/sathyam/media/post_attachments/NnDDhef5BdIN0TFaTlpe.jpg)
കണ്ണൂർ: നരേന്ദ്ര മോദിയും ബിജെപിയും ചുവന്ന പതാകയെ ഭയക്കുന്നുണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഫാസിസം അവസാനിപ്പിച്ച പതാകയെ മോദിക്കും ബിജെപിക്കുമറിയാം. ഈ ശക്തിയാണ് അവർ ഭയക്കുന്നത്. ഈ ചരിത്രം അവർ മനസ്സിലാക്കണമെന്നും അദ്ദേഹം സിപിഎം പാർട്ടി കോൺഗ്രസ് സമാപന സമ്മേളനത്തിൽ പറഞ്ഞു.
കണ്ണൂർ വിപ്ലവ രക്തസാക്ഷികളുടെ മണ്ണാണ്. ഇവിടെ നടന്ന പാർട്ടി കോൺഗ്രസിൽ എല്ലാം ഒറ്റക്കെട്ടായിട്ടാണ് തീരുമാനിച്ചത്. കേരളത്തിൽ മാത്രം ഒതുങ്ങുന്ന പാർട്ടി എന്ന് പ്രധാനമന്ത്രി പറയാറുണ്ട് എന്നാൽ ഇടതുപക്ഷത്തിൻ്റെ ശക്തി ഇല്ലാതാക്കാൻ ആവില്ല എന്ന് അദ്ദേഹത്തിന് അറിയാം. ഈ പാർട്ടിയെ ഇല്ലാതാക്കാം എന്ന് കരുതേണ്ട.
ഹിന്ദി ഭാഷ നിർബന്ധമാക്കണമെന്ന് ആഭ്യന്തര മന്ത്രി പറയുന്നു. ഭാഷ അടിസ്ഥാനത്തിൽ രൂപീകരിച്ച രാജ്യമാണ് ഇന്ത്യ. ഇത് ഫെഡറലിസത്തിന് വെല്ലുവിളിയാണ്. മനുഷ്യരെ മനുഷ്യരായി കാണുന്ന ഒരേഒരു സംസ്ഥാനമാണ് കേരളം. സൗഹാർദ്ദ അന്തരീക്ഷം ഇപ്പോഴും ഇവിടെ നിലനിൽക്കുന്നു. കേരള മോഡൽ രാജ്യത്ത് ഒട്ടാകെ വരേണ്ടതായിട്ടുണ്ട്.
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇന്ന് എവിടെ എത്തി നിൽക്കുന്നുവെന്ന് കോൺഗ്രസ് സ്വയം പരിശോധിക്കണം. എല്ലാ മതനിരപേക്ഷ ശക്തികളയും ഒന്നിപ്പിക്കാനുള്ള ശ്രമത്തിലാണ് സിപിഎം. കോൺഗ്രസ് മതനിരപേക്ഷതയോടൊപ്പമാണോ അല്ലയോ എന്ന് രാജ്യത്തോട് തുറന്നുപറയണമെന്നും അദ്ദേഹം പറഞ്ഞു.