തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കുള്ള സാധ്യത തുടരുന്ന സാഹചര്യത്തിൽ ശക്തമായ മുന്നൊരുക്കത്തിലാണ് സർക്കാർ. ദേശീയ ദുരന്ത നിവാരണ സേനയെ (എൻഡിആർഎഫ്) അടക്കം രംഗത്തെത്തിച്ച് അതിതീവ്ര മഴ സാഹചര്യത്തെ നേരിടും. അരക്കോണത്തു നിന്നാണ് എൻഡിആർഎഫ് സംഘം കേരളത്തിലെത്തുക.
100 പേർ വീതമുള്ള 5 സംഘം ആണ് എത്തുക. റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ സംഘം നിലയുറപ്പിക്കും. അതേസമയം ഇന്ന് അഞ്ച് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണുള്ളത്. കാസര്‍കോട് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മറ്റന്നാൾ വരെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതിനാലാണ് കേരളത്തിൽ മഴ കനക്കുന്നതിന് കാരണം. കേരളാ തീരത്ത് മത്സ്യ ബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മഴ കനത്ത പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൺട്രോൾ റൂ തുറന്നു. ടോൾ ഫ്രീ നമ്പറായ 1077 ൽ ജനങ്ങൾക്ക് 24 മണിക്കൂറും സഹായത്തിനായി ബന്ധപ്പെടാം.