ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് കവര്‍ച്ച; ആലുവയില്‍ മോഷണം പോയത് 37.5 പവന്‍ സ്വര്‍ണവും, 1.80 ലക്ഷം രൂപയും! നടന്നത് വന്‍ തട്ടിപ്പ്‌

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: ആലുവയിൽ ആദായ നികുതി ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ സംഘം സ്വർണവും പണവും കവർന്നു. ആലുവ ബാങ്ക് കവലയിൽ താമസിക്കുന്ന സ‍ഞ്ജയിയുടെ വീട്ടിൽ നിന്നും 37.5 പവൻ സ്വർണവും 1.80 ലക്ഷം രൂപയുമാണ് നാലംഗ സംഘം തട്ടിയെടുത്തത്.

ഇയാളുടെ വീട്ടിലെത്തിയ നാലംഗസംഘം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് അറിയിക്കുകയും വീട്ടില്‍ പരിശോധന നടത്തി സ്വര്‍ണവും പണവും തട്ടിയെടുക്കുകയുമായിരുന്നു. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.

ആദായനികുതി വകുപ്പില്‍നിന്നാണെന്നും റെയ്ഡിന് വന്നതാണെന്നുമാണ് ഇവര്‍ അറിയിച്ചത്. തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചപ്പോള്‍ മൊബൈല്‍ഫോണില്‍ ചില രേഖകള്‍ കാണിച്ചു. തുടർന്ന് ഫോണെല്ലാം വാങ്ങിവച്ച് വീട്ടുകാരെ സ്വീകരണമുറിയിലിരുത്തി സംഘം വീട്ടിൽ പരിശോധന തുടങ്ങി. 37.5 പവൻ സ്വർണം, 1,80,000 രൂപ, നാല് ബാങ്ക് പാസ്ബുക്കുകൾ, ആധാൻ, പാൻ തുടങ്ങിയ രേഖകൾ വീട്ടിൽ നിന്ന് കണ്ടെത്തി.

പോകും വഴി വീട്ടിലെ സിസിടിവി ഡിവിആറും സംഘം കൈക്കലാക്കി. നാലംഗ സംഘം പോയതിന് ശേഷം ഇവർ നൽകിയ മൊബൈൽ നമ്പറിൽ വിളിച്ചപ്പോൾ തൃശൂർ അയ്യന്തോൾ സ്വദേശിയാണ് ഫോണെടുത്തത്. തട്ടിപ്പ് മനസ്സിലായ ഉടൻ സഞ്ജയ് പൊലീസിൽ വിവരം അറിയിച്ചു.

അതേസമയം, ഡി.വി.ആര്‍. കവര്‍ച്ചക്കാര്‍ കൈക്കലാക്കിയെങ്കിലും മൊബൈലില്‍നിന്ന് ചില സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ സഞ്ജയ് പോലീസിന് കൈമാറി. സംഭവത്തില്‍ ആലുവ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Advertisment