കൊച്ചി: തൃക്കാക്കരയിൽ രണ്ടാം ഘട്ട പ്രചരണം അവസാന ഘട്ടത്തിലേക്ക്. സ്ഥാനാർത്ഥികളുടെ മണ്ഡല പര്യടനത്തിന് ഇന്ന് തുടക്കം. മന്ത്രിമാർ മതവും ജാതിയും തിരിഞ്ഞ് പ്രചരണം നടത്തുന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളെ ശക്തമായി നേരിടാൻ ഇടതുമുന്നണിയുടെ തീരുമാനം. സർക്കാർ സംവിധാനം ഇടതുമുന്നണി ദുരുപയോഗം ചെയ്യുന്ന വെന്ന് യുഡിഎഫ്. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം ഇന്ന്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണം രണ്ടാം ഘട്ടത്തിന്റെ അവസാനത്തിലേക്ക് എത്തുന്നതോടെ ഓരോരുത്തരെയും നേരിൽ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാർത്ഥികൾ. സ്ഥാനാർത്ഥികളുടെ മണ്ഡല പര്യടനങ്ങൾക്കും ഇന്നു മുതൽ തുടക്കമാകും. ഇടതു മുന്നണിയുടെ പ്രവർത്തനങ്ങൾ മുഖ്യമന്ത്രിയ്ക്ക് പുറമേ, മന്ത്രിമാർ, എം എൽ എ മാർ എന്നിവർ നേരിട്ടാണ് വിലയിരുത്തുന്നത്.
യുഡിഎഫ് സിറ്റിംഗ് മണ്ഡലം പിടിച്ചു നിർത്താൻ അരയും തലയും മുറുക്കി തന്നെ രംഗത്ത് ഉണ്ട്. രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസിന്റെ ദേശീയ നേതാക്കളെ ഉമയ്ക്ക് വോട്ട് അഭ്യർത്ഥിക്കാൻ തൃക്കാക്കരയിൽ എത്തിക്കാനാണ് യു ഡി എഫ് ക്യാമ്പിന്റെ ശ്രമം. ചിന്തൻ ശിബിരം കഴിഞ്ഞതിനാൽ കൂടുതൽ നേതാക്കളും വരും ദിവസങ്ങളിൽ മണ്ഡലത്തിൽ ഉണ്ടാകും.
താര പ്രചാരകരെ കൊണ്ടുവന്ന് തൃക്കാക്കരയിൽ ഓളം ഉണ്ടാക്കാനാണ് എൻ ഡി എ നീക്കം. അതേ സമയം തൃക്കാക്കരയിൽ മന്ത്രിമാർ ജാതി തിരിഞ്ഞ് വീടുകളിൽ കയറി വോട്ട് ചോദിക്കുന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെ ശക്തമായി പ്രതിരോധിക്കാൻ ഇടതു മുന്നണി തീരുമാനിച്ചു. വികസനം ചർച്ച ചെയ്യാൻ കോൺഗ്രസിന് ഭയം ആണെന്നും ഇടതു നേതൃത്വം പറയുന്നു.
പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ തള്ളുമ്പോഴും കരുതലോടെ നീങ്ങാനാണ് ഇടതു ക്യാമ്പിന്റെ തീരുമാനം. പ്രതിപക്ഷ നേതാവ് തൊടുത്തുവിട്ട ആരോപണം തൃക്കാക്കരയിൽ വരും മണിക്കൂറുകളിൽ കുടുതൽ ആരോപണ പ്രത്യാരോപണങ്ങൾക്ക് ഇട നൽകുന്നതാണ്. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായതിനാൽ സ്ഥാനാർത്ഥികളെ സംബന്ധിച്ച അന്തിമ ചിത്രവും ഇന്ന് തെളിയും.