/sathyam/media/post_attachments/AzMer9i9K74lrFIfKHdz.webp)
കൊച്ചി: ലോക പരിസ്ഥിതി ദിനത്തിൽ കെ റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ വേറിട്ട പ്രതിഷേധം. എറണാകുളം പൂക്കാട്ടുപടിയിൽ 99 വാഴകൾ നട്ടാണ് സിൽവർ ലൈൻ എതിരെ സമിതി പ്രതിഷേധം അറിയിച്ചത്. നിയമസഭയിൽ സിൽവർ ലൈനിനെതിരെ ശബ്ദിക്കാത്ത 99 ഭരണപക്ഷ എംഎൽഎമാർക്ക് പകരമായിരുന്നു വാഴ നട്ടുള്ള പ്രതിഷേധം.
അതേസമയം, സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍വ്വേയുടെ ഭാഗമായി സ്ഥാപിച്ച കല്ലുകള്‍ പിഴുതു മാറ്റി പകരം മരം നട്ടുകൊണ്ടും പ്രതിഷേധം അരങ്ങേറി. കളമശ്ശേരിയിലാണ് ഈ വ്യത്യസ്ത പ്രതിഷേധം സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് നേതാക്കളായ ജെബി മേത്തര്‍ എംപി, അൻവർ സാദത്ത് എംഎൽഎ എന്നിവരും സമരസമിതിക്കൊപ്പം ഈ പ്രതിഷേധത്തില്‍ പങ്കെടുത്തു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് സര്‍ക്കാര്‍ പാഠം പഠിക്കണമെന്നും കെ റെയില്‍ പദ്ധതിയില്‍ നിന്ന് പിന്‍മാറണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.കെ റെയില്‍ വേണ്ട, കേരളം മതിയെന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് , സര്‍വ്വേക്കല്ലുകള്‍ പിഴുതുമാറ്റി മരം നട്ടത്.
മലപ്പുറം തിരൂരിലും സിൽവർ ലൈൻ കുറ്റി പിഴുതു മാറ്റിയ സ്ഥലത്ത് വൃക്ഷതൈകൾ നട്ട് സമര സമിതി പ്രതിഷേധം ഉയർത്തി. പരപ്പനങ്ങാടി, തൃക്കണ്ടിയൂർ, താനാളൂർ തെക്കൻ കുറ്റൂര് കോലുപാലം മേഖലകളിലാണ് സമര മരം നട്ടത്.
സമരക്കാരുടെ നേതൃത്വത്തിൽ സിൽവർ ലൈൻ കുറ്റികളെ പിഴുതുമാറ്റി പ്രതീകാത്മകമായി ശവസംസ്കാരവും നടത്തി. കെ റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെ നിരവധി ആളുകൾ പങ്കെടുത്തു.