/sathyam/media/post_attachments/btNpBPO9gfCK4fIzb85D.jpg)
തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിയെ എതിര്‍ക്കുന്ന പ്രതിപക്ഷം നാടിനെ പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോവുകയാണെന്നും, വരും തലമുറയെ കണ്ടുകൊണ്ടുള്ള വികസനമാണ് വേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് നടന്ന എല്‍ഡിഎഫിന്റെ കെ-റെയില്‍ രാഷ്ട്രീയ പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എന്ത് ചെയ്താലും വികസന പദ്ധതിയെ എതിര്‍ക്കുന്നവരോട് ഒന്നും പറഞ്ഞിട്ടും കാര്യമില്ലെന്നും പ്രതിപക്ഷത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പറഞ്ഞു. ഇഎംഎസ് സർക്കാർ മുതൽ ഇങ്ങോട്ടുള്ള ഇടത് സർക്കാരുകളാണ് വികസനത്തിന് വേണ്ടി പലതും ചെയ്തതെന്നും പിണറായി വിജയൻ പറഞ്ഞു. ഇഎംഎസ് സർക്കാരാണ് എല്ലാ വികസനത്തിനും അടിത്തറയിട്ട കേരളാ മോഡലിന് തുടക്കമിട്ടത്. പ്രകടനപത്രികയിൽ എൽഡിഎഫ് പറഞ്ഞത് നാടിൻ്റെ സമഗ്ര വികസനമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരള മോഡല്‍ വികസനം മാതൃകാപരമാണ്. അന്തര്‍ദേശീയ തലത്തില്‍ വരെ കേരള മോഡല്‍ പഠനമാക്കുന്നു. സര്‍വ്വതല സ്പര്‍ശിയായ വികസനം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എല്‍ഡിഎഫിന്റെ പ്രകടന പത്രികയിലെ വാഗ്ദാനവും ഇതാണ്. കെ-റെയില്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കെ റെയിലിനെ എതിർക്കുന്നവർക്ക് സർക്കാരിനെ എതിർക്കണമെന്ന ലക്ഷ്യമാണുള്ളതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. വികസന പദ്ധതികൾ തടസ്സപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യം. ആരും ഭവന, ഭൂരഹിതരാകില്ല എന്നത് എൽഡിഎഫ് നയമാണെന്നും കാനം പറഞ്ഞു. പ്രതിപക്ഷം നിലപാട് തിരുത്തണം, ഇല്ലെങ്കിൽ ജനങ്ങൾ തിരുത്തിക്കും. നാളേക്കുള്ള കരുതലാണ് സിൽവർ ലൈൻ പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.