പെറ്റിയടിക്കാനും കുറ്റിയടിക്കാനും മാത്രമായി കേരള പോലീസിനെ ഭരണകൂടം അധ:പതിപ്പിച്ചിരിക്കുന്നു! ഒരു വകുപ്പ് പോലും നേരേ ചൊവ്വേ ഭരിക്കാനറിയാത്ത മനുഷ്യനെയാണ് കോടികൾ മുടക്കി പരസ്യം ചെയ്ത് കഴിവുള്ളവനാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചത്; എഴുതിക്കൊടുക്കുന്ന ചോദ്യങ്ങളുമായി ചെന്ന് പഞ്ചപുച്ഛമടക്കി പിണറായി വിജയൻ്റെ നാടകത്തിന് കൂട്ടുനിന്ന മാധ്യമങ്ങൾക്കും കേരളത്തിൻ്റെ ദുരവസ്ഥയിൽ പ്രധാന പങ്ക് ഉണ്ട്-ആഞ്ഞടിച്ച് കെ. സുധാകരന്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: പാലക്കാട് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ നടന്ന ഇരട്ടക്കൊലപാതകങ്ങളുടെ ഞെട്ടലിലാണ് കേരളം. ഇതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ഉന്നയിക്കുന്നത്. പെറ്റിയടിക്കാനും കുറ്റിയടിക്കാനും മാത്രമായി കേരള പൊലീസിനെ ഭരണകൂടം അധപതിപ്പിച്ചതായി സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്...

എസ്ഡിപിഐ-യെയും ആർഎസ്എസ്-നെയും നിയന്ത്രിക്കാൻ പിണറായി വിജയന് കഴിവില്ല എന്ന് കോടിയേരി ബാലകൃഷ്ണൻ പരോക്ഷമായി വ്യക്തമാക്കിയിരിക്കുന്നു. മൂന്ന് വർഷത്തിനിടെ 1065 കൊലപാതകങ്ങൾ നടന്നുവെന്ന് മാധ്യമങ്ങൾ പറയുന്നു.

പെറ്റിയടിക്കാനും കുറ്റിയടിക്കാനും മാത്രമായി കേരള പോലീസിനെ ഭരണകൂടം അധ:പതിപ്പിച്ചിരിക്കുന്നു. ഒരു വകുപ്പ് പോലും നേരേ ചൊവ്വേ ഭരിക്കാനറിയാത്ത മനുഷ്യനെയാണ് കോടികൾ മുടക്കി പരസ്യം ചെയ്ത് കഴിവുള്ളവനാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചത്. എഴുതിക്കൊടുക്കുന്ന ചോദ്യങ്ങളുമായി ചെന്ന് പഞ്ചപുച്ഛമടക്കി പിണറായി വിജയൻ്റെ നാടകത്തിന് കൂട്ടുനിന്ന മാധ്യമങ്ങൾക്കും കേരളത്തിൻ്റെ ദുരവസ്ഥയിൽ പ്രധാന പങ്ക് ഉണ്ട്.

ഇപ്പോൾ പോലും മുഖ്യമന്ത്രിയോട് ശക്തമായ ചോദ്യങ്ങൾ ചോദിക്കാൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ല. ശരിയായ പത്ര സമ്മേളനങ്ങളെ അഭിമുഖീകരിക്കാൻ കഴിവില്ലാത്ത ആളാണ് പിണറായി വിജയൻ എന്ന സത്യം ജനം തിരിച്ചറിയരുതെന്ന് മാധ്യമങ്ങളിലെ സിപിഎം താരാട്ടുപാട്ടുകാർക്ക് നിർബന്ധമുണ്ട്.

ഒന്നോർക്കുക, ജാതി-മത- വർഗീയ ശക്തികളെ തരാതരം പോലെ പ്രീണിപ്പിച്ച് അധികാരം നിലനിർത്താൻ പിണറായി വിജയന് കഴിഞ്ഞിട്ടുണ്ടാകാം.പക്ഷേ ജനങ്ങളെ വർഗ്ഗീയമായി തമ്മിലടിപ്പിച്ച് ഭരണകൂടത്തിൻ്റെ കഴിവുകേടുകളിൽ നിന്ന് ശ്രദ്ധ തിരിക്കാമെന്ന് പിണറായി വ്യാമോഹിക്കേണ്ട.

നാണവും മാനവും രാഷ്ട്രീയ ധാർമികതയും ഉണ്ടെങ്കിൽ ഇനിയും കടിച്ചു തൂങ്ങിക്കിടക്കാതെ ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെക്കാൻ പിണറായി വിജയൻ തയ്യാറാകണം. അതിന് മടി കാണിച്ചാൽ ആഭ്യന്തര മന്ത്രിയെ മാറ്റാൻ ഉള്ള ധൈര്യം സിപിഎം സംസ്ഥാന കമ്മിറ്റി കാണിക്കണം.കാരണം പിണറായി വിജയൻ്റെ അധികാര മോഹത്തേക്കാൾ വലുതാണ് കേരളത്തിലെ ജനങ്ങളുടെ സുരക്ഷയും സമാധാനവും.

Advertisment