/sathyam/media/post_attachments/J7ZFV7vOANpJjlq0tYDI.jpg)
പാലാ: കടനാട് പഞ്ചായത്തിലെ റോഡ് പുനരുദ്ധാരണത്തിന് പണം അനുവദിച്ചെന്ന് പാല എംഎൽഎ മാണി സി കാപ്പൻ വ്യാജ പ്രചാരണം നടത്തുന്നതായി ആക്ഷേപമുയരുന്നു. സർക്കാർ രേഖകൾ പോലും തിരുത്തിയാണ് മാണി സി കാപ്പൻ തൻ്റെ അവകാശവാദമുന്നയിച്ച് ഫ്ലക്സ് വച്ചതെന്നാണ് ആരോപണം.
കടനാട് പഞ്ചായത്തിലെ കടനാട് -കവുങ്ങുംമറ്റം - വാളികുളം റോഡിന്റെ പുനരുദ്ധാരണത്തിന് തുക അനുവദിച്ചതുമായി ബന്ധപ്പെട്ട് സ്ഥലം എം എൽ എ ഫ്ലക്സ് വച്ചതാണ് വിവാദത്തിൻ്റെ തുടക്കം. ഫ്ലക്സിൽ എം എൽ എ യുടെ ചിത്രത്തിനോടൊപ്പം ഈ തുക അനുവദിച്ചതുമായി ബന്ധപ്പെട്ട രേഖയും ചേർത്തു.
/sathyam/media/post_attachments/hwqIGujikjoAFHNf77Yx.jpg)
ഈ ബോർഡ് കണ്ടതോടെ എൽ ഡി എഫ് പ്രവർത്തകർ രംഗത്ത് വന്നു. ഈ റോഡിന് ഫണ്ട് അനുവദിക്കുന്നതിന് ജോസ് കെ മാണി എം പി വഴി മുൻകൈയെടുത്തതാണെന്ന് എൽഡിഎഫ് കടനാട് മണ്ഡലം കമ്മിറ്റി വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ വ്യക്തമാണ്.
/sathyam/media/post_attachments/gAwzLHHmInPDIL4o12C9.jpg)
റവന്യൂ വകുപ്പ് രേഖാമൂലം നൽകിയ മറുപടിയിൽ ഇതു വ്യക്തമാണ്. ഈ ഫണ്ട് ആരുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന ചോദ്യത്തിന് മറുപടിയായി ജോസ് കെ മാണി എം പി യുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ എന്ന് മറുപടി നൽകിയിട്ടുണ്ട്.
ഇതേ പഞ്ചായത്തിൽ എം എൽ എ നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിൽ അനുവദിച്ച ഫണ്ടിൻ്റെ വിശദാംശങ്ങളും ലഭിച്ചിട്ടുണ്ട്. ഇതിൽ ഈ റോഡിൻ്റെ വിവരങ്ങൾ ഇല്ല എന്നതും ശ്രദ്ധേയമാണ്.
ഇതോടെയാണ് എം എൽ എയ്ക്ക് എതിരെ പ്രതിഷേധം ഉയർന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി എൽ ഡി എഫ് കടനാട് മണ്ഡലം കമ്മറ്റി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചാരണം തുടങ്ങിയിട്ടുണ്ട്.