Advertisment

തൃക്കാക്കര തെരഞ്ഞെടുപ്പ് ചൂടിനിടയില്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത ! സര്‍ക്കാരിലെ ഉന്നതരെ സ്വാധീനിച്ച് കേസ് അട്ടിമറിച്ചതെന്ന നടിയുടെ ആരോപണം ഗൗരവം തന്നെ. നടിക്കൊപ്പം നിന്ന പിടി തോമസിന്റെ ഒഴിവിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇനി ഇടതുപക്ഷം നേരിടേണ്ടി വരിക സ്ത്രീ വിരുദ്ധ സര്‍ക്കാരെന്ന ആരോപണം കൂടി ! നടിയുടെ ആരോപണം ചര്‍ച്ചയാക്കാന്‍ യുഡിഎഫും. തൃക്കാക്കരയില്‍ സര്‍ക്കാര്‍ നേരിടുക ഇനി കനത്ത വെല്ലുവിളി തന്നെ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി നടിയെ ആക്രമിച്ച കേസിലെ അതിജീവിത. കേസ് അട്ടിമറിച്ച് ദിലീപിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന ഗുരുതര ആരോപണമാണ് ആക്രമിക്കപ്പെട്ട നടി തന്നെ ഉന്നയിക്കുന്നത്. ഇതോടെ സര്‍ക്കാര്‍ കടുത്ത കടുത്ത പ്രതിസന്ധിയിലാകുകയാണ്.

നടിയെ ആക്രമിച്ച കേസിലെ ഉന്നത ബന്ധങ്ങള്‍ പോലും അവഗണിച്ച് അതിജീവിതയ്‌ക്കൊപ്പം നിന്നതാണ് പിടി തോമസ് എംഎല്‍എ. എക്കാലവും അതിജീവിതയെ സഹായിക്കുന്ന നിലപാടായിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നത്. പിടി തോമസ് ആ വിഷയത്തില്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ ഇന്ന് ആ കേസിന്റെ ഗതി തന്നെ മാറുമായിരുന്നു.

അത്തരമൊരു നിര്‍ണായകമായ ഇടപെടല്‍ നടത്തിയ പിടി തോമസിന്റെ നിര്യാണത്തോടെ വന്ന ഒഴിവില്‍ മറ്റൊരു തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നതിനിടെയാണ് നടി തന്നെ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി രംഗത്ത് വന്നത്. സര്‍ക്കാരിലെ ഉന്നതരുടെ ഇടപെടലാണ് കേസിലെ പുനരന്വേഷണം അട്ടിമറിക്കുന്നതിലേക്ക് എത്തിയതെന്നാണ് നടി തന്നെ പറയുന്നത്.

സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് നാഴിക്ക് നാല്‍പ്പതുവട്ടം പറയുന്ന ഇടതു സര്‍ക്കാരിനെതിരെ നടി തന്നെ രംഗത്ത് വന്നതോടെ ഇടതുപക്ഷത്തോടൊപ്പമെന്ന് പറയുന്ന ചില സാംസ്‌ക്കാരിക നായകരും പ്രതിസന്ധിയിലായി. ഇതു ആയുധമാക്കാന്‍ പ്രതിപക്ഷവും രംഗത്തുണ്ട്.

ആക്രമിക്കപ്പെട്ട നടി വളരെ ഗുരുതരമായ ആരോപണമാണ് സര്‍ക്കാരിനെതിരെ ഉന്നയിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു കഴിഞ്ഞു. സി പി എം നേതാക്കള്‍ ഇടനില നിന്നുവെന്ന ആരോപണം നടി ഉയര്‍ത്തുന്നു.

സമാന്തരമായ അന്വേഷണം വേണം. ഇടനിലക്കാരായ സി പി എം നേതാക്കളുടെ പേര് പുറത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നടി ആക്രമിക്കപ്പെട്ട കേസ് പാതി വെന്ത നിലയിലാണ് കോടതിയിലെത്തിയതെന്ന് വിഡി കുറ്റപ്പെടുത്തി. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ത്രീ വിരുദ്ധ സര്‍ക്കാരാണ്. മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വുമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ നിലപാടുകള്‍ക്കെതിരെ പരസ്യമായി സര്‍ക്കാര്‍ നിലകൊള്ളുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വരണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു. കേസില്‍ ഇടനില നിന്നത് ആരാണെന്ന് കൃത്യമായി അറിയാം. തെളിവുകളുടെ പിന്‍ബലത്തില്‍ അക്കാര്യം തുറന്നു പറയുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment