തൃപ്പൂണിത്തുറയില്‍ നിര്‍മാണത്തിലിരിക്കുന്ന പാലത്തില്‍ ബൈക്കിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: തൃപ്പൂണിത്തുറയില്‍ നിര്‍മാണത്തിലിരിക്കുന്ന പാലത്തില്‍ ബൈക്കിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറസ്റ്റില്‍. ബ്രിഡ്ജസ് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ വിനീത വര്‍ഗീസാണ് അറസ്റ്റിലായത്. മനഃപൂര്‍വമല്ലാത്ത നരഹത്യാക്കേസിലാണ് അറസ്റ്റ്. ഓവര്‍സിയറും കരാറുകാരനും നേരത്തേ അറസ്റ്റിലായിരുന്നു.

അറസ്റ്റ് രേഖപ്പെടുത്തി വിനീതയെ ജാമ്യത്തില്‍വിട്ടു. അന്ധകാരത്തോടിനു കുറുകെ പൊതുമരാമത്ത് വകുപ്പ് (പാലം വിഭാഗം) നിർമിക്കുന്ന പാലത്തിലാണു ശനി പുലർച്ചെ അപകടമുണ്ടായത്. പുതിയകാവ് ഭാഗത്തു നിന്നു ബൈക്കിൽ എത്തിയ എരൂർ സ്വദേശി വിഷ്ണു (28), സുഹൃത്ത് ആദർശ് (22) എന്നിവരാണ് അപകടത്തിൽപെട്ടത്. വിഷ്ണു മരിച്ചു. ഗുരുതരമായി പരുക്കേറ്റ ആദർശ് എറണാകുളത്തെ സ്വകാര്യ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഈ പാലത്തിന്റെ ഭാഗത്ത് വേണ്ട രീതിയില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതിരുന്നതാണ് അപകടത്തിന് കാരണമായതെന്നാണ് ആക്ഷേപം. നേരത്തെ സംഭവത്തില്‍ വിനീത ഉള്‍പ്പെടെ നാല് പേരെ അന്വേഷണവിധേയമമായി സസ്പെന്‍ഡ് ചെയ്തിരുന്നു. ചീഫ് എന്‍ജിനീയറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ഉത്തരവിട്ടത്.

സംഭവത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നു മുഹമ്മദ്‌ റിയാസ് പറഞ്ഞു. പണി നടക്കുന്ന സ്ഥലങ്ങളിൽ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നേരത്തേ തന്നെ നിർദേശം നൽകിയിട്ടുള്ളതാണ്. ഇതിൽ അനാസ്ഥ വരുത്തുന്നത് ഒരുതരത്തിലും വച്ചു പൊറുപ്പിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.

Advertisment