/sathyam/media/post_attachments/IKknJLrtuY8yaYDLMRf6.jpg)
തിരുവനന്തപുരം: സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത കെ.വി.തോമസ് കോൺഗ്രസിൽനിന്ന് പുറത്താകുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. കെ.വി.തോമസ് കോൺഗ്രസിന്റെ പ്രഖ്യാപിത ശത്രുവാണ്. തോമസിനെ ഞങ്ങൾക്കു വേണ്ട. തോമസ് പാർട്ടിയിൽനിന്ന് പോയിക്കഴിഞ്ഞു. ഈ ചതിയും വഞ്ചനയും ജനം തിരിച്ചറിയും. എഐസിസി ഉചിതമായ തീരുമാനം എടുക്കുമെന്നും സുധാകരൻ പറഞ്ഞു.
കെ വി തോമസ് കാണിച്ചത് രാഷ്ട്രീയ തറവാടിത്തമില്ലായ്മയാണ്. അദ്ദേഹം കച്ചവടം നടത്തിയിട്ട് നില്‍ക്കുകയാണ്. നടന്നതെല്ലാം മുന്‍ധാരണ പ്രകാരമുള്ള കാര്യങ്ങളാണ്. തോമസിന് വാരിക്കോരി സ്ഥാനമാനങ്ങൾ കൊടുത്തതിൽ സഹതപിക്കുന്നതായും കെ സുധാകരന്‍ പറഞ്ഞു.
കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരത്തെയാണ് അദ്ദേഹം വ്രണപ്പെടുത്തിയത്. കെ.വി. തോമസ് സി.പി.എമ്മുമായി രാഷ്ട്രീയകച്ചവടം നടത്തി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്ത് അഭയം തേടിയ കെ.വി. തോമസിനെ ഇനി കോണ്‍ഗ്രസിന് ആവശ്യമില്ല. അര്‍ഹതയില്ലാത്ത കയ്യിലാണ് അധികാരവും പദവിയും വാരിക്കോരി കൊടുത്തതെന്ന് ഇപ്പോള്‍ ഞങ്ങള്‍ തിരിച്ചറിയുന്നുവെന്നും സുധാകരന്‍ പ്രതികരിച്ചു.
സ്വന്തം നാട്ടുകാരും അച്യുതാനന്ദനും ആണ് തിരുത തോമസെന്ന് അദ്ദേഹത്തെ വിളിച്ചത്. മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്ന് വന്നെന്ന് പറയുന്ന തോമസിന്‍റെ ആസ്തി എത്രയാണെന്ന് പരിശോധിക്കണമെന്നും സുധാകരന്‍ പറഞ്ഞു.