കോട്ടയം: വിദ്വേഷ പ്രസംഗത്തില്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജിനെ തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് കസ്റ്റഡിയിലെടുത്തത് വ്യക്തമായ നിയമോപദേശത്തിന് ശേഷം. പിസി ജോര്‍ജിനെതിരായ പരാതിയില്‍ ഇന്നലെ രാത്രി 11ന് ശേഷമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അറസ്റ്റ് നടപടികള്‍ ഉടന്‍ തന്നെ വേണമെന്ന നിയമോപദേശവും പോലീസിന് ലഭിച്ചിരുന്നു.
കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുന്ന വാക്കുകളാണ് പിസി ജോര്‍ജ് പറഞ്ഞത് എന്നതിൽ തർക്കമില്ല. മുസ്ലീം സമുദായത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനും മറ്റു മതസ്ഥര്‍ക്കിടയില്‍ ചേരിതിരിവുണ്ടാക്കാനും പിസി ജോര്‍ജ് നടത്തിയ പ്രസ്താവന ഇടയാക്കി എന്നതാണ് പോലീസിന് ലഭിച്ച നിയമോപദേശം.
ഇതിന്റെ അടിസ്ഥാനത്തിലാണ് ജോര്‍ജിന്റെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ എത്തുന്നത്. ഇനിയും ജോര്‍ജിനെതിരെ നടപടിയുണ്ടാകാന്‍ വൈകിയാല്‍ ജോര്‍ജ് അതു മുതലെടുക്കുമെന്നും കൂടുതല്‍ വിദ്വേഷ പരാമര്‍ശമുണ്ടാകുമെന്നും അത് പോലീസിന് കൂടുതല്‍ ദോഷം ചെയ്യുമെന്നും പോലിസും വിലയിരുത്തി.
കേസെടുക്കാതെ ഇരുന്നാല്‍ ആരെങ്കിലും കോടതിയില്‍ പോയാല്‍ അത് പോലീസിന് ക്ഷീണം ചെയ്യുമായിരുന്നു. ഇതുകൂടി കണക്കിലെടുത്തതോടെ നടപടികളെടുക്കാന്‍ പോലീസ് നിര്‍ബന്ധിതരാകുകയായിരുന്നു. ഇതിനു മുമ്പും പിസി ജോര്‍ജ് പലവട്ടം ഇത്തരം വിദ്വേഷ പരാമര്‍ശം നടത്തിയിരുന്നു.
അന്നൊന്നും നടപടികളെടുക്കാത്തതാണ് ജോര്‍ജിന് വീണ്ടും വീണ്ടും ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ വളം വച്ചത്. ഇത്തരം പ്രസ്താവനകള്‍ക്ക് കയ്യടിക്കുന്ന ചെറിയ വിഭാഗം കൂടി കൂട്ടുവന്നതോടെ ജോര്‍ജ് തന്റെ നടപടികളും തുടര്‍ന്നു.
ഒടുവില്‍ വിദ്വേഷ പ്രസംഗത്തില്‍ ജോര്‍ജ് കുടുങ്ങുമ്പോള്‍ അതിനെ തനിക്കനുകൂലമാക്കാന്‍ ജോര്‍ജ് വീണ്ടും ശ്രമം നടത്തുന്നുണ്ട്. പക്ഷേ അതു വിജയിക്കാനിടയില്ലെന്നു തന്നെയാണ് ഈ വിദ്വേഷ പ്രസംഗത്തിനോടുള്ള പൊതു സമൂഹത്തിന്റെ പ്രതികരണം വ്യക്തമാക്കുന്നു.