കണ്ണൂര്‍: മലയാളി ബൈക്ക് റേസര്‍ അസ്ബാക്ക് മോന്റെ ഘാതകരായ ഭാര്യ അടക്കമുള്ള പ്രതികളെ അറസ്റ്റു ചെയ്ത രാജസ്ഥാന്‍ പോലീസിനെ അഭിനന്ദിച്ചും അതിനായി പോരാടിയ അസ്ബാക്കിന്റെ സഹോദരനെ അഭിനന്ദിച്ചും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. രാജസ്ഥാനിലെ ജയ്‌സാല്‍മീരില്‍ വച്ച് ബൈക്ക് റേസിങിനിടെ മരിച്ചുപോയെന്ന് പ്രതികള്‍ വിശ്വസിപ്പിച്ച മരണം കൊലപാതകമെന്ന് വിശദമായ അന്വേഷണത്തിലൂടെയാണ് പുറത്തുവന്നത്.
ഈ കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാനും അസ്ബാക്കിന്റെ സഹോദരന്‍ അര്‍ഷദിന് കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എല്ലാ സഹായവും ചെയ്തത് കെസി വേണുഗോപാല്‍ എംപിയായിരുന്നു. ഒന്നര വര്‍ഷം മുമ്പ് കെസി വേണുഗോപാലിന്റെ മാതാവ് മരിച്ച സമയം അസ്ബാക്കിന്റെ മാതാവും സഹോദരനും അദ്ദേഹത്തെ ചെന്നുകണ്ട് കാര്യങ്ങള്‍ അറിയിക്കുകയായിരുന്നു.
അന്ന് തലശേരി എംഎല്‍എ അടക്കമുള്ളവര്‍ സഹായിക്കാതെ മാറിനിന്നപ്പോഴായിരുന്നു കെസി വേണുഗോപാലിനെ ഇവര്‍ കാണുന്നതും വിഷയം അറിയിക്കുന്നതും. പിന്നീട് ഇങ്ങോട്ട് എല്ലാകാര്യങ്ങള്‍ക്കും സഹായകരമായി നിന്നത് കെസി വേണുഗോപാലായിരുന്നു.
നീതിക്കായുള്ള പോരാട്ടത്തില്‍ അര്‍ഷദിന് പിന്തുണ നല്‍കിയ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, എഡിജിപി ബിജു ജോര്‍ജ് ജോസഫ് എന്നിവരെയും എംപി അഭിനന്ദിച്ചു.
കെസി വേണുഗോപാല്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്
ഒന്നരവര്‍ഷം മുന്‍പായിരുന്നു അമ്മ ഞങ്ങളെ വിട്ടുപോയത്.
മരണശേഷം ബലികര്‍മ്മങ്ങളും മരണാനന്തരചടങ്ങുകളുമൊക്കെയായി മാതമംഗലത്തെ കുടുംബവീട്ടില്‍ ഞാന്‍ തുടരുന്ന സമയം ഒരു ദിവസം മാഹിയില്‍ നിന്നും ഒരു ഉമ്മ, എന്നെ കാണാനെത്തി. ഇളയ മകനെയും കൂട്ടിയാണ് വന്നത്. വന്നപാടെ, ആ ഉമ്മ തേങ്ങിക്കരയാന്‍ തുടങ്ങി. വന്നകാര്യത്തെക്കുറിച്ച് വിശദമായി ഒന്നുംപറയാതെ തന്നെ, കണ്ണീരടക്കാന്‍ പാടുപെടുന്ന ആ അമ്മയുടെ നെഞ്ചുനീറുന്ന വേദന തൊട്ടറിയാനായി.
പതുക്കെ മകന്‍ അര്‍ഷദ്, സഹോദരന്‍ അസ്ബാക്കിന്റെ ദുരൂഹ മരണത്തെക്കുറിച്ചും അതിനെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും അന്വേഷണത്തിന്റെ സ്ഥിതിയുമൊക്കെ പറഞ്ഞു തുടങ്ങി. ഒരു സിനിമാ കഥയേക്കാള്‍ ദുരൂഹത നിറഞ്ഞതും അവിശ്വസനീയവുമായിരുന്നു അര്‍ഷദ് പറഞ്ഞ സംഭവങ്ങള്‍. എന്റെ മകനെ അവര്‍ കൊന്നതാണെന്നും അത് തെളിയിക്കാന്‍ ഇനി മുട്ടാനൊരു വഴിയുമില്ലെന്നും പറഞ്ഞ ആ അമ്മയുടെ കണ്ണീര്‍, പെറ്റമ്മയെ നഷ്ടപ്പെട്ടതിന്റെ തീരാവേദനയിലിരുന്ന എന്നെ വല്ലാതെ ഉലച്ചു.
ക്രിക്കറ്ററാകാന്‍ കൊതിച്ചു, പിന്നീട് വഴിമാറി ഡി ജെയും അതുംകഴിഞ്ഞു ഓഫ് റോഡ് ബൈക്ക് റേസറുമായി മാറിയ അസ്ബാക് പ്രതിഭാശാലിയായിരുന്നു. മികച്ച സ്പിന്‍ ബൗളറായിരുന്ന അസ്ബാക്പ്രഫഷണല്‍ പരിശീലനം നേടി സംസ്ഥാനങ്ങള്‍ക്കു വേണ്ടിയും പല ക്‌ളബ്ബുകള്‍ക്കുവേണ്ടിയും കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ്
ഡി ജെ ആകാന്‍ ആഗ്രഹിച്ചത്.
ആ ജോലിക്കുവേണ്ടി അസ്ബക് കൊല്‍ക്കട്ടയിലേക്കു പോയി. തിരികെ ബാംഗ്ലൂരിലെത്തി ഐ ടി കമ്പിനിയില്‍ ജോലിചെയ്തു. അവിടെ ജോലിക്കിടെ പരിചയപ്പെട്ട പഠാന്‍ യുവതി സുമേറ പര്‍വേസിനെ പ്രണയിച്ചു വിവാഹം ചെയ്ത അസ്ബാക് പിന്നീട് ബാങ്കില്‍ ജോലി നേടി ദുബായിലേക്ക് പോയി. അവിടെ നിന്നും ഓഫ് റോഡ് ബൈക്ക് റേസിങ്ങില്‍ വൈദഗ്ദ്യം നേടിയ അസ്ബാക് പിന്നീട് നാട്ടില്‍ വന്നു ബൈക്കില്‍ രാജ്യാന്തര യാത്രകള്‍ക്കായി പുറപ്പെട്ടു.
ഇതിനിടെ ഭാര്യയുമായി അഭിപ്രായ വത്യാസം ഉടലെടുത്തിരുന്നുവെന്നു പിന്നീട് മനസിലായതായി അര്‍ഷദ് പറഞ്ഞു. ബംഗളൂരുവില്‍ ഭാര്യയെയും മകളെയും കാണാനെത്തിയ അസ്ബാകിനെ ഗുണ്ടകളെ ഉപയോഗിച്ച് ഭാര്യ മര്‍ദിച്ചു. അവരുടെ കുടുംബ ബന്ധം ഇതിനോടകം വഷളായതായി അസ്ബാകിന്റെ കുടുംബത്തിന് മനസിലായി.വിവാഹ ബന്ധം വേര്‍പെടുത്താന്‍ കുടുംബം ഉപദേശിച്ചുവെങ്കിലും മകളെയോര്‍ത്തു ഭാര്യയുമായി പ്രശനങ്ങള്‍ പറഞ്ഞുതീര്‍ത്തു ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയും അവര്‍ വീണ്ടും ദുബായിലേക്ക് പോകുകയും ചെയ്തു.
പിന്നീട് ബാംഗ്‌ളൂരില്‍ തിരിച്ചെത്തിയ അസ്ബാക് അങ്കട്ട എന്ന പേരില്‍ അന്തര്‍ദേശീയ മോട്ടോര്‍ റേസിംഗ് ടീമിന് രൂപം നല്‍കി. ടീം രാജ്യാന്തര ശ്രദ്ധ നേടി വളരുന്നതിനിടെ 2018 ല്‍ രാജസ്ഥാനിലെ ജയ്സാല്‍മീര്‍ മരുഭൂമിയില്‍ ഇന്ത്യ ബജ റേസിങ്ങിന്റെ പരിശീലനം നടക്കുന്നതിനിടയിലായിരുന്നു അസ്ബാക് കൊല്ലപ്പെടുന്നത്. ആദ്യം അപകടമരണമെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം നിലച്ചു പ്രതീക്ഷ നഷ്ടപെട്ടപ്പോഴാണ് ആ ഉമ്മയും മകനും സഹായം തേടി എന്റെയടുത്തെത്തിയത്.
അവര്‍ പറഞ്ഞതില്‍ നിന്നും, തെളിവുകളും സാഹചര്യങ്ങളും എല്ലാം ഒരു അപകടമരണത്തിന്റേതല്ലെന്നു സാമാന്യ യുക്തിയുള്ള ആര്‍ക്കും മനസിലാക്കാവുന്നതേയുള്ളായിരു. വിവരങ്ങളെല്ലാം കേട്ടശേഷം രാജസ്ഥാന്‍ പോലീസില്‍ എ ഡി ജി പി യായ മലയാളി ബിജു ജോര്‍ജ് ജോസഫിനെ വിളിച്ചു. വിശദമായി കാര്യങ്ങള്‍ പറഞ്ഞു. അസ്ബക്കിന്റെ സഹോദരന്‍ അര്‍ഷദ് ഇക്കാര്യവുമായി ബന്ധപ്പെടുമെന്നും പോലിസില്‍ നിന്നും കഴിയുന്ന എല്ലാ സഹായങ്ങളും ഉറപ്പുവരുത്തണമെന്നും അന്വേഷണം സമയബന്ധിതമായും നീതിപൂര്‍വ്വകമായും നടത്തുന്നതിന് വേണ്ട എല്ലാ ക്രമീകരണങ്ങളും ചെയ്യണമെന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടു.
തുടര്‍ന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായും ഈ വിഷയം സംസാരിച്ചു. ഭാര്യ സുമേറെയുടേയും റേസിംഗ് ടീമിലുള്‍പ്പെട്ട സഞ്ജയ്, സാബിഖ്,ബിശ്വാസ് എന്നിവരിലേക്കുമാണ് ആദ്യം മുതല്‍ക്കുതന്നെ സംശയമുന നീണ്ടത്. പരിശീലനത്തിനിടെ അപകടത്തില്‍ പെട്ട് കഴുത്തിലേറ്റ ആഘാതത്താല്‍ സുഷ്മ്‌നാനാഡി പൊട്ടി മരണമടഞ്ഞുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
പക്ഷെ അസ്ബക്കിന്റെ ബൈക്ക് അപകടസ്ഥലത്തു സ്റ്റാന്‍ഡില്‍ വെച്ചനിലയിലായിരുന്നു. കൂടാതെ ആഗസ്ത് 16 നു മരിച്ചയാളുടെ ഫോണില്‍ നിന്നും 17 ന് തനിക്ക് അപകടമുണ്ടായെന്നും എല്ലാം അവസാനിക്കാന്‍പോവുകയാണെന്നും വാട്‌സ്ആപ് സന്ദേശം പോവുക, അപകടശേഷം അസ്ബക്കിന്റെ അക്കൗണ്ടില്‍ നിന്നും 62 ലക്ഷം രൂപ പിന്‍വലിച്ചതുള്‍പ്പെടെ നിരവധി തെളിവുകള്‍ ഉണ്ടായിട്ടും രണ്ടു വര്‍ഷത്തോളം ഇഴഞ്ഞു നീങ്ങിയിരുന്ന അന്വേഷണം സര്‍ക്കാരില്‍ നിന്നും ഒപ്പം പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുടേയും മേല്‍നോട്ടമുണ്ടായതോടെ വേഗത്തിലായി.
അന്വേഷണ ഉദ്യോഗസ്ഥര്‍ ബാംഗ്ലൂരിലെത്തി അന്വേഷണം തുടര്‍ന്നു . ഇതിന്റെ ഫലമായി പ്രതികളായ സഞ്ജയ് , ബിശ്വാസ് എന്നിവര്‍ അറസ്റ്റിലായി. അപ്പോഴും പ്രതികളായ അസ്ബക്കിന്റെ ഭാര്യ സുമേറ കാണാമറയത്തു തന്നെ തുടര്‍ന്നു. സുമേറയെ കണ്ടെത്താന്‍ പോലീസ് ശ്രമങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു. ഇതിനിടെ പലപ്പോഴും അര്‍ഷദ് എന്നെ വിവരങ്ങള്‍ അറിയിക്കാനും അന്വേഷണത്തിന്റെ വേഗത കൂട്ടാനും വേണ്ട ഇടപെടലിനായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. ഇതിനായി പലതവണ എഡിജിപി ബിജു ജോര്‍ജ് ജോസഫിനെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും ബന്ധപ്പെട്ടുകൊണ്ടിരുന്നു. പ്രതികളെയും ബന്ധുക്കളെയും സംശയമുള്ളവരെയും നിരീക്ഷിച്ചിരുന്ന പോലീസ് ഒരു മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്നാണ് ഇക്കഴിഞ്ഞ ദിവസം സുമേറയില്‍ എത്തിയത്.
യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരാനായി സഹോദരന്‍ അര്‍ഷദ് നടത്തിയ മൂന്നര വര്‍ഷത്തെ പ്രയത്‌നത്തിന്റെ ഫലമാണ് ഇപ്പോഴത്തെ സുമേറയുടെ അറസ്റ്റ്. സ്വന്തം ബിസിനസ് ഉള്‍പ്പെടെ വ്യക്തിപരമായ എല്ലാം മാറ്റിവെച്ചുകൊണ്ടാണ് പോലീസിനൊപ്പം അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും അര്‍ഷദ് നിലകൊണ്ടത്. ആ പ്രയത്‌നങ്ങള്‍ക്കെല്ലാം ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നു. ഒരാളെയൊഴികെ പ്രധാന പ്രതികളെയൊക്കെ അറസ്റ്റ് ചെയ്യാനായി. ഇതൊരു നീണ്ട പോരാട്ടമായിരുന്നു.
മകനെ നഷ്ടപ്പെട്ട ഒരമ്മയുടെ, ജ്യേഷനെ നഷ്ടപ്പെട്ട ഒരു സഹോദരന്റെ, സഹപ്രവര്‍ത്തകര്‍ കുഴിച്ചു മൂടാന്‍ ശ്രമിച്ച ഒരു സത്യത്തെ ലോകത്തിനു മുന്‍പില്‍ തുറന്നു കാട്ടിയ പോലീസ് ഉദ്യോഗസ്ഥരുടെ , നീതി വൈകാതിരിക്കാന്‍ സമയോചിതമായ ഇടപെടലുകളിലൂടെ കേസ്സന്വേഷണം ത്വരിതപ്പെടുത്തുന്നതിന് ആ കുടുംബത്തിനൊപ്പം നിന്ന എ ഡി ജി പി ബിജു ജോര്‍ജ്ജ് ജോസഫിന്റെ, കേസ്സന്വേഷണത്തിന് ആഭ്യന്തരവകുപ്പിന് എല്ലാ നിര്‍ദ്ദേശങ്ങളും നല്‍കി നീതി ഉറപ്പാക്കിയ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ .. അങ്ങനെ ഈ പോരാട്ടത്തിന് അര്‍ഷദിന് ഒപ്പം നിന്ന എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. ഒരു ചെറിയ ഇടപെടല്‍ കൊണ്ട് നീതിക്കായുള്ള ഈ പോരാട്ടത്തിന് ഒപ്പം നില്‍ക്കാന്‍ കഴിഞ്ഞതില്‍ എനിക്കും ചാരിതാര്‍ത്ഥ്യമുണ്ട്. അസ്ബക്കിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.