പ്രമുഖ സാഹിത്യകാരനായിരുന്ന അമ്പാടി ബാലകൃഷ്ണന്‍ നായരുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പ്രഥമ അമ്പാടി ബാലകൃഷ്ണന്‍ പുരസ്‌കാരം സാഹിത്യകാരന്‍ എസ്.പി. നമ്പൂതിരിക്ക് ലഭിച്ചു. മീനച്ചില്‍ താലൂക്കിലെ ഏറ്റവും ശ്രദ്ധേയരായ ഗ്രന്ഥകര്‍ത്താക്കള്‍ക്കാണ് ഈ പുരസ്‌കാരം നല്‍കുന്നത്. 5000 രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനിക്കുന്നത്.
ഏഴാച്ചേരി നാഷണല്‍ ലൈബ്രറിയുടെ സ്ഥാപക പ്രവര്‍ത്തകനും ഗ്രന്ഥാകരനുമായിരുന്ന അമ്പാടി ബാലകൃഷ്ണന്റെ പേരില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം നാഷണല്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തിലാണ് സമ്മാനിക്കുന്നത്.
കേരള പൊതുമരാമത്ത് വകുപ്പില്‍ ഉദ്യോഗസ്ഥന്‍, സതേണ്‍ റെയില്‍വേയില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അമ്പാടി ബാലകൃഷ്ണന്‍ പ്രകൃതി ചികിത്സയുടെയും യോഗയുടെ വലിയ പ്രചാരകനായിരുന്നു. മരണപത്രം (നാടകം), ശില്പി (നോവല്‍), പ്രവാചകന്‍ (ഖലീല്‍ ജിബ്രാന്റെ കാവ്യപരിഭാഷ), ഹിമാദ്രിതുംഗശൃംഗം (യാത്രാവിവരണം), വിവേകാനന്ത സൂക്തങ്ങള്‍, രോഗരഹിത ജീവിതം, സുഖകരമായ വാര്‍ദ്ധക്യം (ആരോഗ്യശാസ്ത്രം) എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. നിരവധി റേഡിയോ നാടകങ്ങള്‍, ചെറുകഥകള്‍, യാത്രാവിവരണങ്ങള്‍ എന്നിവയും എഴുതിയിട്ടുണ്ട്.
അവാര്‍ഡ് ജേതാവായ എസ്.പി. നമ്പൂതിരി കവി, എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്. നവലോകം പത്രാധിപ സമിതിയില്‍ അംഗമായിരുന്നു. ഇ.എം.എസ്., എ.കെ.ജി., സി. ഉണ്ണിരാജ, എന്‍.ഇ. ബലറാം, സി. അച്യുതമേനോന്‍, വയലാര്‍ രാമവര്‍മ്മ എന്നിവരുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന ആളാണ്. ആകാശവാണിയിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും നിരവധി കഥകളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുള്ള എസ്.പി. നമ്പൂതിരി കുറിച്ചിത്താനം സ്വദേശിയാണ്.
മെയ് 29 ന് രാവിലെ 9.30 ന് ഏഴാച്ചേരി നാഷണല്‍ ലൈബ്രറി ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ മാണി സി. കാപ്പന്‍ എം.എല്‍.എ. എസ്.പി. നമ്പൂതിരിക്ക് അമ്പാടി ബാലകൃഷ്ണന്‍ പുരസ്‌കാരം സമര്‍പ്പിക്കും.
റെയില്‍വെ ജീവിതകാലത്തെ പശ്ചാത്തലമാക്കി അമ്പാടി ബാലകൃഷ്ണന്‍ എഴുതിയ "കരിമഷിക്കോലങ്ങള്‍ " എന്ന നോവല്‍ സമ്മേളനത്തില്‍ പ്രകാശനം ചെയ്യും. പ്രമുഖ സാംസ്‌കാരിക സാമൂഹ്യ നേതാക്കള്‍പങ്കെടുക്കും.