ബലിയിടാൻ കറുകയും അരിയും മാത്രമല്ല മോനേ ഉള്ളത്; അതിനായി ഓർമകളുണ്ട്, ഇഷ്ട്ടങ്ങളുണ്ട്, ശീലങ്ങളുണ്ട്! ഉമയും അവളുടെ ഇഷ്ടത്തിന് അതു ചെയ്യട്ടെ.. സമാധാനത്തിന് സഹായിക്കുന്ന എന്തും-ഉമ തോമസിന് പിന്തുണയുമായി മുൻ സ്പീക്കർ ജി.കാർത്തികേയന്‍റെ ഭാര്യ എം.ടി.സുലേഖ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: പി.ടി.തോമസിന് ഭക്ഷണം മാറ്റിവയ്ക്കുന്നുവെന്ന് പറഞ്ഞതിന് സൈബർ ആക്രമണം നേരിടുന്ന ഉമ തോമസിന് പിന്തുണയുമായി മുൻ സ്പീക്കർ ജി.കാർത്തികേയന്‍റെ ഭാര്യ എം.ടി.സുലേഖ. സമാധാനത്തിന് സഹായിക്കുന്ന എന്താണെങ്കിലും അത് ഉമ ചെയ്തോട്ടെയെന്നും അവരെ വിമർശിക്കുന്നത് ശരിയല്ലെന്നും സുലേഖ പറഞ്ഞു. തിരുവനന്തപുരം വിമൻസ് കോളജ് അസി.പ്രഫസർ രജിത് ലീല രവീന്ദ്രൻ എഴുതിയ ഫെയ്സ്ബുക് കുറിപ്പിനു താഴെയാണു തന്റെ നിലപാട് സുലേഖ കമന്റ് ചെയ്തത്.

രജിത് ലീല രവീന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്:

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണം കത്തി നിൽക്കുന്ന ദിവസങ്ങളിലൊന്നിലാണ് ഞാൻ എന്റെ സുഹൃത്തിന്റെ വീട്ടിൽ ഉച്ചഭക്ഷണത്തിനു പോയത്. അവനും അവന്റെ അമ്മയും മാത്രമേ വീട്ടിലുള്ളൂ. ഞങ്ങൾ മൂന്നു പേരും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ തെരഞ്ഞെടുപ്പ് ചർച്ചയായി. യു ഡി എഫ് സ്ഥാനാർഥി ഉമ തോമസ് ഒരു പ്ലേറ്റിൽ മരണപ്പെട്ട ഭർത്താവിനായി ഭക്ഷണം മാറ്റിവെച്ചത് 'ഓവർ' ആയി പോയി എന്ന് അവൻ അഭിപ്രായപ്പെട്ടു. ഞാനും അത് ശരി വെച്ചു. എന്നാൽ അവന്റെ അമ്മ പറഞ്ഞത് നിങ്ങളുടെ രണ്ടുപേരുടെയും ജീവിതമായിരിക്കില്ല അവരുടേത്, പിന്നെങ്ങനെയാണ് നിങ്ങൾക്ക് ഇത്തരം കാര്യങ്ങളിൽ തീർപ്പ് കൽപ്പിക്കാനാവുക എന്നായിരുന്നു.

ഇവന്റെ അച്ഛൻ മരിച്ചിട്ട് എത്രയോ വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും വരാന്തയിലും, മുറ്റത്തും ഈ ഊണുമേശയിലുമൊക്കെ ആളുടെ സാന്നിധ്യം എനിക്ക് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്.ഉമയുടെ ഭർത്താവ് മരിച്ചിട്ട് ആറുമാസം പോലും തികഞ്ഞിട്ടില്ല. മറഞ്ഞു പോയത് അത്രയും പ്രിയപ്പെട്ട ഒരാളാകുമ്പോൾ അവർക്ക് വേണ്ടി നമ്മൾ മറ്റുള്ളവർക്ക് മണ്ടത്തരമെന്നോ, പൊട്ടത്തരമെന്നോ തോന്നുന്ന കാര്യങ്ങൾ പോലും ചെയ്തെന്നു വരും. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായെന്നോ, ക്യാമറയുണ്ടെന്ന് വെച്ചോ അത് നിർത്താൻ പറ്റില്ല. നിങ്ങൾക്കൊന്നും ഒരുപക്ഷേ ഈ ജീവിതത്തിൽ അത് മനസ്സിലാവുകയില്ല. പക്ഷേ അത് എനിക്ക് മനസ്സിലാകും. അമ്മയുടെ ശബ്ദം ഇടറുന്നതും, കണ്ണിൽ കണ്ണുനീരിന്റെ ആരംഭവും കണ്ടപ്പോൾ ഞങ്ങൾ ഇരുവരും വിഷയം മാറ്റാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.

അവിടെനിന്നും വീട്ടിലേക്ക് മടങ്ങിയെത്തിയത് അഷിതയെ കുറിച്ചുള്ള 'അഷിതോർമ്മ'എന്ന പുസ്തകത്തിലേക്കാണ്. രോഗങ്ങൾ ഭൂമിയിൽനിന്ന് അകാലത്തിൽ കവർന്നെടുത്ത അഷിത എന്ന അതുല്യ കഥാകാരിയുടെ മകൾ ഉമ അമ്മയെ കുറിച്ചോർക്കുന്നുണ്ട് ഈ പുസ്തകത്തിൽ. അവരെഴുതുന്നു,

"അമ്മയില്ലാത്ത എന്റെ ആദ്യത്തെ മഴയല്ലേ ഇത്.അമ്മയ്ക്കോർമ്മയുണ്ടോ ഓരോ വേനലിനും നമ്മളൊരുമിച്ചുള്ളപ്പോൾ ആദ്യത്തെ മഴയ്ക്കായി കാർമേഘം നോക്കിനോക്കി ഇരുന്നിരുന്നത്... ഒരു കറുത്തപൊട്ടെങ്ങാനും ആകാശത്ത് കണ്ടാൽ ഉള്ളിലൊരു പ്രത്യാശയുടെ നീരുറവ പൊട്ടും,നമ്മൾ രണ്ടാൾക്കും. ഇടി വെട്ടിയാലോ,കൊച്ചുകുഞ്ഞുങ്ങളെ പോലെ സോഫയുടെ മറവിൽ ഒളിക്കും. അമ്മയ്ക്ക് ഇടിയെ പേടി ആയിരുന്നല്ലോ. എനിക്ക് പേടി കുറവായിരുന്നു.
ഇപ്പോൾ ഈ മഴ നോക്കി ഞാൻ ഒറ്റയ്ക്കിരിക്കുകയാണ്.മഴയായി പെയ്തെന്നെ പുൽകുന്നത് അമ്മ തന്നെയല്ലേ. ഞാൻ ഒറ്റയ്ക്കല്ല. ഇനി എന്റെ ജീവിതത്തിലുള്ള ഓരോ കാറ്റും മഴയും നിലാവും എല്ലാം അമ്മ തന്നെ. അത്രമാത്രം അമ്മയിൽ ലയിച്ചിരിക്കുന്നു എന്റെ ആത്മാവ്."

അതാണ് ,ഓരോ മനുഷ്യരുടെയും ജീവിതങ്ങൾ വ്യത്യസ്തമായിരുന്നു. അവർ നടന്നുവന്ന വഴികൾ, കൊണ്ട വെയിലുകൾ, ചവിട്ടി കയറിയ കനലുകൾ, അതിനിടയിലെല്ലാം തീക്ഷ്ണമായി ജ്വലിച്ചുകൊണ്ടിരുന്ന അവർ തമ്മിലുള്ള സ്നേഹം. ഇതൊന്നും അറിയാതെ നമ്മളെങ്ങനെയാണ് മറ്റുള്ളവരുടെ ജീവിതത്തിന്റെ വിധികർത്താക്കളാവുക.
ലാൽ ജോസിന്റെ 'മ്യാവു' എന്ന സിനിമയുടെ അവസാന രംഗങ്ങളിൽ സൗബിന്റെ ദസ്ഥഗീർ തന്റെ ജീവിതത്തിന് മാർക്കിടുന്ന ആളിനോട് പറയുന്നത് എത്ര കൃത്യമാണ്. " നീ നിനക്കിഷ്ടമുള്ളത് പോലെ ജീവിക്കൂ അർമാനെ, മറ്റുള്ളവർ അവർക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കട്ടെ. ഇത്തിരി ദയയുണ്ടായാൽ മതി, മറ്റുള്ളവരുടെ വിശ്വാസത്തോട് ഇത്തിരി റെസ്പെക്ടും. അത്രയേ ആവശ്യമുള്ളൂ. ലോകം നന്നായിക്കൊള്ളും. "

എംടി സുലേഖയുടെ കമന്റ്‌:

ഇതൊന്നും, ഈ ബന്ധങ്ങളുടെ ഇഴയടുപ്പമൊന്നും പലർക്കും മനസ്സിലാവില്ല... നഷ്ടപ്പെടലിന്റെ ആദ്യ ആഴ്ചയിലെ മരവിപ്പ്, എവിടെയൊക്കെയോ ഇപ്പോഴും കൂടെയുണ്ടെന്ന തോന്നൽ... കുറച്ചു കഴിഞ്ഞു ആ സത്യവുമായി പൊരുത്തപ്പെട്ടുകഴിയുമ്പോൾ,അതുവരെ ഹൃദയത്തിന് പുറത്തിരുന്ന കരിങ്കല്ല് ഹൃദയത്തിന് ഉള്ളിലേക്കു ഇറങ്ങുകയാണ്.. താങ്ങാൻ കഴിയാതാവൽ അപ്പോൾ കൂടുന്നതേയുള്ളൂ...

പുറത്തുള്ളവർക്ക് അതു മനസ്സിൽ ആവില്ല എന്നു മാത്രം... തിരുവനന്തപുരത്തു ഏതു സിനിമ ഇറങ്ങിയാലും, ഞങ്ങളെ കണ്ടില്ലെങ്കിൽ തീയേറ്റർകാർ ജികെ യെ വിളിക്കും.. സാറിനെയും ടീച്ചറിനെയും കണ്ടില്ലല്ലോ എന്ന അന്വേഷണവുമായി.. ഞാൻ കണ്ടയത്ര സിനിമ എന്റെ പ്രായക്കാരികൾ ആരും തന്നെ കണ്ടിരിക്കാനിടയില്ല... ജികെ പോയപ്പോൾ ഞാൻ തീയേറ്ററിനെ ഉപേക്ഷിച്ചു. ശബരി യുടെ നിർബന്ധത്തിൽ വല്ലപ്പോഴും ആമസോണിലോ ഹോട്സ്റ്ററിലോ അവൻ ഇട്ടു തരുന്ന സിനിമ കണ്ടാലായി...

ബ്രേക്ക്‌ ഫാസ്റ്റ് മുതൽ മീനും ഇറച്ചിയും ആസ്വദിച്ചിരുന്നു ഞങ്ങൾ. ഇല്ലാതെ പറ്റില്ല എന്ന അവസ്ഥ.. രോഗം പിടിമുറുക്കിയ കാലം മുതൽ, ദാ, ഇപ്പോൾ വരെ ഞാൻ വെജ് ആണ്.. ഇനി ജന്മം മുഴുവനും..ബലിയിടാൻ കറുകയും അരിയും മാത്രമല്ല മോനേ ഉള്ളത്..അതിനായി ഓർമകളുണ്ട്... ഇഷ്ട്ടങ്ങളുണ്ട്.. ശീലങ്ങളുണ്ട്.... ഉമയും അവളുടെ ഇഷ്ടത്തിന് അതു ചെയ്യട്ടെ.. സമാധാനത്തിന് സഹായിക്കുന്ന എന്തും.. അതു ഏതോ ഒരു നിമിഷത്തിൽ പുറത്തുപറഞ്ഞതിൽ അവരെ വിമര്ശിക്കുന്നത് ശരിയല്ല..

Advertisment