/sathyam/media/post_attachments/TEdrUCbUwX5BkZjmKkX2.jpg)
കൊല്ലം: ബി.എ.എം.എസ് വിദ്യാര്‍ത്ഥിനി വിസ്മയ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച കേസില്‍, കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പ്രസ്‌താവിക്കും. സ്ത്രീധന മരണം, സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ഉപദ്രവിക്കൽ, ഭീഷണിപ്പെടുത്തൽ, സ്ത്രീധനം ആവശ്യപ്പെടൽ എന്നീ കുറ്റങ്ങളാണ് ഭർത്താവ് കിരണിനെതിരെ ചുമത്തിയിരിക്കുന്നത്. വിസ്‌മയ മരിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്പാണ് വിധിയെത്തുന്നത്.
നിലമേല്‍ കൈതോട് കെ.കെ.എം.പി ഹൗസില്‍ ത്രിവിക്രമന്‍ നായരുടെയും സജിതയുടെയും മകള്‍ വിസ്‌മയ (24)യെ 2021 ജൂണ്‍ 21-നാണ് ഭര്‍തൃവീട്ടിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പീഡനങ്ങളെക്കുറിച്ച് വിസ്മയ സഹപാഠിക്കും സഹോദരഭാര്യയ്ക്കും അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളും ചിത്രങ്ങളും പുറത്തുവന്നിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് പോരുവഴി അമ്പലത്തുംഭാഗം ചന്ദ്രവിലാസത്തില്‍ കിരണ്‍കുമാറിനെ പ്രതിയാക്കി പൊലീസ് കേസെടുത്തു.
വിസ്മയയെ ആശുപത്രിയിൽ എത്തിച്ചശേഷം ഒളിവിൽ പോയ കിരൺകുമാർ 21ന് രാത്രി എട്ടരയോടെ ശാസ്താംകോട്ട സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. 2020 മേയ് 30 നാണ് വിസ്മയയെ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ ആയിരുന്ന കിരൺകുമാർ വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് 9 ആം ദിവസം വിസ്മയ, അച്ഛൻ ത്രിവിക്രമനോട് ‘ഇങ്ങനെ തുടരാൻ വയ്യെന്നും താൻ ആത്മഹത്യ ചെയ്തു പോകുമെന്നും’ കരഞ്ഞു പറയുന്ന ശബ്ദ സന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നു.
സമാനമായ ഏതാനും ശബ്ദസന്ദേശം മരണത്തിന് ശേഷം പ്രചരിച്ചതോടെയാണ് വിസ്മയയുടെ ബന്ധുക്കൾ പരാതി നൽകിയതും കിരൺ അറസ്റ്റിലായതും. കിരണിനെ പിന്നീട് സർവീസിൽ നിന്നു പിരിച്ചു വിട്ടു. ഐ.ജി ഹർഷിത അട്ടല്ലൂരിയുടെ മേൽനോട്ടത്തിൽ 90 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി സെപ്തംബർ 10ന് കുറ്റപത്രം സമർപ്പിച്ചു. വിചാരണ തുടങ്ങിയത് ജനുവരി 10ന്. ഈ മാസം 18ന് പൂർത്തിയായി. വിചാരണ അന്തിമഘട്ടത്തിലെത്തിയിരുന്ന സാഹചര്യത്തിൽ സുപ്രീംകോടതി ഒരുമാസം മുമ്പ് കിരണിന് ജാമ്യം അനുവദിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us