/sathyam/media/post_attachments/CHgA6EMRJPVadYtZO4be.jpg)
കൊല്ലം: കൊല്ലം ജില്ലയിൽ ആദ്യമായി എച്ച്ഐവി സ്ഥിരീകരിച്ച കുടുംബത്തിലെ അവസാന കണ്ണിയായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര തൃക്കണ്ണമംഗൽ സ്വദേശി ബെൻസൻ ആണ് മരിച്ചത്. വിവേചനത്തിന്റേയും അവഗണനയുടേയും കയ്പുനീര്‍ കുടിച്ച ബെന്‍സണ്‍ന്റേയും ബെന്‍സിയുടേയും ജീവിതം മലയാളികള്‍ക്ക് മറക്കാനാകില്ല.
അച്ഛനും അമ്മയും എയ്ഡ്‌സ് രോഗം വന്ന് മരിച്ചതോടെയാണ് ഇരുവരും നാട്ടില്‍ നിന്നും സ്‌കൂളില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടത്. എയ്ഡ്സ് രോഗബാധിതരായ മാതാപിതാക്കളുടെ മക്കള്‍ എന്നതായിരുന്നു അന്ന് സമൂഹം അവര്‍ക്ക് ചാര്‍ത്തി നല്‍കിയ മേല്‍വിലാസം.
അന്ന് കേന്ദ്രമന്ത്രിയായിരുന്ന സുഷമാ സ്വരാജ് ഉള്‍പ്പെടെയുളളവര്‍ ബെന്‍സണെയും ബെന്‍സിയെയും പിന്തുണച്ച് ചേര്‍ത്ത് നിര്‍ത്തി. സുഷമ സ്വരാജിനെ 2003 സെപ്‌റ്റംബർ 28നു തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വച്ചു കണ്ടതാണ് ഇരുവരുടെയും ജീവിതത്തില്‍ വഴിത്തിരിവായത്.
ഇരുവരെയും കണ്ടപാടേ സുഷമ മടിയിലിരുത്തി. കുശലാന്വേഷണങ്ങൾ നടത്തി. സുഷമയുടെ പ്രത്യേക താൽപര്യപ്രകാരമായിരുന്നു ഇരുവരും അന്ന് പ്രസ് ക്ലബ്ബിൽ എത്തിയത്. ഇരുവരെയും കെട്ടിപ്പിടിച്ച് നെറുകയിൽ ചുംബിച്ച സുഷമ, അഞ്ചു വർഷത്തെ ഭാരിച്ച ചികിത്സാ ചെലവിനുള്ള സംവിധാനവും ശരിയാക്കിയാണ് മടങ്ങിയത്.
ആദിച്ചനല്ലൂരിനു സമീപം കുമ്മല്ലൂർ കട്ടച്ചൽ ബിൻസി ബംഗ്ലാവിൽ പരേതരായ സി.കെ.ചാണ്ടിയുടെയും മേരി ജോണിന്റെയും മക്കളാണ് ബെന്‍സനും ബെന്‍സിയും. സി.കെ.ചാണ്ടി 1997ലും മേരി ചാണ്ടി 2000ലും മരിച്ചതിനെ തുടർന്നു മുത്തച്‌ഛൻ ഗീവർഗീസ് ജോണിയുടെയും മുത്തശ്ശി സാലമ്മയുടെയും സംരക്ഷണയിലായിരുന്നു ഇരുവരും.
രോഗം മൂർച്ഛിച്ച് 10 വർഷം മുമ്പ് ബെൻസി ജീവിതത്തിൽ നിന്ന് യാത്ര പറഞ്ഞു. അടുത്തിടെ അമ്മൂമ്മയും മരിച്ചതോടെ ഒറ്റയ്ക്കായ ബെൻസൻ കഴിഞ്ഞ ഒരു വർഷക്കാലമായി മറ്റൊരു ബന്ധുവിനൊപ്പമായിരുന്നു താമസം. രോഗത്തിന് തുടർചികിത്സ തേടിയിരുന്നെങ്കിലും രോഗത്തിൻ്റേതായ ശാരീരിക ബുദ്ധിമുട്ടുകളൊന്നും ഇല്ലാതെയായിരുന്നു ജീവിതം.
ഇതിനിടയിലാണ് ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായത്. പ്രണയിനിയുമായുളള പിണക്കത്തെ തുടര്‍ന്ന് ഒരാഴ്ചയായി ബെന്‍സന്‍ മാനസിക സംഘര്‍ഷത്തിലായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ഒടുവില്‍ പ്രണയ നൈരാശ്യം മൂലം ബെന്‍സണ്‍ കിടപ്പുമുറിയില്‍ ജീവനൊടുക്കി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us