ഏഴാച്ചേരി ഗ്രാമത്തില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വ്വീസിലേക്ക് കടന്ന അര്‍ജ്ജുന്‍ ഉണ്ണികൃഷ്ണനെ അനുമോദിക്കാനും ആശംസകള്‍ നേരാനും യുവ ഐ.പി.എസ്. ഓഫീസറും പാലാ എ.എസ്.പിയുമായ നിധിന്‍രാജ് എത്തി. ഇന്നലെ ഉച്ചയോടെ അര്‍ജ്ജുന്‍ ഉണ്ണികൃഷ്ണന്റെ ഏഴാച്ചേരി കാവുങ്കല്‍ വീട്ടിലെത്തിയ എ.എസ്.പി. നിധിന്‍രാജ് ആദ്യം അര്‍ജ്ജുന് സ്നേഹോപഹാരം സമ്മാനിച്ചു.
സിവില്‍ സര്‍വ്വീസ് പരീക്ഷയിലെ 145-ാം റാങ്ക് മികച്ച വിജയമാണെന്നും ഐ.എ.എസിലേക്ക് വരാന്‍ കൂടുതല്‍ ഉത്സാഹത്തോടെ പഠിക്കണമെന്നും നിധിന്‍രാജ് അര്‍ജുന്‍ ഉണ്ണികൃഷ്ണനെ ഉപദേശിച്ചു. കഠിനമായ പരിശ്രമം അര്‍ജ്ജുന് എന്തായാലും അടുത്ത പരീക്ഷയില്‍ മികച്ചവിജയം ഉണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും എ.എസ്.പി. നിധിന്‍രാജ് കൂട്ടിച്ചേര്‍ത്തു.
2018-ല്‍ 210-ാം റാങ്കോടെയാണ് നിധിന്‍രാജ് സിവില്‍ സര്‍വ്വീസിലേക്ക് കടന്നുചെന്നത്. 26-കാരനായ നിധിന്‍രാജ് ബി.ടെക്കിന് ശേഷമാണ് സിവില്‍ സര്‍വ്വീസിലേക്ക് എത്തിയത്. അര്‍ജ്ജുന്‍ ഉണ്ണികൃഷ്ണനും ബി.ടെക്കിന് ശേഷമാണ് സിവില്‍ സര്‍വ്വീസിലേക്ക് പോയത്. 145-ാം റാങ്കിന് ഐ.പി.എസ്. ഉറപ്പായിരുന്നെങ്കിലും പൊക്കക്കുറവ് അര്‍ജ്ജുന്റെ പോലീസ് സേവന മോഹത്തിന് തടയിട്ടു. ഐ.പി.എസ്. ലഭിക്കാന്‍ ഏറ്റവും കുറഞ്ഞത് 165 സെ.മീ. ഉയരം വേണം. എന്നാല്‍ അര്‍ജ്ജുന് 160 സെ.മീ. ഉയമാണുള്ളത്.
പോലീസ് സര്‍വ്വീസ് പോലെ തന്നെ ഐ.എ.എസിനെയും അര്‍ജ്ജുന്‍ ഇഷ്ടപ്പെടുന്നു. അതുകൊണ്ടുതന്നെ വീണ്ടും മാര്‍ക്ക് മെച്ചപ്പെടുത്തി ഐ.എ.എസ്. സ്വപ്നം പൂവണിയിക്കുന്നതിനുള്ള കഠിനശ്രമത്തിലാണീ 27-കാരന്‍.