കൊച്ചി: സമീപ കാലങ്ങളിലൊന്നും ഇല്ലാത്തതുപോലെ സൈബറിടം ഇത്രയധികം ഉപയോഗിച്ച ഒരു തെരഞ്ഞെടുപ്പാണ് തൃക്കാക്കരയില്‍ നടന്നത്. സ്ഥാനാര്‍ത്ഥികളുടെ എല്ലാം വിശേഷങ്ങളും പ്രവര്‍ത്തനങ്ങളും അറിഞ്ഞത് പലപ്പോഴും പാര്‍ട്ടികളുടെ ഔദ്യോഗികവും അനൗദ്യോഗികവുമായ സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ വഴിയായിരുന്നു. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഇടതു സ്ഥാനാര്‍ത്ഥിയായ ഡോ. ജോ ജോസഫിനെ ട്രോളികൊണ്ട് പല കുറിപ്പുകളും വന്നിരുന്നു.
പലതും കോണ്‍ഗ്രസ് അനുകൂല പ്രൊഫൈലുകളില്‍ നിന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത് 'കോണ്‍ഗ്രസ് സൈബര്‍ ടീം' എന്ന പേജില്‍ വന്ന കുറിപ്പാണ്. തൃക്കാക്കരയില്‍ നടന്നത് തെരഞ്ഞെടുപ്പ് പോരാട്ടം മാത്രമാണെന്നും ഡോ. ജോ ജോസഫ് പച്ചയായ മനുഷ്യന്‍ ആണെന്നും വ്യക്തിപരമായി ഒരു കോണ്‍ഗ്രസുകാരനും അദ്ദേഹത്തോട് വിരോധമില്ലെന്നും ഫെയ്‌സ്ബുക് കുറിപ്പില്‍ പറയുന്നു.
പ്രചാരണ സമയത്ത് എന്തെങ്കിലും വിഷമം തോന്നിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിച്ചാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക പേജ് അല്ല ഇത്. പക്ഷേ കടുത്ത കോണ്‍ഗ്രസ് അനുഭാവികളാണ് പേജ് നിയന്ത്രിക്കുന്നത് എന്നത് മുന്‍ പോസ്റ്റുകളില്‍ നിന്നും വ്യക്തമാണ്.
ടീം സൈബര്‍ കോണ്‍ഗ്രസിന്റെ കുറിപ്പ് ഇങ്ങനെ :
" ഡോ.ജോ ജോസഫ് ഒരു നിഷ്‌കളങ്കന്‍ ആയിരുന്നിരിക്കാം. കാരണം അദ്ദേഹത്തിന്റെ വാക്കുകളില്‍ നാക്കുപിഴകള്‍ ഉണ്ടായിരുന്നു, അദ്ദേഹത്തിന്റെ സംസാരങ്ങളില്‍ പെരുമാറ്റങ്ങളില്‍ ഒരു തിടുക്കം, ആവലാതി നമ്മള്‍ കണ്ടിട്ടുണ്ട്. താങ്കള്‍ നല്ലൊരു മനുഷ്യനാണ്. പച്ചയായ മനുഷ്യന്‍, രാഷ്ട്രീയ എതിരാളി എന്നതില്‍ കവിഞ്ഞ് ഒരു കൊണ്‍ഗ്രസുകാരനും വ്യക്തി വിരോധമില്ലാത്ത ഒരു മനുഷ്യന്‍. അപമാന ഭാരത്താല്‍ തല കുനിച്ചല്ല തല നിവര്‍ത്തി അഭിമാനത്തോടെ ജീവിക്കുക.
ഈ മണ്ണ് ജയിച്ചവന്റെ മാത്രമല്ല തോറ്റവന്റേതു കൂടിയാണ്. നിങ്ങള്‍ നല്ലൊരു മനുഷ്യനാണ്. നിങ്ങളെ വേദന അനുഭവിക്കുന്നവര്‍ക്ക് ആവശ്യമുണ്ട്. എന്തെങ്കിലും ഞങ്ങളുടെ വശത്തുനിന്ന് വിഷമം ഉണ്ടാക്കി എങ്കില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. അതാണ് ഞങ്ങളുടെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്‌കാരവും ഞങ്ങളെ പഠിപ്പിച്ചതും. ദൈവം നിങ്ങളുടെ കുടുംബത്തെയും നിങ്ങളുടെ പ്രവര്‍ത്തനങ്ങളെയും അനുഗ്രഹിക്കട്ടെ.