Advertisment

"പഠിച്ച" പാലായിൽ എ.എസ്.പിയായി നിധിൻ രാജ് !

author-image
സുനില്‍ പാലാ
Updated On
New Update

publive-image

Advertisment

പാലാ: ഒരിക്കല്‍ സിവില്‍ സര്‍വീസ് സ്വപ്നവുമായി കാഞ്ഞാങ്ങാട് രാവണേശ്വരത്തെ എക്കാൽ വീട്ടിൽ നിന്ന് പാലായിലേക്ക് വണ്ടികയറിയ നിധിന്‍ രാജ് ഇന്ന് പാലാ സബ്ഡിവിഷന്റെ ചുമതലയുള്ള എ.എസ്.പി.

രാജ്യത്തെ 210-ാം റാങ്കോടെ ഐ.പി.എസ്. നേടിയ മിന്നുന്ന വിജയം. ''എനിക്ക് ഏറ്റവും സന്തോഷം നല്‍കുന്ന ഒരു മുഹൂര്‍ത്തമാണിത്. സിവില്‍ സര്‍വ്വീസ് പരിശീലനത്തിനായി ഞാന്‍ പാലായില്‍ വന്നു. ഇവിടെത്തന്നെ എ.എസ്.പി. ആയി നിയമനവും ലഭിച്ചു''. നിധിന്‍ രാജ് ഐ.പി.എസ്. മനസ്സു തുറന്നു.

എഴുത്ത്, പ്രസംഗം, നാടകം, മാജിക്, പ്രചോദനാത്മക പ്രഭാഷണങ്ങള്‍... സര്‍വ്വകലാ വല്ലഭനാണ് ഈ ഇരുപത്താറുകാരന്‍.

ആദ്യം പാമ്പാടി ആര്‍.ഐ.റ്റി.യില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് കോഴ്‌സിന് ചേര്‍ന്നു. 2016-ല്‍ ഉന്നത മാര്‍ക്കോടെ ബി.ടെക് നേടി. ഇതിനിടയില്‍തന്നെ സിവില്‍ സര്‍വ്വീസ് പരിശീലനത്തിന്റെ തുടക്കം ആരംഭിച്ചിരുന്നു. സിവില്‍ സര്‍വീസ് ഓപ്ഷണല്‍ വിഷയമായി മലയാള സാഹിത്യത്തെ തെരഞ്ഞെടുത്ത നിധിന്‍ രാജ് ഇതിനായി നൂറുകണക്കിന് പുസ്തകങ്ങളാണ് വായിച്ചു തീര്‍ത്തത്.

പാലാ സെന്റ് തോമസ് കോളേജിലെ മലയാള വിഭാഗം മേധാവി ഡോ. ഡേവീസ് സേവ്യറിന്റെയും സെന്റ് തോമസ് കോളേജിലെ റിട്ട. മലയാളം പ്രൊഫ. ഡോ. ബേബി തോമസിന്റെയും പ്രിയ ശിഷ്യനാണിദ്ദേഹം. ഇന്നലെ ഇരുവരും പാലാ ഡിവൈ.എസ്. പി.ഓഫീസിലെത്തിയപ്പോൾ കസേരയില്‍ നിന്ന് എഴുന്നേറ്റ് നിന്ന് വണങ്ങിയാണ് നിധിൻ തൻ്റെ ഗുരുക്കന്മാരെ സ്വീകരിച്ചത്.

കോട്ടയത്ത് നടന്ന 51-മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മലയാള പ്രസംഗത്തില്‍ പങ്കെടുക്കാന്‍ ആദ്യമായി കോട്ടയം ജില്ലയിലേക്ക് വന്ന നിധിന്‍ രാജിന് പിന്നീട് പഠന-ഉദ്യോഗസ്ഥ തട്ടകം കോട്ടയം ആയിമാറി എന്നതും ശ്രദ്ധേയമായി.

ഇതിന് മുമ്പ് പാലാ സബ്ഡിവിഷനില്‍ ഒരേയൊരു ഐ.പി.എസ്. ഓഫീസറേ എ.എസ്.പി.യായി സേവനം അനുഷ്ഠിച്ചിട്ടുള്ളൂ; ഇപ്പോള്‍ ഐ.ജി. ആയ ദിനേന്ദ്രകശ്യപ് .

ഐ.പി.എസ്. പരീശിലന കാലയളവില്‍ വയനാട്ടിലും കൊല്ലം റൂറലിലും ജോലി ചെയ്ത നിധിന്‍ രാജ് പിന്നീട് കോഴിക്കോട് നാദാപുരത്തെ എ.എസ്.പിയായി. അവിടെ നിന്നാണ് ഇപ്പോള്‍ പാലായിലേക്ക് വരുന്നത്. രാവണേശ്വരം എക്കാല്‍ രാജേന്ദ്രന്‍ നമ്പ്യാര്‍-ലത ദമ്പതികളുടെ മകനാണ്. അശ്വതിയാണ് ഏക സഹോദരി. ഡോ. ലക്ഷ്മി കൃഷ്ണനാണ് ഭാര്യ.

പാലായ്ക്കായി വിവിധ പദ്ധതികള്‍ മനസ്സിലുണ്ട്

ഒരു ഉദ്യോഗാര്‍ഥി എന്ന നിലയില്‍ പാലായില്‍ വന്ന എനിക്ക് ഇവിടുത്തെ ചലനങ്ങള്‍ കൃത്യമായി അറിയാം. പുതുതലമുറയെ സഹായിക്കാന്‍ ഉദ്ദേശിച്ചുള്ള വിവിധ കാര്യങ്ങള്‍ മനസ്സിലുണ്ട്. അവയൊക്കെ എത്രയുംവേഗം നടപ്പില്‍ വരുത്തണം എന്നാണെന്റെ ആഗ്രഹം. എ.എസ്.പി. നിധിന്‍ രാജ് പറഞ്ഞു.

ആര്‍ക്കും സിവില്‍ സര്‍വ്വീസിലേക്ക് വരാം

നമ്മുടെ മനസ്സില്‍ സിവില്‍ സര്‍വ്വീസിനോട് അടങ്ങാത്ത ഒരു അഭിനിവേശം തോന്നിയാല്‍ അത് നമ്മള്‍ക്ക് കിട്ടിയിരിക്കും. ഈ താത്പര്യം ആത്മാര്‍ത്ഥമാണെങ്കില്‍, ഇതിനുവേണ്ടിയുള്ള സ്ഥിരോത്സാഹവും പരിശ്രമവും നടത്തിയാല്‍ വിജയം സുനിശ്ചിതമാണ്. സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ നിധിന്‍രാജ് ഐ.പി.എസ്. പറയുന്നു.

Advertisment