ഐപിസി 306, 304 (B), 498 (A), ഒപ്പം സ്ത്രീധന പീഡനവും; വിസ്മയ കേസിൽ കിരണിന് ഇന്ന് ശിക്ഷാ വിധി

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

കൊല്ലം: നിലമേല്‍ സ്വദേശിനി വിസ്മയ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കേസില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞ ഭര്‍ത്താവ് കിരണ്‍ കുമാറിനുള്ള ശിക്ഷ കോടതി ഇന്ന് വിധിക്കും. കേസില്‍ കിരണ്‍ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി വിധിച്ചിരുന്നു.

Advertisment

ഏഴു വര്‍ഷം മുതല്‍ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍ കിരണ്‍ ചെയ്തിട്ടുണ്ടെന്നാണ് കോടതി വിലയിരുത്തല്‍. രാവിലെ പതിനൊന്നു മണിയോടെ കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ശിക്ഷയെ കുറിച്ചുളള വാദം തുടങ്ങും. ഉച്ചയോടെ കോടതി വിധി പ്രഖ്യാപിക്കാനാണ് സാധ്യത. കിരണിന് ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന ആവശ്യമാകും പ്രോസിക്യൂഷന്‍ ഉന്നയിക്കുക.

പ്രായം പരിഗണിച്ച് ശിക്ഷയില്‍ ഇളവു നല്‍കണമെന്നാകും പ്രതിഭാഗത്തിന്റെ വാദം. സ്ത്രീധന പീഡനവും ആത്മഹത്യ പ്രേരണയും ഉള്‍പ്പെടെ വിസ്മയയുടെ ഭര്‍ത്താവ് കിരണിനെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങളെല്ലാം നില നില്‍ക്കുന്നതാണെന്ന് ചൂണ്ടികാട്ടിയാണ് കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ഇന്നലെ വിധി പുറപ്പെടുവിച്ചത്.

കിരണ്‍ കുമാറിനെതിരെ പൊലീസ് ചുമത്തിയ ഏഴ് കുറ്റങ്ങളില്‍ അഞ്ചും നിലനില്‍ക്കുമെന്ന് കോടതി പറഞ്ഞിരുന്നു. ഐപിസി 304 (B), ഗാര്‍ഹിക പീഡനത്തിനെതിരായ 498 (A), ആത്മഹത്യാ പ്രേരണയ്‌ക്കെതിരായ ഐപിസി 306 വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ 3, 4 വകുപ്പുകളുമാണ് കോടതി ശരിവച്ചത്. ഐപിസി 506, 323 വകുപ്പുകള്‍ മാത്രമാണ് തള്ളിക്കളഞ്ഞത്. കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ കിരണ്‍ കുമാറിന്റെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഇയാളെ ജയിലിലേക്ക് മാറ്റി.

Advertisment