/sathyam/media/post_attachments/24R72dBf7EsBPo4IRPzs.jpg)
കണ്ണൂര്‍: തനിക്കെതിരെ നടപടി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച കത്തിനെ ഭയപ്പെടുന്നില്ലെന്നും, കോണ്‍ഗ്രസില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും കെ.വി. തോമസ്. കോൺഗ്രസിൻ്റ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കാനാവില്ല.കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ് എന്നും കെ വി തോമസ് പ്രതികരിച്ചു.
സമാനവേദികൾ വന്നാൽ ഇനിയും പങ്കെടുക്കും. കെ സുധാകരന് നല്ല കൈപ്പടയുണ്ട്, കത്തെഴുതാം. ആ കത്തിനെ ഭയക്കുന്നില്ല. താൻ ദീർഘകാലം ജനപ്രതിനിധി ആയത് ജനങ്ങളുടെ അംഗീകാരമുള്ളതിനാലാണ്. ജനാധിപത്യ പാർട്ടിയായ കോൺഗ്രസിൽ നിന്ന് അഭിപ്രായം പറയുന്നവരെ പുറത്താക്കുകയാണെങ്കിൽ എ.കെ.ആൻറണിയെയും വയലാർ രവിയെയും പുറത്താക്കണമായിരുന്നു എന്നും കെ വി തോമസ് പറഞ്ഞു.
നേരത്തെ തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് സുധാകരന്‍ സോണിയക്ക് കത്തയച്ചിരുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരമാണ് കെ.വി തോമസ് സിപിഎം സെമിനാറില്‍ പങ്കെടുത്തത്. അദ്ദേഹം ലംഘിച്ചത് പാര്‍ട്ടി മര്യാദയും അച്ചടക്കവുമാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം അദ്ദേഹം വ്രണപ്പെടുത്തിയെന്നും കെപിസിസി അധ്യക്ഷന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
സെമിനാറില്‍ പങ്കെടുത്തത് മുന്‍കൂട്ടിയുള്ള തിരക്കഥ പ്രകാരമാണ്. ഒരുവര്‍ഷമായി സിപിഎം നേതാക്കളുമായി ചര്‍ച്ചയിലായിരുന്നെന്നും കത്തില്‍ പറയുന്നു. കൊച്ചിയിലെ വാർത്താസമ്മേളനം അച്ചടക്ക ലംഘനമാണെന്ന് കാണിച്ച് കെപിസിസി എഐസിസിക്ക് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. സുധാകരന്‍ സോണിയ ഗാന്ധിക്ക് കത്തുനല്‍കിയതോടെ കെ വി തോമസിന് എതിരെ നടപടി എന്തുവേണമെന്ന് ഇനി ഹൈക്കമാന്‍ഡ് തീരുമാനിക്കും.