുണാകരനും കെ.ആര്‍.ഗൗരിയമ്മയുമെല്ലാം പുകയാതെ പുറത്താക്കപ്പെട്ടവരാണ്. ഘര്‍ വാപസി തലവരയിലുണ്ടായിരുന്നതുകൊണ്ട് ഇരുവര്‍ക്കും പാര്‍ട്ടി പതാക പുതയ്ക്കാനായി.

നവംബറിന്റെ നഷ്ടം, ഡിസംബറിന്റെ ലാഭം എന്നൊരു പഴയ പരസ്യവാചകമാണ് ഓര്‍മയില്‍ വരുന്നത്.

Advertisment