/sathyam/media/post_attachments/kzbhUo8PCR8zH3Foa1WV.webp)
കോഴിക്കോട്: തൃക്കാക്കരയിൽ നിന്ന് ജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിനെതിരെ നടക്കുന്ന സൈബറാക്രമണങ്ങളെക്കുറിച്ച് അറിയില്ലെന്ന് സിപിഎം പിബി അംഗം ബൃന്ദാ കാരാട്ട്. ഏത് തരത്തിലുള്ള സൈബറാക്രമണത്തിനും താനെന്നല്ല, സിപിഎം തന്നെ എതിരാണെന്നും, അത് അംഗീകരിക്കാനാകുന്നതല്ലെന്നും ബൃന്ദ കാരാട്ട് കോഴിക്കോട്ട് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ, മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പി. ടി. തോമസിനായി ഭക്ഷണം മാറ്റി വയ്ക്കുന്നുവെന്ന് പറഞ്ഞതിന് തനിക്ക് ഹീനമായ സൈബറാക്രമണമാണ് നേരിടേണ്ടി വന്നതെന്ന് പറഞ്ഞ് ഉമ തോമസ് വിങ്ങിപ്പൊട്ടിയിരുന്നു. വിജയിച്ച ശേഷം പി.ടി.തോമസിന്‍റെ ചിതാഭസ്മം സൂക്ഷിച്ച മുറിയിലെത്തിയപ്പോൾ കരഞ്ഞതിന്‍റെ ചിത്രം പ്രമുഖ ദിനപത്രങ്ങളിൽ പ്രസിദ്ധീകരിച്ച് വന്നതിന്‍റെ പേരിലും ഉമാ തോമസിനെതിരെ രൂക്ഷമായ വിമർശനമാണ് പല ഇടത് അനുകൂല സൈബർ ഹാൻഡിലുകളിലും നിന്നുയർന്നത്.
താൻ ഭക്ഷണം കഴിക്കുമ്പോൾ ഒരു പങ്ക് പി.ടി.ക്ക് മാറ്റി വയ്ക്കുന്നത് എന്‍റെ സ്വകാര്യതയാണ്. അതിലാരും ഇടപെടുന്നതോ അതിനെ പൊതുവിടങ്ങളിൽ ചർച്ച ചെയ്യുന്നതും എനിക്കിഷ്ടമല്ല. അത് ശരിയല്ല. ഇതെല്ലാമെടുത്ത് എനിക്കെതിരെ സൈബറാക്രമണം നടത്തുന്നത് പരാജഭീതി കൊണ്ടാണ് - ഉമ തോമസ് പറയുന്നു.