തിരുവനന്തപുരം: മാസത്തിലെ പത്താം ദിവസമായിട്ടും ഏപ്രിൽ മാസത്തെ ശമ്പളമില്ലാതെ കെഎസ്ആര്‍ടിസി ജീവനക്കാർ. ഇന്ന് ശമ്പളം കൊടുക്കാമെന്ന മന്ത്രിയുടേയും മാനേജ്മെന്റിന്റേയും വാക്ക് പാലിക്കാനാവില്ലെന്നാണ് സൂചന. സർക്കാർ പതിവായി നൽകുന്ന മുപ്പത് കോടി രൂപ ഇന്നലെ നൽകിയെങ്കിലും എല്ലാ ജീവനക്കാർക്കും ശമ്പളം നൽകാൻ ഇത് തികയില്ല.
ബാക്കി വേണ്ട 55 ലക്ഷം രൂപയ്ക്കായി ബാങ്ക് വായ്പ തരപ്പെടുത്താനുള്ള ശ്രമത്തിലാണ് മാനേജ്മെന്റ്. ഇന്ന് അർദ്ധരാത്രി വരെ ശമ്പളത്തിനായി കാത്തിരിക്കുമെന്നാണ് തൊഴിലാളി നേതാക്കൾ പറയുന്നത്. കൂലി കിട്ടിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങാനാണ് ആലോചന. ശമ്പളം വന്നില്ലെങ്കിൽ നാളെത്തന്നെ യോഗം ചേർന്ന് പ്രക്ഷോഭ പരിപാടികൾ തീരുമാനിക്കുമെന്ന് യൂണിയൻ നേതാക്കൾ അറിയിച്ചു.
ശമ്പളക്കാര്യത്തിൽ ചെയ്യാനുള്ളതെല്ലാം ചെയ്തുകഴിഞ്ഞെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നിലപാട്. സമരം ചെയ്താൽ ബദൽ സംവിധാനത്തെ കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. അതേസമയം ശമ്പളം കിട്ടിയില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് യൂണിയനുകൾ അറിയിച്ചിട്ടുണ്ട്. സർക്കാർ നൽകിയ 30 കോടി രൂപമാത്രമാണ് നിലവിലുള്ളത്.