പാലക്കാട്: മുതിര്‍ന്ന നേതാവ് കെ. ശങ്കരനാരായണന്റെ (90) വേര്‍പാടോടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് നഷ്ടമാകുന്നത് പാര്‍ട്ടിയുടെ വിവിധ തലമുറകളിലുള്ളവരുടെ ഗുരുനാഥനെ കൂടിയാണ്. കോൺഗ്രസിലെ മികച്ച പ്രാസംഗികരിലൊരാളായിരുന്നു.
മുന്‍ മന്ത്രി, വിവിധ സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍, യു.ഡി.എഫ്. കണ്‍വീനര്‍, നിയമസഭാംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നാഗാലൻഡ്, ജാർഖണ്ഡ്, മഹാരാഷ്ട്ര, അസം, അരുണാചൽപ്രദേശ്, ഗോവ സംസ്‌ഥാനങ്ങളുടെ ഗവർണറായിരുന്നു. ആറ് സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍സ്ഥാനം വഹിച്ച ഏക മലയാളിയാണ്.
ജനനം 1932ല്‍
ശങ്കരൻ നായരുടേയും ലക്ഷ്മിയമ്മയുടേയും മകനായി 1932 ഒക്ടോബർ 15ന് പാലക്കാട് ജില്ലയിലെ ഷൊർണൂരില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോൺഗ്രസ് പാർട്ടിയിൽ ചേർന്നു മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി. മികച്ച സംഘാടകനായി പേരെടുത്തു. പാലക്കാട് ഡി.സി.സി പ്രസിഡൻറ് സ്ഥാനവും കെ.പി.സി.സി ജനറല്‍ സെക്രട്ടറിപദവും പിന്നീട് ഇദ്ദേഹത്തെ തേടിയെത്തി.
സിപിഎമ്മിന്റെ കോട്ടയില്‍ കോണ്‍ഗ്രസിനെ വളര്‍ത്തി
സിപിഎമ്മിന്റെ കോട്ടയായിരുന്ന പാലക്കാട് കോണ്‍ഗ്രസിനെ വളര്‍ത്തി സംസ്ഥാന നേതൃത്വത്തിലേക്കെത്തിയ വ്യക്തിയാണ് ശങ്കരനാരായണന്‍. 1977 ല്‍ തൃത്താലയില്‍ നിന്നാദ്യമായി നിയമസഭയിലെത്തി. പിന്നീട് ശ്രീകൃഷ്ണപുരം(1980), ഒറ്റപ്പാലം(1987), പാലക്കാട്(2001) എന്നിവിടങ്ങളില്‍ നിന്നും നിയമസഭയിലെത്തി.
1977-78-ലെ കെ. കരുണാകരന്‍, എ.കെ. എ.കെ. ആന്റണി സര്‍ക്കാരുകളിലും 2001-04-ലെ എ.കെ. ആന്റണി സര്‍ക്കാരിലും മന്ത്രിയായിരുന്നു. 77-78-ല്‍ കൃഷി, സാമൂഹിക ക്ഷേമ വകുപ്പു മന്ത്രിയായിരുന്നു. ആന്റണി മന്ത്രിസഭയില്‍ ധനകാര്യ-എക്‌സൈസ് വകുപ്പുകളും കൈകാര്യം ചെയ്തിട്ടുണ്ട്. 1982-ല്‍ ശ്രീകൃഷ്ണപുരത്തുനിന്നും 1991-ല്‍ ഒറ്റപ്പാലത്തുനിന്നും ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടു. 1985 മുതല്‍ 2001 വരെ യു.ഡി.എഫ്. കണ്‍വീനര്‍ ആയിരുന്നു.
ഗവര്‍ണര്‍ സ്ഥാനത്തേക്ക്
2006-ലെ നിയമസഭാ തിരഞ്ഞെടുപ്പോടെ സജീവരാഷ്ട്രീയത്തില്‍നിന്ന് മാറിനില്‍ക്കാനായിരുന്നു ശങ്കരനാരായണന്റെ തീരുമാനം. തുടര്‍ന്ന് 2007-ല്‍ അരുണാചല്‍ പ്രദേശ് ഗവര്‍ണറായി നിയമിതനായി. 2009–ൽ ജാർഖണ്ഡിലും 2010ൽ മഹാരാഷ്ട്രയിലും മാറ്റി നിയമിക്കപ്പെട്ടു. കാലാവധി തികച്ച ശേഷം 2012ൽ മഹാരാഷ്ട്രയിൽ രണ്ടാമതും നിയമിക്കപ്പെട്ടു. 2014–ൽ മിസോറമിലേക്ക് മാറ്റപ്പെട്ടതിന് പിന്നാലെ സ്ഥാനം രാജിവെച്ചു.
സംഘടനാ കോണ്‍ഗ്രസില്‍ ഉറച്ചുനിന്നു
കെ കാമരാജിന്റെ അടുത്ത അനുയായി ആയിരുന്നു ശങ്കരനാരായണന്‍. കോണ്‍ഗ്രസ് പിളര്‍ന്നപ്പോഴും സംഘടന കോണ്‍ഗ്രസില്‍ ഉറച്ചു നിന്നു. അശോക് മേത്ത പ്രസിഡന്റായിരിക്കുമ്പോൾ അതുല്യഘോഷ്, എസ്.കെ.പാട്ടീൽ, കാമരാജ് എന്നിവരോടൊപ്പം സംഘടനാ കോൺഗ്രസിന്റെ പ്രവർത്തകസമിതിയംഗമായിരുന്നു ശങ്കരനാരായണന്‍.
അടിയന്തരാവസ്ഥക്കാലത്തു സംഘടനാ കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന ശങ്കരനാരായണൻ അറസ്റ്റിലായി. പൂജപ്പുര ജയിലിലായിരുന്നു തടവുശിക്ഷ. കാമരാജിന്റെ സംസ്കാരചടങ്ങിന് ശങ്കരനാരായണൻ പോയത് ജയിലിൽ നിന്നാണ്.
അവസാന കാലത്തും രാജ്യത്ത് കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനായി അതിയായി ആഗ്രഹിച്ച നേതാവായിരുന്നു ഇദ്ദേഹം. 'അനുപമം ജീവിതം' ആത്മകഥയാണ്. രാധയാണ് ഭാര്യ. മകള്‍: അനുപമ.