ചങ്ങരംകുളം: ഓണ്‍ലൈന്‍ ക്ലാസെടുക്കുന്ന അധ്യാപകനെന്ന വ്യാജേന വിദ്യാര്‍ഥിനിയെ ഫോണില്‍ വിളിച്ച് അശ്ലീല സംഭാഷണം നടത്തിയ പ്രവാസി യുവാവ് പിടിയില്‍. പുലാമന്തോൾ ചെമ്മലശ്ശേരി സ്വദേശി അബ്ദുൽ മനാഫ് (44) ആണ് അറസ്റ്റിലായത്. ചങ്ങരംകുളം സി.ഐ. ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നാണ് ഇയാളെ പിടികൂടിയത്.
ഒരു വർഷം മുൻപാണു കേസിനാസ്പദമായ സംഭവം നടന്നത്. ചങ്ങരംകുളം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയെയാണ് പ്രതി അധ്യാപകനെന്ന വ്യാജേനേ ഫോണില്‍ വിളിച്ചിരുന്നത്. വിദ്യാര്‍ഥിനിയുടെ വീട്ടില്‍ വിളിച്ച് കുട്ടി പഠിക്കുന്ന സ്‌കൂളിലെ അധ്യാപകനെന്ന് പരിചയപ്പെടുത്തുകയും പഠനത്തില്‍ പിറകിലായ കുട്ടിക്ക് പ്രത്യേകം ക്ലാസെടുക്കാനാണ് വിളിക്കുന്നതെന്ന് പറയുകയും ചെയ്തിരുന്നു.
തുടർന്നു കുട്ടിയോട് മുറി അടച്ചിടാൻ ആവശ്യപ്പെടുകയുമായിരുന്നു. പിന്നീട് ഇയാൾ അശ്ലീലരീതിയിൽ സംഭാഷണം തുടർന്നതോടെ കുട്ടി മാതാവിനോടു വിവരം പറഞ്ഞു. രക്ഷിതാക്കൾ സ്കൂളുമായി ബന്ധപ്പെട്ടതോടെയാണ് അധ്യാപകർ അത്തരത്തിൽ ക്ലാസ് എടുക്കുന്നില്ലെന്നു മനസ്സിലായത്. തുടർന്ന് സ്കൂൾ അധികൃതരും കുട്ടിയുടെ മാതാപിതാക്കളും ചങ്ങരംകുളം പൊലീസിൽ പരാതി നൽകുകയായിരുന്നു.
അന്വേഷണം വൈകിയതോടെ മുഖ്യമന്ത്രി, സംസ്ഥാന പോലീസ് മേധാവി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഇവര്‍ പരാതി നല്‍കിയിരുന്നു. ഇതോടെയാണ് മലപ്പുറം എസ്.പി.യുടെ നിര്‍ദേശപ്രകാരം മലപ്പുറം സൈബര്‍ എസ്.ഐ.യുടെ നേതൃത്വത്തില്‍ സൈബര്‍ ഡോമിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് ഇന്റര്‍നെറ്റ് കോളിലൂടെയാണ് വിദ്യാര്‍ഥിനിയെ വിളിച്ചതെന്ന് കണ്ടെത്തുകയും പ്രതിയെ തിരിച്ചറിയുകയും ചെയ്തു. പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും.