തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടുകച്ചവടം നടന്നോ ? പരസ്പര ആരോപണങ്ങളുമായി ഇടതുവലതു മുന്നണികള്‍ ! തൃക്കാക്കരയിലെ സഹായം മുന്നില്‍ കണ്ട് സിപിഎം -ബിജെപി കച്ചവടമാണ് കൊച്ചി കോര്‍പറേഷനില്‍ നടന്നതെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് വിജയിക്കാതിരിക്കാന്‍ സിപിഎം വോട്ടുകള്‍ ബിജെപിക്ക് കിട്ടിയെന്നും ആക്ഷേപം ! തൃപ്പൂണിത്തുറയില്‍ കോണ്‍ഗ്രസ് ബിജെപിയെ തുണച്ചെന്ന് തിരിച്ചടിച്ച് സിപിഎമ്മും. തൃക്കാക്കരയിലെ പോര് മുറുക്കി ഇരു മുന്നണികളും

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി ഇടതു വലതു മുന്നണി വാക്‌പോര് സജീവം. തൃക്കാക്കരയോട് ചേര്‍ന്നു കിടക്കുന്ന കൊച്ചി കോര്‍പറേഷന്‍, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ പരാജയത്തെ ചൊല്ലിയാണ് ഇരു മുന്നണികളും പരസ്പരം ആരോപണം ഉന്നയിക്കുന്നത്.

Advertisment

കൊച്ചി കോര്‍പറേഷനിലെ എറണാകുളം സൗത്ത്, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ ഇളമനത്തോപ്പ്, പിഷാരികോവില്‍ ഡിവിഷനുകളിലെ ഫലത്തെ ചൊല്ലിയാണ് തര്‍ക്കം രൂക്ഷമാകുന്നത്. മൂന്നിടത്തും വിജയിച്ചത് ബിജെപിയാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വോട്ട് മറിക്കാന്‍ ബിജെപിയെ സിപിഎം സഹായിച്ചെന്ന് കോണ്‍ഗ്രസും മറിച്ചാണ് ചെയ്തതെന്ന് സിപിഎമ്മും ആരോപിക്കുന്നു.

എറണാകുളം സൗത്ത് ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്നു. ഇവിടെ ബിജെപി വീണ്ടും ജയിക്കുമ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വോട്ട് കൂടി. ഭൂരിപക്ഷവും കുറഞ്ഞു.

എന്നാല്‍ അതേസമയം തന്നെ ഇടതു സ്ഥാനാര്‍ത്ഥിയുടെ വോട്ടിലും കുറവുണ്ടായി. ഈ വോട്ട് ബിജെപിക്ക് നല്‍കിയെന്നാണ് കോണ്‍ഗ്രസിന്റെ ആക്ഷേപം. തൃക്കാക്കരയില്‍ തിരിച്ച് സഹായം തേടിയാണ് വോട്ട് കോര്‍പറേഷനില്‍ മറിച്ചതെന്നും ആരോപണമുണ്ട്.

സിപിഎം ഭരിക്കുന്ന കോര്‍പറേഷനില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ അത് ഭരണത്തെ ബാധിക്കാനിടയുണ്ടായിരുന്നു. സ്വതന്ത്ര അംഗങ്ങള്‍ കാലുവാരി മറുഭാഗം ചേര്‍ന്നാല്‍ സിപിഎമ്മിന് കോര്‍പറേഷന്‍ ഭരണം നഷ്ടമാകുമായിരുന്നു.

ഇതെല്ലാം മുന്‍നിര്‍ത്തി സിപിഎം വോട്ടുകള്‍ ബിജെപിക്ക് നല്‍കിയെന്നാണ് കോണ്‍ഗ്രസിന്റെ ആക്ഷേപം. അതേസമയം തൃപ്പൂണിത്തുറയില്‍ ഇളമനത്തോപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കഴിഞ്ഞ തവണ പിടിച്ച വോട്ടിന്റെ പകുതി മാത്രമെ ഇത്തവണ നേടിയിട്ടുള്ളൂ. ഇതു മുന്‍നിര്‍ത്തിയാണ് ഇടതുമുന്നണിയുടെ വോട്ടുകച്ചവട ആരോപണം.

അതേസമയം പിഷാരികോവിലില്‍ മൂന്നു മുന്നണികളും വോട്ടു വിഹിതം ഉയര്‍ത്തിയിട്ടുമുണ്ട്. എന്നാല്‍ സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ തൃപ്പൂണഇത്തുറയിലെ പരാജയം അവരെ ഞെട്ടിച്ചിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി പരാജയമുണ്ടായതില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വവും അസ്വസ്ഥരാണ്.

വോട്ടുകച്ചവട ആരോപണങ്ങളെല്ലാം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തന്നെയാണെന്നു വ്യക്തമാണ്. തൃക്കാക്കരയിലെ പ്രചാരണം അവസാനിക്കാന്‍ കഷ്ടി രണ്ടാഴ്ച മാത്രം ശേഷിക്കെ മുന്നണികള്‍ കൂടുതല്‍ ജാഗ്രതയിലാണ്.

Advertisment